അഖിലേന്ത്യ ആണവവിരുദ്ധ കണ്വന്ഷന് ചീമേനിയില്‍
Friday, April 25, 2025 1:17 AM IST
കാസര്‍ഗോഡ്: അഖിലേന്ത്യ ആണവവിരുദ്ധ കണ്വന്ഷന് 26, 27 തീയതികളില്‍ ചീമേനിയില്‍ നടക്കും. ചെര്‍ണോബില്‍ ദിനമായ 26ന് ഉച്ചകഴിഞ്ഞു രണ്ടിനു ചീമേനി ധര്‍മശാസ്ത ക്ഷേത്ര ഓഡിറ്റോറിയത്തില്‍ ആണവ ശാസ്ത്രജ്ഞന് ഡോ. സുരേന്ദ്ര ഗഡേക്കര്‍ ഉദ്ഘാടനം ചെയ്യും.
ഡോ. സൗമ്യ ദത്ത, ഡോ. സാഗര്‍ ധാര, ഡോ. എസ്.പി. ഉദയകുമാര്‍, മീര സംഘമിത്ര, മുന്‍ കേന്ദ്ര ഊര്‍ജ വകുപ്പ് സെക്രട്ടറി ഇ.എ.എസ്. ശര്‍മ, ഡോ. എം.വി. രമണ, ഡോ. ശ്രീകുമാര്‍ എന്നിവര്‍ സംബന്ധിക്കും. 15 സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കും.
ചീമേനിയിലെ നിര്‍ദിഷ്ട ആണവനിലയ പദ്ധതി ഉപേക്ഷിക്കുക, ആണവ അപകടബാധ്യതാനിയമം ഭേദഗതിചയ്യാനുള്ള നീക്കം കേന്ദ്ര സർക്കാർ ഉപേക്ഷിക്കുക, സ്വകാര്യ ആണവ നിലയ സ്ഥാപനത്തിനായി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച ബജറ്റ് വിഹിതം റദ്ദാക്കുക, കേരളത്തില്‍ ആണവനിലയം സ്ഥാപിക്കില്ലെന്ന് സംസ്ഥാനസര്‍ക്കാര്‍ അസന്നിഗ്ധമായി പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമ്മേളനം നടക്കുന്നത്.
സൗരോജ ഉത്പാദനത്തിനുള്ള സാധ്യത ഇനിയും നിലനില്‍ക്കുന്നുണ്ട്. അപകടസാധ്യത കുറഞ്ഞതും പരിസ്ഥിതി സൗഹൃദപരമായതും ആഗോള താപനം തടയുന്നതുമായ വൈദ്യുത പദ്ധതികള്‍ ആരംഭിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
പത്രസമ്മേളനത്തില്‍ ഡോ. ഡി. സുരേന്ദ്രനാഥ്, എന്‍. സുബ്രഹ്മണ്യന്, കരിമ്പില്‍ കൃഷ്ണ്ൻ, ഐ.എം. ദാമോദരന്‍, സുഭാഷ് ചീമേനി, വി.കെ. രവീന്ദ്രന്, മേരി ഏബ്രഹാം, ടി.വി. രാജേന്ദ്രന് എന്നിവര്‍ സംബന്ധിച്ചു.