ശബരിമല നട തുറന്നു ; മണ്ഡലകാല തീർഥാടനത്തിനു തുടക്കം
Saturday, November 16, 2024 1:05 AM IST
ശബരിമല: മണ്ഡലകാലത്തിനു തുടക്കംകുറിച്ച് ശബരിമല ശ്രീധർമശാസ്താ ക്ഷേത്രനട തുറന്നു. കാത്തുനിന്ന അയ്യപ്പഭക്തർക്ക് ദർശന സായൂജ്യമേകി പതിവിലും ഒരു മണിക്കൂർ നേരത്തേതന്നെ ഇക്കുറി നട തുറന്നു. ശരണം വിളികളോടെ ഭക്തസഹസ്രങ്ങൾ ഇരുമുടിക്കെട്ടുമേന്തി പിന്നാലെ പതിനെട്ടാംപടി ചവിട്ടി. അയ്യപ്പഭക്തരുടെ നിലയ്ക്കാത്ത പ്രവാഹം ഇനിയുള്ള ദിനരാത്രങ്ങൾ ശബരിമലയിലേക്കുണ്ടാകും.
ഇന്നലെ വൈകുന്നേരം നാലിന് തന്ത്രിമാരായ കണ്ഠര് രാജീവരുടെയും കണ്ഠര് ബ്രഹ്മദത്തന്റെയും സാന്നിധ്യത്തിൽ മേൽശാന്തി പി.എൻ. മഹേഷ് നമ്പൂതിരിയാണ് നട തുറന്നത്. ശബരിമല ക്ഷേത്രനട തുറന്നശേഷം മാളികപ്പുറത്ത് മേൽശാന്തി പി.ജി. മുരളിയും നട തുറന്നു.
പിന്നാലെ പതിനെട്ടാംപടി ഇറങ്ങി ശബരിമല മേൽശാന്തി ആഴിയിൽ അഗ്നി പകർന്നു. പതിനെട്ടാംപടിയുടെ താഴെ കാത്തുനിന്ന നിയുക്ത ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ കൈപിടിച്ച് പതിനെട്ടാം പടി തിരികെ കയറിയതിനു പിന്നാലെ അയ്യപ്പഭക്തരും പടി ചവിട്ടിത്തുടങ്ങി.
വൈകുന്നേരത്തോടെ ശബരിമലയിലെ പുതിയ മേൽശാന്തി എസ്. അരുൺകുമാർ നന്പൂതിരിയുടെ അഭിഷേക ചടങ്ങുകൾ സന്നിധാനത്തു നടന്നു. സോപാനത്ത് പ്രത്യേകം തയാറാക്കിയ പീഡത്തിലിരുത്തിയാണ് അഭിഷേകം നടത്തിയത്.
തന്ത്രി കണ്ഠര് രാജീവര് മുഖ്യകാർമികനായിരുന്നു. അഭിഷേക ചടങ്ങുകൾക്കുശേഷം ശ്രീകോവിലിനുള്ളിൽ കൊണ്ടുപോയി മൂലമന്ത്രം ചൊല്ലിക്കൊടുത്തു. പിന്നാലെ മാളികപ്പുറത്ത് പുതിയ മേൽശാന്തി ടി. വാസുദേവൻ നന്പൂതിരിയുടെ സ്ഥാനാഭിഷേകം നടന്നു. ഇനിയുള്ള ഒരുവർഷം ശബരിമല, മാളികപ്പുറം മേൽശാന്തിമാർ സന്നിധാനത്തു തങ്ങി പൂജാകർമങ്ങൾ നടത്തും.
രാത്രിയിൽ നട അടച്ച് താക്കോൽ ദേവസ്വം അധികൃതർക്കു കൈമാറിയതിനു പിന്നാലെ മേൽശാന്തിമാരായിരുന്ന മഹേഷ് നന്പൂതിരിയും മുരളി നന്പൂതിരിയും ചുമതലകൾ ഒഴിഞ്ഞു. കഴിഞ്ഞ ഒരുവർഷത്തെ പൂജകൾക്കുശേഷം ഇരുവർക്കും ഇനി മലയിറങ്ങാം.
ഇന്നു പുലർച്ചെ മൂന്നിന് പുതിയ മേൽശാന്തി എസ്. അരുൺകുമാർ നമ്പൂതിരി ശബരിമലയിലും വാസുദേവൻ നന്പൂതിരി മാളികപ്പുറത്തും നട തുറക്കും. വെർച്വൽ ക്യൂ മുഖേന പ്രതിദിനം 70,000 പേർക്കാണ് ദർശനം അനുവദിക്കുക. 10,000 പേർക്ക് തത്സമയ ബുക്കിംഗ് വഴിയും ദർശനം ലഭിക്കും.
ഇന്നലെ നട തുറക്കുന്പോൾ ദേവസ്വം മന്ത്രി വി.എൻ. വാസവൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, അംഗങ്ങളായ അഡ്വ. കെ. അജികുമാർ, സി.ജി. സുന്ദരേശൻ എന്നിവർ ശബരിമലയിലുണ്ടായിരുന്നു.