കോട്ടക്കല്‍ ആലിക്കല്‍ ഇരട്ടക്കൊല: പ്രതികളെ വെറുതേവിട്ടു
Saturday, November 16, 2024 1:05 AM IST
കൊച്ചി: കോട്ടക്കല്‍ ആലിക്കല്‍ ജുമാമസ്ജിദ് ഇരട്ടക്കൊലക്കേസിലെ ഒമ്പത് പ്രതികളെയും ഹൈക്കോടതി വെറുതേ വിട്ടു. സാക്ഷിമൊഴികള്‍ വിശ്വസനീയമല്ലെന്നും കുറ്റാരോപണങ്ങള്‍ സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്നും വിലയിരുത്തിയാണ് കോട്ടക്കല്‍ കുറ്റിപ്പുറം ആലിക്കല്‍ ജുമാമസ്ജിദില്‍ സഹോദരങ്ങളെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വെറുതെ വിട്ടത്.
മഞ്ചേരി അഡീ. സെഷന്‍സ് കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ച പ്രതികളായ അബ്ദു സുഫിയാന്, യൂസഫ് ഹാജി, മുഹമ്മദ് നവാസ്, ഇബ്രാഹിം കുട്ടി, മുജീബ് റഹിമാന്‍, സെയ്തലവി, അബ്ദു ഹാജി, മൊയ്തീന്‍കുട്ടി, അബ്ദുൾ റഷീദ്, ബീരാന് എന്നിവരെയാണ് ജസ്റ്റീസുമാരായ പി.ബി. സുരേഷ്കുമാര്‍, സി. പ്രദീപ് കുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് വെറുതെ വിട്ടത്. സെഷന്‍സ് കോടതി ഉത്തരവിനെതിരേ പ്രതികള്‍ നൽകിയ അപ്പീല്‍ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.
പള്ളിക്കമ്മിറ്റി അംഗങ്ങളുടെ അനുവാദമില്ലാതെ മഹല്ല് ഖാസിയെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന് 2008 ഓഗസ്റ്റ് 29നായിരുന്നു കൊലപാതകം. പുളിക്കല്‍ മുഹമ്മദ് ഹാജിയുടെ മക്കളായ അബ്ദു (45), അബൂബക്കര്‍ (50) എന്നിവരാണു കൊല്ലപ്പെട്ടത്. പരാതിക്കാരനായ അഹമ്മദ്കുട്ടിയെന്ന കുഞ്ഞാവ ഹാജിയും കൊല്ലപ്പെട്ട അബ്ദുവും അബൂബക്കറും ജുമുഅ നമസ്കാരത്തിനായി പള്ളിയിലെത്തിയതായിരുന്നു.
സംഘര്‍ഷത്തില്‍ 13 പേര്‍ക്ക് പരിക്കേറ്റിരുന്നു. കൊലപാതകം, കൊലപാതക ശ്രമം, മാരകായുധങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസെടുത്തത്. എന്നാല്‍, ആക്രമണത്തിനിടെ പ്രതികള്‍ക്ക് പരിക്കേറ്റതു സംബന്ധിച്ച് വ്യക്തമായ വിശദീകരണം പ്രോസിക്യൂഷന് നല്കാനായിട്ടില്ലെന്ന് ഡിവിഷന് ബെഞ്ച് വിലയിരുത്തി.