പ്രായപൂർത്തിയാകാത്ത ഭാര്യയുമായി സമ്മതമില്ലാതെയുള്ള ലൈംഗികബന്ധം ബലാത്സംഗമെന്നു ഹൈക്കോടതി
Saturday, November 16, 2024 1:05 AM IST
മുംബൈ: പതിനെട്ടു വയസിനു താഴെയുള്ള ഭാര്യയുടെ സമ്മതമില്ലാതെ ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് ബലാൽസംഗത്തിനു തുല്യമാണെന്നു ബോംബെ ഹൈക്കോടതി. സമാനരീതിയിലുള്ള കുറ്റകൃത്യത്തിനു പത്തു വർഷം തടവിന് വിധിക്കപ്പെട്ട 24കാരന്റെ ശിക്ഷാവിധി ശരിവച്ചു കൊണ്ടാണു പരാമർശം.
2021ൽ സെഷൻസ് കോടതി പുറപ്പെടുവിച്ച വിധിയെ ചോദ്യം ചെയ്തു കൊണ്ടു യുവാവ് സമർപ്പിച്ച അപ്പീൽ കോടതി തള്ളി. യുവതി തന്റെ ഭാര്യയായതിനാൽ ഇത് ബലാത്സംഗത്തിന്റെ പരിധിയിൽ വരില്ലെന്ന യുവാവിന്റെ വാദം കോടതി അംഗീകരിച്ചില്ല.
തന്റെ സമ്മതമില്ലാതെ തന്നെ പീഡിപ്പിക്കുകയും ഗർഭിണിയാക്കുകയും ചെയ്തു എന്നായിരുന്നു യുവതിയുടെ പരാതി. തന്നെ ഗർഭഛിദ്രത്തിനു നിർബന്ധിച്ചുവെന്നും പരാതിയിൽ പറയുന്നു.