ശബരിമലയില്‍ അരമണിക്കൂർ ഇടവിട്ട് അന്നദാന സൗകര്യം
Saturday, November 16, 2024 1:05 AM IST
കൊച്ചി: ശബരിമലയില്‍ പ്രഭാതഭക്ഷണവും പ്രാതലും അത്താഴവുമടക്കം അരമണിക്കൂര്‍ ഇടവിട്ട് മുഴുവന്‍ സമയവും അന്നദാനത്തിന് സൗകര്യമൊരുക്കിയതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചു.
സന്നിധാനത്തെ 1.4 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള അന്നദാന ഹാളില്‍ ഒരേസമയം 2,000 പേര്‍ക്കു ഭക്ഷണം കഴിക്കാനാകും. ഭക്ഷണം തയാറാക്കാനും വിളമ്പാനും മറ്റുമായി ആവശ്യത്തിനു ജീവനക്കാരുണ്ടെന്നും മേല്‍നോട്ടം വഹിക്കാന്‍ സ്പെഷല്‍ ഓഫീസറെ നിയമിച്ചിട്ടുള്ളതായും ബോര്‍ഡ് വ്യക്തമാക്കി.
രാവിലെ ആറു മുതല്‍ ഉപ്പുമാവ്, കടലക്കറി, ചുക്കുകാപ്പി, ചുക്കുവെള്ളം എന്നിവയാണു പ്രഭാതഭക്ഷണം. ഉച്ചയ്ക്ക് 12 മുതല്‍ പൊന്നിയരി ചോറ്, സാമ്പാര്‍, അവിയല്‍, തോരന്‍, അച്ചാര്‍ അല്ലെങ്കില്‍ വെജിറ്റബിള്‍ പുലാവ്, സാലഡ്, അച്ചാര്‍ എന്നിവ വിളമ്പും. വൈകുന്നേരം ആറു മുതല്‍ അത്താഴത്തിന് കുത്തരിക്കഞ്ഞി, ചെറുപയര്‍ കറി, അച്ചാര്‍ അല്ലെങ്കില്‍ ഉപ്പുമാവ്, കടലക്കറി.
പമ്പയില്‍ രണ്ടു നിലയുള്ള അന്നദാന ഹാളില്‍ ഒരുസമയം 500 പേര്‍ക്കും നിലയ്ക്കലിലെ അന്നദാന ഹാളില്‍ 200 പേര്‍ക്കും ഇരിക്കാനാകും. പമ്പയിലും നിലയ്ക്കലും ഒരേ ഭക്ഷണമാണ്. പമ്പ- സന്നിധാനം പാതയിലെ വിവിധയിടങ്ങളില്‍ ചുക്കുവെള്ള വിതരണത്തിനും സൗകര്യമൊരുക്കിയിട്ടുണ്ട്. അന്നദാന ഹാളുകളില്‍ ഇടയ്ക്കിടെ ബോര്‍ഡിന്റെ വിജിലന്‍സ് വിഭാഗത്തിന്റെയടക്കം പരിശോധനയുണ്ടാകും.
ശബരിമല, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലെ ഭക്ഷണശാലകളില്‍ വിഭവങ്ങളുടെ വിലവിവരപ്പട്ടിക മലയാളത്തിലും ഇംഗ്ലീഷ്, ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളിലും പ്രദര്‍ശിപ്പിക്കാന്‍ നടപടി സ്വീകരിച്ചെന്ന് സര്‍ക്കാര്‍ അറിയിച്ചു.
തിരക്ക് നിയന്ത്രിക്കാന്‍ നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെയുള്ള മേഖലകളെ മൂന്നു സെക്ടറുകളായി തിരിച്ച് എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന് ചുമതല നല്‍കിയതായി സര്‍ക്കാര്‍ അറിയിച്ചു.