കല്പാത്തിയെ ഭക്തിനിർഭരമാക്കി ദേവരഥസംഗമം
Saturday, November 16, 2024 1:05 AM IST
പാലക്കാട്: കല്പാത്തിയെ ഭക്തിനിർഭരമാക്കി ദേവരഥസംഗമം. രഥോത്സവത്തിന്റെ പ്രധാന ചടങ്ങായ ദേവരഥസംഗമത്തിനു സാക്ഷ്യം വഹിക്കാൻ പതിനായിരങ്ങളാണ് എത്തിയത്. പ്രയാണം പൂർത്തിയാക്കി അഞ്ചു രഥങ്ങൾ വിശാലാക്ഷിസമേത വിശ്വനാഥസ്വാമിക്ഷേത്രത്തിനു മുന്നിൽ സംഗമിച്ചതോടെ ജനസാഗരത്തിന് ആത്മനിർവൃതി.
പൈതൃകഗ്രാമമായ കല്പാത്തിയിൽ കഴിഞ്ഞ മൂന്നു ദിനരാത്രങ്ങൾ ഉത്സവാഘോഷങ്ങളുടെ നിമിഷങ്ങളായിരുന്നു. വിശ്വപ്രസിദ്ധമായ കല്പാത്തി രഥോത്സവം കാണാൻ പതിവുപോലെ പതിനായിരക്കണക്കിനാളുകളാണു കല്പാത്തിയിൽ വന്നണഞ്ഞത്.
വേദമന്ത്രമുഖരിതമായ അഗ്രഹാരവീഥികളിലൂടെ ദേവരഥങ്ങൾ പ്രയാണം നടത്തി. വാദ്യമേളങ്ങളുടെ അകന്പടിയോടെയായിരുന്നു പ്രയാണം. വിശാലാക്ഷിസമേത വിശ്വനാഥസ്വാമിയും പരിവാരങ്ങളും രഥങ്ങളിൽ തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ അന്തരീക്ഷത്തിൽ ആർപ്പുവിളികളും ആരവങ്ങളും മുഴങ്ങി. പുതിയ കല്പാത്തി ഗ്രാമത്തിലാണ് അഞ്ചു രഥങ്ങൾ സംഗമിച്ചത്.
കല്പാത്തി രഥോത്സവത്തിന്റെ ഏറ്റവും ആകർഷകമായ മുഹൂർത്തമാണിത്. വൈകുന്നേരം ആറുമണിയോടെ തേരുമുട്ടിയിൽ ആദ്യമെത്തിയത് വിശാലാക്ഷിസമേത വിശ്വനാഥസ്വാമിക്ഷേത്രത്തിലെ മൂന്നു രഥങ്ങളാണ്. പിന്നീട് രാവിലെ പ്രയാണം തുടങ്ങിയ ചാത്തപ്പുരം പ്രസന്നമഹാഗണപതി, പഴയ കല്പാത്തി ലക്ഷ്മിപെരുമാൾ എന്നീ ക്ഷേത്രങ്ങളിലെ രഥങ്ങളുമെത്തി. 6.45ന് ആർപ്പുവിളികളോടെ തേരുമുട്ടിയിൽ രഥസംഗമവും നടന്നു.
ഇത്തവണ തെരഞ്ഞെടുപ്പായതിനാൽ രാഷ്ട്രീയനേതാക്കളും സ്ഥാനാർഥികളും മൂന്നു ദിവസവും കല്പാത്തിയിൽ സാന്നിധ്യമുറപ്പിച്ചിരുന്നു. രഥസംഗമത്തിനും മൂന്നു സ്ഥാനാർഥികളും എത്തി. ഉത്സവാരവങ്ങൾക്കൊടുവിൽ കല്പാത്തിയിലെ അഗ്രഹാരങ്ങളിൽ ഇനി അടുത്തവർഷത്തെ രഥോത്സവത്തിനായുള്ള കാത്തിരിപ്പാണ്.