ക്രൈസ്തവ മഹാസമ്മേളനം രാമപുരത്ത് നാളെ
Saturday, November 16, 2024 1:05 AM IST
പാലാ: പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലിയോടും ഡിസിഎംഎസ് സപ്തതി വര്‍ഷത്തോടും അനുബന്ധിച്ചു രാമപുരത്തു നാളെ ദേശീയ സിമ്പോസിയവും ക്രൈസ്തവ മഹാസമ്മേളനവും നടത്തും.
രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഫൊറോനപളളി പാരിഷ്ഹാളില്‍ രാവിലെ ഒന്‍പതിനാണ് സിമ്പോസിയം നടക്കുന്നത്. ഉച്ചകഴിഞ്ഞു 1.30ന് പള്ളി മൈതാനിയിലാണ് ക്രൈസ്തവ മഹാസമ്മേളനം.
വാഴ്ത്തപ്പെട്ട തേവര്‍പറമ്പില്‍ കുഞ്ഞച്ചന് ദളിത് വിമോചനത്തിനു വഴികാട്ടി എന്ന വിഷയത്തില്‍ നടക്കുന്ന സിമ്പോസിയത്തില്‍ പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കും. കെസിബിസി എസ്സി, എസ്ടി, ബിസി കമ്മീഷന് ചെയര്മാന് ബിഷപ് ഗീവര്‍ഗീസ് മാര്‍ അപ്രേം ഉദ്ഘാടനം ചെയ്യും. വാഴ്ത്തപ്പെട്ട തേവര്‍പറമ്പില്‍ കുഞ്ഞച്ചന് വൈസ് പോസ്റ്റുലേറ്റര്‍ ഫാ. തോമസ് വെട്ടുകാട്ടില്‍ സിമ്പോസിയത്തിന്റ് മോഡറേറ്ററായിരിക്കും.
ഉച്ചകഴിഞ്ഞ് 1.30നു രാമപുരം വാഴ്ത്തപ്പെട്ട കുഞ്ഞച്ചന് നഗറില്‍ നടക്കുന്ന ക്രൈസ്തവ മഹാസമ്മേളനത്തില്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കും. ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് ആമുഖസന്ദേശം നല്‍കും. കേന്ദ്രസഹമന്ത്രി ജോര്‍ജ് കുര്യന് മുഖ്യാതിഥിയായിരിക്കും.
ബിഷപ് ഗീവര്‍ഗീസ് മാര്‍ അപ്രേം, പാലാ രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് മോൺ. ജോസഫ് തടത്തില്‍ എന്നിവര്‍ അനുഗ്രഹപ്രഭാഷണവും മന്ത്രി റോഷി അഗസ്റ്റിന് ജൂബിലി സന്ദേശവും നല്‍കും. ജോയിന്റ് കണ്‍വീനര്‍ ബിനോയി ജോണ്‍, എംപിമാരായ ഫ്രാന്‍സിസ് ജോര്‍ജ്, ആന്റോ ആന്റണി, ജോസ് കെ. മാണി, എംഎല്‍എമാരായ മാണി സി. കാപ്പൻ, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, മോന്‍സ് ജോസഫ്, ഡിസിഎംഎസ് സംസ്ഥാന പ്രസിഡന്റ് ജെയിംസ് ഇലവുങ്കല്‍, ബിന്ദു സെബാസ്റ്റ്യന്‍ തുടങ്ങിയവർ പ്രസംഗിക്കും. രാമപുരം ഫൊറോന വികാരി ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറം സ്വാഗതവും പാലാ രൂപത ഡിസിഎംഎസ് ഡയറക്ടര്‍ ഫാ. ജോസ് വടക്കേക്കുറ്റ് നന്ദിയും പറയും.