ട്രംപിന്റെ വിജയത്തിനു പിന്നിൽ ഒരു കുന്പനാടുകാരനും
Saturday, November 16, 2024 1:05 AM IST
പത്തനംതിട്ട: ലോകത്ത് ഏതു കോണിൽ എന്തു നടന്നാലും അതിനു പിന്നിൽ പത്തനംതിട്ടയിലെ ഒരു കുന്പനാടുകാരൻ ഉണ്ടാകുമെന്നത് ഒരു പഴഞ്ചൊല്ലാണ്. അത്രമാത്രം വിപുലമാണ് കുന്പനാടിന്റെ പ്രവാസി ബന്ധം.
ഏറ്റവുമൊടുവിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് വിജയത്തിനു പിന്നിലും ഒരു കുന്പനാടുകാരന്റെ പങ്കാളിത്തം പുറത്തുവന്നു. ട്രംപിന്റെ പ്രചാരണ സംഘത്തിലെ ഏക ഇന്ത്യക്കാരൻ സ്റ്റാൻലി ജോസിന്റെ തായ്വേര് വന്നെത്തുന്നത് കുന്പനാട് ഗ്രാമത്തിലാണ്.
റിപ്പബ്ലിക്കൻ പാർട്ടിയുടെ ദേശീയ ഉപദേശക സമിതിയംഗമാണ് സ്റ്റാൻലി. കുന്പനാട് വാക്കേപ്പടിക്കൽ പരേതനായ വി.സി. ജോർജിന്റെ മകനാണ് സ്റ്റാൻലി. വി.സി. ജോർജും രാഷ്ട്രീയക്കാരനായിരുന്നു. പഴയ സ്റ്റേറ്റ് കോൺഗ്രസ് നേതാവ് ടി.എം. വർഗീസിനൊപ്പം അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് പാസ്റ്ററായി മാറിയപ്പോൾ രാഷ്ട്രീയം ഉപേക്ഷിച്ചു.
പുനലൂർ, റാന്നി, തിരുവല്ല എന്നിവിടങ്ങളിലായിരുന്നു സ്റ്റാൻലിയുടെ വിദ്യാഭ്യാസം. പുനലൂർ ഹൈസ്കൂളിൽ പഠിക്കുന്പോൾ കെഎസ് യുക്കാരനായാണ് രാഷ്ട്രീയ പ്രവേശമെന്ന് സ്റ്റാൻലി ഓർക്കുന്നു. മലയാളം മീഡിയത്തിലായിരുന്നു പഠനം. വിവാഹത്തോടെയാണ് അമേരിക്കയിലേക്ക് കുടിയേറിയത്.
ഭാര്യ ഷേർളി ജോർജ് അമേരിക്കയിൽ സ്ഥിരതാമസമാക്കിയ ആളായിരുന്നു. അമേരിക്കയിൽ സ്റ്റാൻലി ജോലി ചെയ്ത റസ്റ്ററന്റിലെ ചില ബന്ധങ്ങളിലൂടെയാണ് അമേരിക്കൻ രാഷ്ട്രീയത്തിൽ ഇടപെടാൻ തുടങ്ങിയത്. യുഎസിലെ മുതിർന്ന നയതന്ത്രജ്ഞനായ എഡ്റോളിൻസിനെ പരിചയപ്പെട്ടു. മുൻ പ്രസിഡന്റ് റൊണാൾഡ് റീഗന്റെ പ്രചാരണ സമിതി അധ്യക്ഷനായിരുന്നു അദ്ദേഹം. എഡ്റോളൻസുമായുള്ള ബന്ധത്തിനിടെ ചില പ്രചാരണ പരിപാടികളിൽ പങ്കെടുത്തിരുന്നു.
കോവിഡിനുശേഷം എഡ്റോളൻസ് വിളിച്ചു. അക്കാലത്ത് വീട്ടിൽ വെറുതെയിരിക്കുകയായിരുന്നു. നാലു വർഷം മുന്പ് പ്രസിഡന്റ് തെരഞ്ഞെടുപ്പു കാലയളവായിരുന്നു അത്. എഡ്റോളൻസ് അത്തവണ ഡോണൾഡ് ട്രംപിന്റെ പ്രചാരണ ജോലികൾ ഏറ്റെടുത്ത കാലയളവായിരുന്നു. ഒപ്പം കൂടാൻ സ്റ്റാൻലിയെ അദ്ദേഹം ക്ഷണിച്ചു. പിന്നെ ഒന്നും നോക്കിയില്ല. ട്രംപിനുവേണ്ടി പ്രചാരണത്തിനിറങ്ങി.
ഇന്ത്യയിലേതു പോലെയുള്ള തെരഞ്ഞെടുപ്പു പ്രചാരണം അല്ല അമേരിക്കയിലേത്. വീടുകൾ കയറേണ്ട ആവശ്യമില്ല. ടിവി ചാനലുകളിലും പത്രങ്ങളിലും പരസ്യം നൽകിയാണ് പ്രധാന പ്രചാരണം. ഗ്രൂപ്പ് യോഗങ്ങൾ കൂടണം.
പ്രചാരണത്തിൽ അച്ചടക്കവും മിതത്വവും വേണം. ബൈഡനെതിരേയുള്ള മത്സരത്തിൽ ട്രംപിനുവേണ്ടി ശക്തമായ പ്രചാരണം തങ്ങൾ നടത്തിയെന്ന് സ്റ്റാൻലി പറയുന്നു. പക്ഷേ പരാജയപ്പെട്ടപ്പോൾ നിരാശ തോന്നി. ആ അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഇത്തവണ പ്രചാരണം ഏറ്റെടുത്തതെന്ന് സ്റ്റാൻലി പറഞ്ഞു.
പെൻസിൽവേനിയ കേന്ദ്രീകരിച്ചായിരുന്നു ഇത്തവണ അദ്ദേഹം പ്രചാരണം നടത്തിയത്. അവിടെയുള്ള ന്യൂനപക്ഷങ്ങളായ കറുത്ത വർഗക്കാർ, ഏഷ്യക്കാർ, സ്പെയിൻകാർ ഇവരെ കേന്ദ്രീകരിച്ച് പരമാവധി വോട്ടുകൾ സമാഹരിക്കാൻ യത്നിച്ചു. കഴിഞ്ഞതവണ ട്രംപിനു നഷ്ടമായ ഈ വോട്ടുകൾ തിരികെ പിടിക്കാൻ ഇത്തവണ സാധിച്ചെന്ന് സ്റ്റാൻലി അവകാശപ്പെട്ടു.
സഹോദരങ്ങളും മറ്റും തിരുവനന്തപുരത്താണ് താമസം. സ്റ്റാൻലിയും കുടുംബാംഗങ്ങളും 34 വർഷമായി യുഎസിലാണ്. ഷേബ, ഷെറിൻ, സ്റ്റാസി, സ്റ്റെയ്സൺ, ഷെയ്ന എന്നിവർ മക്കളാണ്.