ഇ.പി. ജയരാജന്റേത് രാഷ്ട്രീയചരിത്രത്തിൽ രേഖപ്പെടുത്തേണ്ട തമാശ: വി.ഡി. സതീശൻ
Saturday, November 16, 2024 1:05 AM IST
പാലക്കാട്: അവസരവാദിയാണെന്നു വിശേഷിപ്പിച്ച സ്ഥാനാർഥിയെക്കുറിച്ച് ഇ.പി. ജയരാജൻ പ്രസംഗിച്ചതു രാഷ്ട്രീയചരിത്രത്തിൽ രേഖപ്പെടുത്തേണ്ട തമാശയാണെന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ.
അവിടെ അനുമോദനയോഗമാണോ അനുശോചനയോഗമാണോ നടന്നതെന്ന് അറിയില്ല. അതു നന്നായി ആസ്വദിച്ചു. ആരോ എഴുതിക്കൊടുത്തതാകും ജയരാജൻ അവിടെ പ്രസംഗിച്ചത്.
ആത്മകഥ സംബന്ധിച്ച് ഡിജിപിക്ക് ഇ.പി. ജയരാജൻ നൽകിയ പരാതിയിൽ ഡിസി ബുക്സിന്റെ പേരില്ല. ആത്മകഥ അദ്ദേഹത്തിന്റേതാണെന്ന് എല്ലാവർക്കും അറിയാം.
ഡിസി ബുക്സ് പോലൊരു സ്ഥാപനം അന്തരീക്ഷത്തിൽനിന്ന് ആത്മകഥ ഉണ്ടാക്കി പ്രസിദ്ധീകരിക്കുമോ? ആത്മകഥ ഭാഷാശുദ്ധി വരുത്താൻ ദേശാഭിമാനിയുടെ ആളെ ഏല്പിച്ചിട്ടുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. അപ്പോൾ ഇതു പുറത്തുകൊടുത്തത് ഇപിയുടെ ശത്രുക്കളാണോ മിത്രങ്ങളാണോ എന്നുമാത്രം അന്വേഷിച്ചാൽ മതി.
സാന്റിയാഗോ മാർട്ടിന്റെ കൈയിൽനിന്നു രണ്ടു കോടി ബോണ്ട് വാങ്ങിയതു പാർട്ടിയുടെ അനുമതിയോടെയാണെന്നാണ് പുസ്തകത്തിൽ പറയുന്നത്. അന്നു പിണറായി വിജയനായിരുന്നല്ലോ പാർട്ടി സെക്രട്ടറി. എന്നിട്ടാണ് ഈ പാവത്തെ ബലിയാടാക്കിയത്. ആദ്യം പറഞ്ഞില്ലെങ്കിലും ഇ.പി. എപ്പോഴും സത്യം പറയുമെന്നും വി.ഡി. സതീശൻ പറഞ്ഞു.