റിസർവേഷൻ ടിക്കറ്റുകൾ മറിച്ചുവിറ്റ് കെഎസ്ആർടിസി കണ്ടക്ടർമാരുടെ തട്ടിപ്പ്; കർശന നടപടിയെന്ന് മന്ത്രി
Saturday, November 16, 2024 1:05 AM IST
പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: കെഎസ്ആർടിസിയുടെ ദീർഘദൂര സർവീസുകളിൽ റിസർവേഷൻ ടിക്കറ്റുകൾ മറിച്ചുവിറ്റ് തട്ടിപ്പു നടത്തുന്നതായി ഗതാഗത മന്ത്രി കെ.ബി. ഗണേഷ്കുമാർ. യാത്രക്കാരിൽനിന്നു ടിക്കറ്റിന്റെ പണം ഈടാക്കിയ ശേഷം ടിക്കറ്റ് നല്കാതെയും തട്ടിപ്പ് നടത്തുന്നു.
പരിശോധനയ്ക്കു ബസിൽ കയറിയ കെഎസ്ആർടിസിയുടെ വിജിലൻസ് ഉദ്യോഗസ്ഥരിൽനിന്നു പണം വാങ്ങിയ ശേഷം ടിക്കറ്റ് നല്കാതെ തട്ടിപ്പു നടത്തിയതായും ഗതാഗത മന്ത്രി പറഞ്ഞു.
അന്തർസംസ്ഥാന റൂട്ടുകളിലാണ് ഇത്തരം തട്ടിപ്പുകൾ കൂടുതലും അരങ്ങേറുന്നത്. പണം അടച്ച് ടിക്കറ്റ് റിസർവ് ചെയ്യുന്ന യാത്രക്കാർക്ക് എന്തെങ്കിലും അസൗകര്യം നിമിത്തം യാത്ര ചെയ്യാൻ കഴിയാതെവന്നാൽ ആ സീറ്റ് ഒഴിവായിക്കിടക്കും. ആ റിസർവേഷന്റെ മറവിൽ മറ്റു യാത്രക്കാരെ കയറ്റുകയും അവരിൽനിന്നു ടിക്കറ്റ് നല്കാതെ ടിക്കറ്റിന്റെ പണം വാങ്ങുകയും ചെയ്യുന്നതാണു തട്ടിപ്പിന്റെ ഒരു രീതി.
യാത്രക്കാരിൽനിന്നു ടിക്കറ്റിന്റെ പണം വാങ്ങി ടിക്കറ്റ് നല്കാതെ യാത്ര അനുവദിക്കുന്നതാണു മറ്റൊരു തട്ടിപ്പ്. ഈ രണ്ടു രീതിയിലുമാണ് കെഎസ്ആർടിസിയുടെ പണം തട്ടിയെടുക്കുന്നത്. ചെറിയ വിഭാഗം കണ്ടക്ടർമാരാണ് ഇത്തരം തട്ടിപ്പു നടത്തുന്നത്.
ഇത്താരക്കാർക്കെതിരേ കർശന നടപടി ഉണ്ടാകുമെന്ന് ജീവനക്കാർക്കും യാത്രക്കാർക്കും നല്കിയ സന്ദേശത്തിൽ മന്ത്രി അറിയിച്ചു. ഇത്തരക്കാർക്കുവേണ്ടി ജനപ്രതിനിധികളോ പ്രമുഖ വ്യക്തികളോ ഇടപെട്ടാൽ മാനേജ്മെന്റ് ചെവി കൊടുക്കില്ല.
യാത്രക്കാർ നിർബന്ധമായും ടിക്കറ്റും ബാക്കിയും വാങ്ങിയിരിക്കണം. ടിക്കറ്റിലെ സ്ഥലവും സമയവും വ്യക്തമായി പരിശോധിക്കുകയും വേണം. ടിക്കറ്റ് അതേ ബസിലെ അതേ സമയത്തേത് ആണോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തണം. യാത്രക്കാർ ടിക്കറ്റ് പരിശോധകരാകണമെന്നും മന്ത്രി ഉപദേശിച്ചു.
മൂന്നു മാസത്തിനകം കെഎസ്ആർടിസി പൂർണമായും കമ്പ്യൂട്ടർവത്കരിക്കുമെന്നും ഗൂഗിൾ പേ കൂടാതെ, എല്ലാവിധ കാർഡുകളും ബസിൽ ഉപയോഗിക്കാൻ അതോടെ കഴിയുമെന്നും ബാലൻസ് പ്രശ്നം ഒഴിവാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.