ആത്മകഥാ വിവാദം: ഇപിയുടെ പരാതിയില്‍ പ്രാഥമിക അന്വേഷണം
Saturday, November 16, 2024 1:05 AM IST
കോട്ടയം: ആത്മകഥാ വിവാദം സംബന്ധിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജന് നല്കിയ പരാതിയില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ചു.
വിശദമായ റിപ്പോര്‍ട്ട് 20നു സംസ്ഥാന പോലീസ് മേധാവിക്കു സമര്‍പ്പിക്കും. കോട്ടയം ജില്ലാ പോലീസ് ചീഫ് എ. ഷാഹുല്‍ ഹമീദിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. സംഭവത്തില്‍ ഉള്‍പ്പെട്ടവരുടെ മൊഴി രേഖപ്പെടുത്തുമെന്ന് ഷാഹുല്‍ ഹമീദ് പറഞ്ഞു.
ഷാര്‍ജയിലുള്ള ഡിസി ബുക്സ് സിഇഒ രവി ഡിസി നാട്ടിലെത്തുന്ന മുറയ്ക്കാകും മൊഴിയെടുക്കുക. പുസ്തക പ്രകാശനത്തെപ്പറ്റി റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകരെ ആദ്യഘട്ടത്തില്‍ ചോദ്യം ചെയ്യുകയില്ലെന്നും പ്രാഥമിക അന്വേഷണം മാത്രമാണു നടക്കുന്നതെന്നും എസ്പി പറഞ്ഞു.
പുസ്തക പ്രകാശനവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിലൂടെ പറഞ്ഞതില്‍ അപ്പുറത്ത് തങ്ങള്‍ക്ക് ഒന്നും വിശദീകരിക്കാന്‍ ഇല്ലെന്ന് രവി ഡിസി വ്യക്തമാക്കിയിരുന്നു.
പുസ്തകം താന്‍ എഴുതി ഡിസി ബുക്സിനെ ഏല്‍പ്പിച്ചിട്ടില്ലെന്ന ഇ.പി. ജയരാജന്റെ വാദങ്ങളെ ഡിസി ബുക്സ് തള്ളുന്നില്ല. ഇ.പി. ജയരാജന്റെ ആത്മകഥയുടെ പ്രസാധനം നീട്ടിവയ്ക്കുകയാണെന്നാണു കഴിഞ്ഞ ദിവസം ഡിസി ബുക്സ് ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നത്.
‘കട്ടന്‍ ചായയും പരിപ്പുവടയും’ എന്ന പുസ്തകത്തിന്റെ പ്രസാധനം നിര്‍മിതിയിലുള്ള സാങ്കേതിക പ്രശ്നം മൂലം കുറച്ചു ദിവസത്തേക്ക് നീട്ടിവച്ചിരിക്കുന്നുവെന്നും ഉള്ളടക്കത്തെ സംബന്ധിച്ച കാര്യങ്ങള്‍ പുസ്തകം പ്രസിദ്ധപ്പെടുത്തുമ്പോള്‍ വ്യക്തമാകുന്നതാണെന്നുമാണ് ഡിസി ബുക്സ് തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ കുറിച്ചിരുന്നത്.