സർക്കാർ കൈവിട്ടാൽ ഗ്രാന്റ് ഇൻ എയ്ഡ് സ്ഥാപനങ്ങളുടെ നിലനില്പ് അവതാളത്തിൽ
Saturday, November 16, 2024 1:05 AM IST
തിരുവനന്തപുരം: സർക്കാരിന്റെ ഗ്രാന്റ് ഇൻ എയ്ഡോടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെ ശന്പളവും പെൻഷനും ഉൾപ്പെടെയുള്ള ചെലവുകൾ സർക്കാരിന്റെ ബാധ്യതയല്ലെന്നു ധനവകുപ്പ് നിർദേശം, ഇത്തരം സ്ഥാപനങ്ങളുടെ നിലനില്പിനു തന്നെ ഭീഷണിയാകും. ഇത്തരം സ്ഥാപനങ്ങളിൽ ശന്പളമുൾപ്പെടെ നല്കാനുള്ള പണം അതാത് സ്ഥാപനങ്ങൾ കണ്ടെത്തണമെന്നാണ് ധനവകുപ്പ് വ്യക്തമാക്കിയത്.
ഈ സ്ഥാപനങ്ങളിലെ ശന്പളകുടിശികയോ ശന്പളവർധന ഉൾപ്പെടെയുള്ള മറ്റാനുകൂല്യങ്ങളോ സംബന്ധിച്ച് ഏതെങ്കിലും ജീവനക്കാർ കോടതിയെ സമീപിച്ചാൽ ഇത്തരം കാര്യങ്ങളിൽ സർക്കാരിന് ബാധ്യതയില്ലെന്നു സത്യവാങ്മൂലം നല്കണമെന്ന നിർദേശവും ധനകാര്യവകുപ്പ് ബന്ധപ്പെട്ട വകുപ്പ് മേധാവികൾക്കു നല്കി.
സർക്കാരിനെ എതിർകക്ഷികളാക്കി ജീവനക്കാർ കോടതിയെ സമീപിക്കുന്ന പ്രവണത വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ ഇതിനു തടയിടുകകൂടി ലക്ഷ്യമിട്ടാണ് ഇത്തരമൊരു നീക്കം. ജീവനക്കാർ കോടതിയെ സമീപിച്ച് അനുകൂല വിധി സന്പാദിച്ചാൽ ഇതിനായി സർക്കാർ നല്കേണ്ടി വരുന്ന തുക സ്ഥാപന മേധാവിയിൽനിന്ന് ഈടാക്കും. സർക്കാർ ഗ്രാന്റ് ഇൻ എയ്ഡിൽ സംസ്ഥാനത്ത് ഇരുന്നൂറോളം സ്ഥാപനങ്ങളും ഇതിൽ ആയിരക്കണക്കിന് ജീവനക്കാരുമാണുള്ളത്.
കേരള കലാമണ്ഡലം, ലളിതകലാ അക്കാദമി, സംഗീത നാടക അക്കാദമി തുടങ്ങിയ സ്ഥാപനങ്ങളും ഈ പട്ടികയിൽ വരുന്നവയാണ്. ഈ സ്ഥാപനങ്ങൾക്കു ശന്പളം കൊടുക്കാൻ ഇനി പണം നൽകാൻ കഴിയില്ലെന്ന നിലപാടുണ്ടായാൽ ഈ സ്ഥാപനങ്ങളുടെ പ്രവർത്തനം തന്നെ സ്തംഭിക്കുമെന്നു മുൻ സാംസ്കാരിക മന്ത്രി കെ.സി. ജോസഫ് പറഞ്ഞു. സർക്കാരിന്റെ ഈ തീരുമാനം അടിയന്തരമായി പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.