കൈരളി സൊസൈറ്റിയെ തകർക്കാൻ ഗൂഢനീക്കമെന്നു ചെയർമാൻ
Saturday, November 16, 2024 1:05 AM IST
തൃശൂർ: കൈരളി അഗ്രികൾച്ചർ മൾട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയെ തകർക്കാൻ ഗൂഢനീക്കം നടക്കുന്നതായി ചെയർമാൻ കെ.വി. അശോകൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
കേന്ദ്ര സഹകരണ മന്ത്രാലയത്തിനു കീഴിലുള്ള സെൻട്രൽ രജിസ്ട്രാർ ഓഫ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴിൽ കേരളത്തിലും തമിഴ്നാട്ടിലും പ്രവർത്തിക്കുന്ന സംഘമാണ് കൈരളി. കാർഷിക മേഖലയ്ക്ക് ഊന്നൽനൽകി പ്രവർത്തിക്കുന്ന സ്ഥാപനത്തിനെതിരേയോ തനിക്കെതിരേയോ യാതൊരു കേസുകളും നിലവില്ല. ഇത്തരം വ്യാജവാർത്ത സൃഷ്ടിക്കുന്നവർക്കെതിരേ നിയമനടപടി സ്വീകരിക്കും.
സൊസൈറ്റിയിൽ 22,600 മെന്പർമാരുണ്ട്. ഇതിൽ 12,000 മെന്പർമാരും കാർബൺ ക്രെഡിറ്റ് പ്രോജക്ടിൽ അംഗങ്ങളാണ്. പ്രധാന പ്രോജക്ടായ കാര്‍ബണ്‍ ക്രെഡിറ്റ് പ്രോജക്ടിനു വലിയ ജനപിന്തുണയാണുള്ളത്. നൂറുരൂപയുടെ വോട്ടവകാശമുള്ള ഓഹരിയാണ് അംഗങ്ങൾക്കു നൽകുന്നത്. കേരളത്തിലും തമിഴ്നാട്ടിലുമായി 37 ഓഫീസുകൾ പ്രവർത്തിക്കുന്നുണ്ട്.
നല്ലരീതിയിൽ നടക്കുന്ന സൊസൈറ്റിക്കെതിരേ കോൺഗ്രസ് നേതാവ് അനിൽ അക്കര ഉൾപ്പടെയുള്ളവർ ഇല്ലാക്കഥകൾ പ്രചരിപ്പിക്കുകയാണ്. കഴിഞ്ഞദിവസം ചേലക്കര ഉപതെരഞ്ഞെടുപ്പിനിടെ പിടിച്ചെടുത്ത തുകയിലേക്കുവരെ സംഘത്തെ വലിച്ചിഴയ്ക്കാൻ അനിൽ അക്കര ശ്രമിച്ചു.
രണ്ടു ലക്ഷത്തിലധികം രൂപ ഒരു ഷെയർ ഹോൾഡറിൽനിന്നും നേരിട്ടുവാങ്ങിയിട്ടില്ല. എല്ലാ ഇടപാടുകളും ദേശസാത്കൃത ബാങ്കുവഴിയാണ്. ഗ്ലോബൽ വാമിംഗിനും കാലാവസ്ഥാവ്യതിയാനത്തിനുമെതിരേ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യ കർഷകകൂട്ടായ്മാസ്ഥാപനമാണിത്. ഏതെങ്കിലും ഒരു രാഷ്ട്രീയപാർട്ടിയുടെ പിന്തുണയോ നിയന്ത്രണമോ സൊസൈറ്റിക്കില്ല.
നിക്ഷേപങ്ങള്‍ സ്വീകരിച്ചും കള്ളപ്പണം വെളുപ്പിച്ചും തട്ടിപ്പുനടത്തിയെന്ന് ഒരു മാധ്യമത്തില്‍ വന്ന വാര്‍ത്ത വസ്തുതാവിരുദ്ധമാണ്. യാഥാര്‍ഥ്യം വ്യക്തമാക്കി മാനഹാനി തീര്‍ത്തില്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും ചെയര്മാന് അറിയിച്ചു.
പത്രസമ്മേളനത്തിൽ ഡയറക്ടർ ജെസ്ലിൻ ജെയിംസ്, നിഷ രാജു, ഡിജിഎം മഹേഷ്, എച്ച്ആർ മാനേജർ പ്രിയദർശിനി എന്നിവരും പങ്കെടുത്തു.