എസ്എഫ്ഐ നേതാവ് ആർഷോയ്ക്കുവേണ്ടി പ്രിൻസിപ്പൽ വ്യാജ ഹാജർ റിപ്പോർട്ട് നൽകി; പരാതിയുമായി സേവ് യൂണിവേഴ്സിറ്റി കാന്പയിൽ കമ്മിറ്റി
Saturday, November 16, 2024 1:05 AM IST
തിരുവനന്തപുരം: എസ്എഫ്ഐ നേതാവ് പി.എം ആർഷോയ്ക്കുവേണ്ടി മഹാരാജാസ് കോളജ് പ്രിൻസിപ്പൽ വ്യാജ ഹാജർ റിപ്പോർട്ട് നല്കിയെന്ന പരാതിയുമായി സേവ് യൂണിവേഴ്സിറ്റി കാന്പയിൽ കമ്മിറ്റി .വ്യാജ ഹാജർ റിപ്പോർട്ട് നൽകിയ പ്രിൻസിപ്പലിനെ പദവിയിൽനിന്നു നീക്കണമെന്നാവശ്യപ്പെട്ട് ചാൻസലർകൂടിയായ ഗവർണർക്കും എംജി സർവകലാശാല വൈസ് ചാൻസലർക്കും നിവേദനം നല്കി.
പി.എം. ആർഷോ ദീർഘ നാളായി കോളജിൽ ഹാജരാകാത്തതുകൊണ്ട് കോളജിൽനിന്നു പുറത്താക്കുന്നതായി ആർഷോയുടെ പിതാവിന് നോട്ടീസ് അയച്ച എറണാകുളം മഹാരാജാസ് കോളജ് പ്രിൻസിപ്പൽ തന്നെ ആർഷോയ്ക്കു പരീക്ഷ എഴുതാൻ മതിയായ ഹാജരുണ്ടെന്ന റിപ്പോർട്ട് എംജി യൂണിവേഴ്സിറ്റിക്കു നൽകിയതിന്റെയും അഞ്ചും ആറും സെമസ്റ്ററിൽ ആർഷോയ്ക്ക് മിനിമം ഹാജരില്ലെന്നതിന്റെയും രേഖകൾ പുറത്തു വന്നിട്ടുണ്ടെന്നും നിവേദനത്തിൽ പറയുന്നു.
അഞ്ചുവർഷ ഇന്റഗ്രേറ്റഡ് കോഴ്സിൽ പഠിക്കുന്നവർക്ക് ആറാം സെമസ്റ്ററിൽ ബിഎ പാസാകാതെ ഏഴാം സെമസ്റ്റർ എംഎ ക്ലാസിൽ തുടർ പഠനം നടത്താമെന്നും ആറാം സെമസ്റ്റർ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്താൽ മാത്രം മതിയാവുമെന്നുമുള്ള വിശദീകരണമാണു പ്രിൻസിപ്പൽ എംജി രജിസ്ട്രാർക്ക് നൽകിയത്. എന്നാൽ, പരീക്ഷയ്ക്കു രജിസ്റ്റർ ചെയ്യാനുള്ള മിനിമം ഹാജർ ആർഷോയ്ക്കില്ലെന്ന കാര്യം പ്രിൻസിപ്പൽ മറച്ചുവച്ചുവെന്നും നിവേദനത്തിൽ പറയുന്നു.
യൂണിവേഴ്സിറ്റി റെഗുലേഷൻ പ്രകാരം ഓരോ സെമസ്റ്ററിലും 75 ശതമാനം ഹാജർ വേണമെന്നിരിക്കേ അഞ്ചും ആറും സെമസ്റ്ററിൽ 10 ശതമാനം മാത്രം ഹാജരുള്ള അർഷോയെ ഏഴാം സെമസ്റ്റർ പിജി ക്ലാസിൽ പ്രവേശിപ്പിച്ചതു ചട്ടവിരുദ്ധമായാണ്. ഏഴാം സെമസ്റ്ററിൽ ഹജരൊന്നുമില്ല.
അഞ്ചും ആറും സെമസ്റ്ററുകളിൽ മിനിമം ഹാജരില്ലാതെ, ആറും എഴും സെമസ്റ്ററുകളിൽ തുടർ പഠനം പാടില്ലെന്നിരിക്കെ ആറാം സെമസ്റ്ററിൽ ബിരുദ കോഴ്സ് പൂർത്തിയാക്കിയതായി കണക്കാക്കി വിടുതൽ സർട്ടിഫിക്കറ്റ് നൽകാനാണ് ആർഷോ ആവശ്യപ്പെട്ടിരിക്കുന്നത്.
എംജി സർവകലാശാലയ്ക്ക് ആർഷോയുടെ വ്യാജ ഹാജർ റിപ്പോർട്ട് നൽകി കബളിപ്പിച്ച പ്രിൻസിപ്പലിനെ മഹാരാജാസ് കോളജ് പ്രിൻസിപ്പൽ പദവിയിൽനിന്നു നീക്കം ചെയ്യണമെന്നും കോളജിൽ ഹാജരാകാത്ത ആർഷോയെ നാലാം സെമസ്റ്റർ മുതൽ കോളജിൽനിന്നു റോൾ ഔട്ട് ചെയ്യാൻ നിർദേശം നൽകണമെന്നുമാണ് സേവ് യൂണിവേഴ്സിറ്റി കാന്പയിൻ കമ്മിറ്റി നല്കിയ നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുള്ളത്.