തദ്ദേശ വാർഡ് വിഭജനം: കരട് വിജ്ഞാപനം 18ന്
Saturday, November 16, 2024 1:05 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ വാർഡുകൾ പുനർനിർണയിച്ചതിന്റെ കരട് വിജ്ഞാപനം ഈ മാസം 18നു പ്രസിദ്ധീകരിക്കും. കരട് ലിസ്റ്റിലുള്ള പരാതികളും ആക്ഷേപങ്ങളും ഡിസംബർ മൂന്നുവരെ സ്വീകരിക്കും.
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തു ചേർന്ന ഡീലിമിറ്റേഷൻ കമ്മീഷൻ യോഗത്തിലാണ് ഈ തീരുമാനം. വാർഡ് പുനർവിഭജനത്തിനായി ജില്ലാ കളക്ടർമാർ സമർപ്പിച്ച കരട് നിർദേശങ്ങൾ ഡീലിമിറ്റേഷൻ കമ്മീഷൻ പരിശോധിച്ചു.
കരട് വിജ്ഞാപനം സംബന്ധിച്ചുള്ള പരാതികളും ആക്ഷേപങ്ങളും നേരിട്ടോ രജിസ്റ്റേർഡ് തപാലിലോ കളക്ടറേറ്റുകളിലും ഡീലിമിറ്റേഷൻ കമ്മീഷൻ ഓഫീസിലും സമർപ്പിക്കാം. 2011 സെൻസസ് ജനസംഖ്യയുടെയും, തദ്ദേശസ്ഥാപനങ്ങളിലെ വാർഡുകളുടെ എണ്ണം പുതുക്കി നിശ്ചയിച്ച 2024 ലെ സർക്കാർ ഉത്തരവിന്റെയും അടിസ്ഥാനത്തിലാണ് വാർഡ് പുനർവിഭജനം നടത്തുന്നത്.
ഡീലിമിറ്റേഷൻ കമ്മീഷൻ ചെയർമാനായ സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണർ എ. ഷാജഹാൻ അധ്യക്ഷത വഹിച്ച യോഗത്തിൽ കമ്മീഷൻ അംഗങ്ങളായ ഐടി, പരിസ്ഥിതിവകുപ്പ് സെക്രട്ടറി ഡോ. രത്തൻ യു.ഖേൽക്കർ, വിനോദസഞ്ചാരവകുപ്പ് സെക്രട്ടറി കെ. ബിജു, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സെക്രട്ടറി എസ്. ഹരികിഷോർ, ഡീലിമിറ്റേഷൻ കമ്മീഷൻ സെക്രട്ടറി എസ്. ജോസ്നമോൾ എന്നിവർ പങ്കെടുത്തു.