വയനാട് ദുരന്തം: കേന്ദ്രത്തിനെതിരേ കടുത്ത പ്രതിഷേധം
Saturday, November 16, 2024 1:50 AM IST
കേന്ദ്രത്തിന്റേത് കടുത്ത അനീതി: രമേശ് ചെന്നിത്തല
തിരുവനന്തപുരം: നാടിനെ നടുക്കിയ വയനാട് ദുരന്തത്തിൽ കേന്ദ്രസർക്കാർ തരം താണ രാഷ്ട്രീയം കളിക്കുകയാണെന്ന് കോണ്‍ഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
വയനാട്ടിലെ ജനതയോടു ചെയ്യുന്ന കടുത്ത അനീതിയാണിത്. അഞ്ഞൂറോളം പേർ മരിച്ച ദുരന്തം പ്രധാനമന്ത്രി നേരിട്ടു വന്നു കണ്ടതാണ്. ഈ ദുരന്തത്തിൽ പെട്ടവരെ സഹായിക്കുന്നതിനും അവരെ പുനരധിവസിപ്പിക്കുന്നതിനും ഒക്കെ പണം അനുവദിക്കേണ്ടതാണ്. അല്ലാതെ, ദുരന്തനിവാരണത്തിന് എല്ലാ സംസ്ഥാനങ്ങൾക്കും ലഭിക്കുന്ന പണത്തിന്റെ ഒരംശം തന്നിട്ട് അതുകൊണ്ടു തൃപ്തിപ്പെടാൻ പറഞ്ഞാൽ തീരുന്നതല്ല വയനാടിന്റെ പ്രശ്നം.
കേന്ദ്രസർക്കാർ ഈ രാഷ്ട്രീയക്കളി അവസാനിപ്പിക്കണം. വയനാടിന്റെ പുനർനിർമാണത്തിനു വേണ്ടി പ്രത്യേക തുകയും സ്പെഷൽ പാക്കേജും അനുവദിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
യുഡിഎഫ് എംപിമാർ പാർലമെന്റിൽ പ്രതിഷേധിക്കും: വി.ഡി. സതീശൻ
പാലക്കാട്: വയനാട് ദുരന്തബാധിതരോടുള്ള കേന്ദ്രസർക്കാരിന്റെ അവഗണനയ്ക്കെതിരേ യുഡിഎഫ് എംപിമാർ പാർലമെന്റിൽ പ്രതിഷേധിക്കുമെന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു.
വയനാട് ദുരന്തബാധിതരോടു കേന്ദ്രസർക്കാർ കാട്ടുന്ന അവഗണന കേരളത്തോടുതന്നെയുള്ള അവഗണനയാണ്. ബിജെപി സർക്കാരിന്റേതു രാജ്യത്തിന്റെ ഭൂപടത്തിൽ കേരളം ഇല്ലെന്ന നിലപാടാണ്. ദേശീയ - സംസ്ഥാനതലങ്ങളിൽ ഇതിനെ ഗൗരവമുള്ള വിഷയമാക്കി മാറ്റും. കേരളത്തിന്റെ പ്രശ്നങ്ങൾ ഉയർത്തി സമരംചെയ്യാൻ യുഡിഎഫിന് ആരുടെയും സഹായം ആവശ്യമില്ല. വയനാട് ദുരന്തത്തിൽ കേരളത്തിന് അർഹതയുള്ള പണം നൽകാതിരിക്കുന്നതിലൂടെ കേന്ദ്രസർക്കാരിന്റെ തനിനിറമാണു തുറന്നുകാണിക്കപ്പെട്ടിരിക്കുന്നത്.
വയനാടിനുള്ള ധനസഹായം ആരുടെയും പോക്കറ്റിൽനിന്ന് എടുത്തുതരുന്ന പണമല്ല. സംസ്ഥാനങ്ങൾക്ക് അവകാശപ്പെട്ട പണമാണ്. ഉത്തരാഖണ്ഡും ആസാമും ഉത്തർപ്രദേശും ഉൾപ്പെടെയുള്ള മറ്റു സംസ്ഥാനങ്ങൾക്കു സ്പെഷൽ ഫിനാൻഷൽ അസിസ്റ്റൻസ് കേന്ദ്രസർക്കാർ നൽകിയിട്ടുണ്ട്. 2018ലെ പ്രളയകാലത്തു കേരളത്തിന് ഇത്തരത്തിൽ കുറച്ചു പണം നൽകിയിട്ടുള്ളതുമാണ്.
പ്രക്ഷോഭം ആരംഭിക്കും: കെ. സുധാകരൻ
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ കഴിയില്ലെന്ന കേന്ദ്ര നിലപാട് കടുത്ത വഞ്ചനയാണെന്നും ഇതിനെതിരേ കോണ്‍ഗ്രസ് ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി. രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും കർമഭൂമിയായതിനാലാണോ വയനാടിനോട് ഈ വിവേചനമെന്നു സംശയിക്കുന്നു.
ദുരന്തബാധിതരുടെ അതിജീവനത്തിനായി ഒരുമിച്ചു പ്രവർത്തിക്കുന്നതിനു പകരം രാഷ്ട്രീയം കളിക്കുകയാണു കേന്ദ്രസർക്കാർ. വയനാടിന് പ്രത്യേക പാക്കേജ് വേണമെന്നതു കേരളത്തിന്റെ പൊതു ആവശ്യമാണ്. കേന്ദ്രസർക്കാരിന്റെ അനീതിക്കെതിരേ കേരളം ഒറ്റക്കെട്ടായി പ്രതിഷേധിക്കണം.
കേന്ദ്രത്തിൽനിന്ന് അർഹമായ ആനുകൂല്യം നേടിയെടുക്കുന്നതിൽ സംസ്ഥാന സർക്കാരും പരാജയപ്പെട്ടെന്നും സുധാകരൻ പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ നിലപാട് വിചിത്രം: ഫ്രാന്‍സിസ് ജോര്‍ജ്
കോട്ടയം: നാനൂറിലേറെ ആളുകളുടെ ജീവന് നഷ്ടപ്പെടുകയും അനേകം വീടുകളും കൃഷിയിടങ്ങളും ഒലിച്ചുപോകുകയും ചെയ്ത വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം ദേശീയ ദുരന്തമായി കണക്കാക്കി സഹായം അനുവദിക്കാന്‍ കഴിയില്ലന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമാണന്ന് കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി. ദേശീയ ദുരന്തമായി കണക്കാക്കാന്‍ സാധിക്കില്ലന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് വിചിത്രമാണ്.
അര്‍ഹമായ സഹായം അനുവദിക്കാത്ത കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരേ കേരളത്തിലെ എംപിമാര്‍ ഒറ്റക്കെട്ടായി പാര്‍ലമെന്റില്‍ ശബ്ദമുയര്‍ത്തുമെന്നും ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു.
കേരളത്തോടുള്ള വെല്ലുവിളി:മന്ത്രി കെ. രാജന്
തിരുവനന്തപുരം: ദുരന്തം നടന്നിട്ട് 109 ദിവസം കഴിഞ്ഞിട്ടും ചൂരല്‍മലയിലെ ദുരന്തബാധിതരെ സഹായിക്കാനും പ്രത്യാശ നൽകാനും ഏതെങ്കിലും വിധത്തിലുള്ള ഒരു നടപടിക്കും കേന്ദ്രസര്‍ക്കാര്‍ തയാറായില്ല എന്ന വസ്തുത, ഏറ്റവും ദുഃഖകരവും പ്രതിഷേധാര്‍ഹവുമായ കാര്യമാണെന്ന് റവന്യു മന്ത്രി കെ. രാജൻ. തെറ്റായ കണക്കുകളാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിരത്തുന്നത്. കേരളത്തിനുള്ള എസ്ഡിആര്എഫിന്റെ ഈ വര്‍ഷത്തേക്കുള്ള സര്‍ക്കാര്‍ വിഹിതം കേന്ദ്രം നല്‍കിയിട്ടുണ്ട് എന്നാണ് കത്തിൽ പറയുന്നത്. അതിൽ പ്രത്യേകത ഒന്നുമില്ല. ഒരു സാധാരണ പ്രക്രിയ മാത്രം.
ചൂരൽമലയുടെ പുനരധിവാസത്തിന് കേരളം ആവശ്യപ്പെടുന്നത് എസ്ഡിആർഎഫിന്റെ മാനദണ്ഡത്തിനപ്പുറമുള്ള അധിക സഹായമാണെന്നും മന്ത്രി രാജൻ കൂട്ടിച്ചേർത്തു.
നീതീകരണമില്ലാത്തത്: മന്ത്രി ബാലഗോപാൽ
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ ഇരകളായ കുടുംബങ്ങളുടെ പുനരധിവാസം ഉറപ്പാക്കാനായി സംസ്ഥാന സർക്കാർ സമർപ്പിച്ച സഹായാഭ്യർഥന നിഷേധിക്കുന്ന കേന്ദ്രസർക്കാർ നിലപാടിൽ നീതീകരണമില്ലാത്ത കടുത്ത വിവേചനമാണ് പ്രകടമാകുന്നതെന്നു ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ.
കേരളം ഇന്ത്യയിലാണെന്നു കേന്ദ്രസർക്കാരിനെ ഓർമിപ്പിക്കേണ്ട സാഹചര്യമാണ് ഓരോ ദിവസവും ഉണ്ടാകുന്നത്. മലയാളികളോട് ഇത്ര വൈരാഗ്യം പുലർത്താൻ കേരളം എന്തു തെറ്റാണ് ചെയ്തിട്ടുള്ളതെന്നു കേന്ദ്രസർക്കാർ വ്യക്തമാക്കണം.
വയനാട് ദുരന്തബാധിതരുടെ കണ്ണീരൊപ്പാൻ കാലണ പോലും നൽകില്ലെന്ന കേന്ദ്ര നിലപാട് മലയാളികളോടുള്ള വലിയ അനീതിയാണ്. വയനാടുമായി താരതമ്യം ചെയ്യുന്പോൾ വളരെ ചെറിയ ദുരന്തങ്ങൾ നടന്ന സംസ്ഥാനങ്ങൾക്കു പോലും വലിയ തുക അനുവദിച്ചു നൽകിയപ്പോൾ കേരളത്തിനു കേന്ദ്രം നൽകിയത് വട്ടപ്പൂജ്യമാണെന്നും ധനകാര്യമന്ത്രി കുറ്റപ്പെടുത്തി.
രാഷ്ട്രീയ വൈരാഗ്യം: ജോസ് കെ. മാണി
കോട്ടയം: വയനാട്ടിലെ പ്രകൃതിദുരന്തത്തെ അതിജീവിക്കുന്നതിന് സാമ്പത്തികസഹായം അനുവദിക്കാന്‍ കഴിയില്ലെന്ന നിലപാട് കേരളത്തോടുള്ള കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയ പകപോക്കലും തികഞ്ഞ പ്രാദേശിക വിവേചനവുമാണെന്ന് കേരള കോണ്‍ഗ്രസ്-എം ചെയര്മാന് ജോസ് കെ. മാണി എംപി. ഉത്തരാഖണ്ഡിലും ആസാമിലും പ്രകൃതിക്ഷോഭം ഉണ്ടായപ്പോള്‍ കേന്ദ്ര ബജറ്റിലൂടെ പ്രഖ്യാപിച്ച് പ്രത്യേക സഹായധനമാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയത്.
ബിഹാറിന് 25,000 കോടിയും ആന്ധ്രപ്രദേശിന് 10,000 കോടി രൂപയും നല്കിയ കേന്ദ്രസര്‍ക്കാര്‍ കേരളത്തെ അവഗണിക്കുന്നത് നീതിയല്ല. ദുരന്തബാധിതരോട് നിഷേധാത്മകമായ നിലപാട് തുടരുന്നത് മനുഷ്യത്വരഹിതമായ രാഷ
രാഷ്ട്രീയം കളിക്കരുത്: കെ.വി. തോമസ്
കൊച്ചി: വയനാട് ഉരുൾപൊട്ടൽ ദുരന്തം ദേശീയദുരന്തമായി പ്രഖ്യാപിക്കാത്ത കേന്ദ്രസർക്കാർ രാഷ്ട്രീയം കളിക്കരുതെന്ന് ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ.വി. തോമസ്. ഓഗസ്റ്റ് ആദ്യവാരംതന്നെ മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്രത്തിന് കത്തയച്ചിരുന്നുവെന്നും ഇതിനുള്ള മറുപടിയാണ് മാസങ്ങള്‍ക്കുശേഷം വന്നതെന്നും കെ.വി. തോമസ് പറഞ്ഞു.
നൂറു ശതമാനം സഹായം വേണമെങ്കില്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം. സംസ്ഥാനദുരന്തമോ പ്രകൃതിദുരന്തമോ ആണെങ്കില്‍ 80 ശതമാനം കേന്ദ്രസര്‍ക്കാരും 20 ശതമാനം സംസ്ഥാനവും നല്‍കണം. ഈ പശ്ചാത്തലം മനസിലാക്കിയാണ് ഓഗസ്റ്റ് ആദ്യവാരംതന്നെ മുഖ്യമന്ത്രി കത്ത് നല്‍കിയത്. താനത് പിന്തുടര്ന്ന് വീണ്ടും കത്ത് നല്കി. ആ കത്തിനുള്ള മറുപടിയാണ് മാസങ്ങള്‍ക്കുശേഷം വന്നത്. പ്രത്യേകമായ സഹായം വയനാടിന് ലഭിക്കണം.
പ്രധാനമന്ത്രിയെയും ധനമന്ത്രിയെയും നേരിട്ടു കണ്ടതാണ്. നിര്‍മല സീതാരാമന് കൊച്ചിയില്‍ വന്നപ്പോള്‍ കൈവിടില്ലെന്ന് മാധ്യമങ്ങളോടുതന്നെ പറഞ്ഞതാണെന്നും കെ.വി.തോമസ് വ്യക്തമാക്കി.്ട്രീയ വൈരാഗ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പുനരധിവാസത്തിനു തിരിച്ചടിയാകും: എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന കേന്ദ്ര നിലപാട് പുനരധിവാസ പ്രവർത്തനങ്ങൾക്കു തിരിച്ചടിയാകുമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
ദേശീയദുരന്തമായി പ്രഖ്യാപിച്ചാൽ പുനരധിവാസ പ്രവർത്തനത്തിന് അന്താരാഷ്ട്ര, ദേശീയ, ബഹുരാഷ്ട്ര സ്ഥാപനങ്ങളിൽനിന്നു സഹായം ലഭിക്കുമായിരുന്നു. ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിനൊപ്പം ദുരന്തബാധിതരുടെ വായ്പകൾ എഴുതിത്തള്ളുക, ദുരന്തപ്രതികരണ നിധിയിൽനിന്ന് അടിയന്തര സഹായം അനുവദിക്കുക എന്നതിലും ഒരു പ്രതികരണവും കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഇതുവരെയും ഉണ്ടായിട്ടില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
ഇത്രയധികം ദുരന്തം ഉണ്ടാകാത്ത സംസ്ഥാനങ്ങൾക്ക് ഇതിനേക്കാളേറെ സഹായം നൽകാൻ കേന്ദ്ര സർക്കാർ തയാറായെന്നും ഗോവിന്ദൻ പറഞ്ഞു.
പാക്കേജിനു തുരങ്കം വച്ചത് സംസ്ഥാന സർക്കാർ: കെ. സുരേന്ദ്രൻ
പാലക്കാട്: വയനാട് പുനരധിവാസ പാക്കേജിനു തുരങ്കം വച്ചതു സംസ്ഥാന സർക്കാരാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. സംസ്ഥാനസർക്കാരിന്റെ അലംഭാവത്തെ കുറ്റകരമായ മൗനത്തിലൂടെ പ്രതിപക്ഷം സഹായിക്കുകയാണ്. ദുരന്തമുണ്ടായശേഷം നാലു മാസം കഴിഞ്ഞിട്ടും ഒരു സർവകക്ഷിയോഗം പോലും വിളിക്കാൻ മുഖ്യമന്ത്രി ശ്രമിച്ചില്ല.
2013 ൽ യുപിഎ സർക്കാരാണു ദേശീയദുരന്തം എന്ന പദം എടുത്തുകളഞ്ഞത്. അതിന്റെ പേരിൽ വി.ഡി. സതീശനും സംഘവും മോദി സർക്കാരിനെതിരേ തിരിഞ്ഞിട്ടു കാര്യമില്ല. കെ.സി. വേണുഗോപാൽ ഉൾപ്പെടെയുള്ള നേതാക്കൾ മന്ത്രിമാരായിരുന്ന മൻമോഹൻസിംഗ് സർക്കാരിനെതിരേയാണു യുഡിഎഫ് പ്രതിഷേധിക്കേണ്ടത്-സുരേന്ദ്രൻ പറഞ്ഞു.
സിപിഐ പ്രതിഷേധം 21ന്
തിരുവനന്തപുരം: വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്ത കേന്ദ്ര നിലപാടിനെതിരേ ഈ മാസം 21-നു സിപിഐ പ്രതിഷേധ പരിപാടി സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി ജില്ലാ കേന്ദ്രങ്ങളിലെ കേന്ദ്രസർക്കാർ ഓഫീസുകൾക്കു മുന്നിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.