ഭരണഘടനാസ്ഥാനങ്ങളിലുള്ളവർ അന്ധവിശ്വാസം പ്രചരിപ്പിക്കുന്നു: മുഖ്യമന്ത്രി
Saturday, November 16, 2024 1:05 AM IST
ആലപ്പുഴ: അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും അശാസ്ത്രീയതയ്ക്കും മേല്‍ക്കൈ ഉണ്ടാക്കാന്‍ ഭരണഘടനാ സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍തന്നെ ശ്രമിക്കുന്നുവെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
സംസ്ഥാനസ്കൂള്‍ ശാസ്ത്രോത്സവത്തിന്റെയും വൊക്കേഷണല്‍ എക്സ്പോയുടെയും ഉദ്ഘാടനം ആലപ്പുഴ സെന്റ് ജോസഫ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
വാട്സ് ആപ്പ് സന്ദേശങ്ങളായി അശാസ്ത്രീയത പ്രചരിപ്പിക്കുന്നവരില്‍ അധ്യാപകരുമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ശാസ്ത്രവിദ്യാഭ്യാസം കേവലം മാര്‍ക്കു നേടുന്നതിനുള്ള ഉപാധി മാത്രമല്ല. കാര്യങ്ങളെ യുക്തിസഹമായി സമീപിക്കാനുള്ള കഴിവ് ആര്‍ജിച്ചെടുക്കാനുള്ള ഉപാധികൂടിയാണെന്നും അതു മനസില്‍വച്ചു പ്രവര്‍ത്തിക്കാന്‍ അധ്യാപകര്‍ തയാറാകണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ലോകത്തുണ്ടായ മാറ്റങ്ങള്‍ക്കൊപ്പം സഞ്ചരിക്കാന്‍ ശാസ്ത്രമേളയ്ക്കു കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സഹോദരന് അയ്യപ്പന്റെ കോടി സൂര്യനുദിച്ചാലും വാചകം ഉദ്ധരിച്ചുകൊണ്ടാണ് മുഖ്യമന്ത്രി ശാസ്ത്രോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.
മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ സജി ചെറിയാന്, പി. പ്രസാദ് എന്നിവര്‍ മുഖ്യാതിഥികളായി. എംഎല്‍എമാരായ പി.പി. ചിത്തരഞ്ജൻ, എച്ച്. സലാം, തോമസ് കെ. തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, ആലപ്പുഴ നഗരസഭാധ്യക്ഷ കെ. കെ. ജയമ്മ, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ എം. വി. പ്രിയ, ജില്ലാ പഞ്ചായത്തംഗം ആർ. റിയാസ്, നഗരസഭാ സ്ഥിരംസമിതി അധ്യക്ഷ ആര്. വിനീത, പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ. ജീവന് ബാബു, ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ്, എസ്സിഇആര്ടി ഡയറക്ടര്‍ ആർ.കെ. ജയപ്രകാശ്, കൈറ്റ് സിഇഒ കെ. അന്‍വര്‍ സാദത്ത് എന്നിവര്‍ പ്രസംഗിച്ചു.
സ്കൂള്‍ ശാസ്ത്രോത്സവത്തിന്റെ ഭാഗമായി സംഘാടക സമിതി പുറത്തിറക്കുന്ന സുവനീറിന്റെ കവര്‍പേജ് മന്ത്രി പി. പ്രസാദ് മന്ത്രി വി. ശിവന്‍കുട്ടിക്ക് നല്കി പ്രകാശനം ചെയ്തു.