ശബരിമല സര്‍വീസ് : എല്ലാ ബസുകള്‍ക്കും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റുണ്ടെന്ന് കെഎസ്ആര്‍ടിസി
Saturday, November 16, 2024 1:05 AM IST
കൊച്ചി: ശബരിമല തീര്‍ഥാടനത്തിന്റെ ആദ്യഘട്ടത്തില്‍ 383 ബസുകള്‍ സര്‍വീസ് നടത്തുമെന്ന് കെഎസ്ആര്‍ടിസി ഹൈക്കോടതിയെ അറിയിച്ചു.
ലോഫ്ലോര്‍ നോണ്‍ എസി 120, വോള്‍വോ നോണ്‍ എസി 55, ഫാസ്റ്റ് പാസഞ്ചര്‍ 122, സൂപ്പര്‍ ഫാസ്റ്റ് 58, ഡീലക്സ് 15, ഇന്റര്‍സ്റ്റേറ്റ് സൂപ്പര്‍ എക്സ്പ്രസ് 10 എന്നിവയ്ക്കു പുറമെ മൂന്ന് മെയിന്റനന്‍സ് വാഹനങ്ങളും ആദ്യഘട്ടത്തിലുണ്ടാകും. ഈ സര്‍വീസുകളില്‍ 300 ഡ്രൈവര്‍മാർ, 200 കണ്ടക്ടര്‍മാര്‍, 35 ഇന്‍സ്പെക്ടര്‍മാര്‍, 65 മെക്കാനിക്കുകള്‍, 10 ഓഫീസ് ജീവനക്കാര്‍, 18 സെക്യൂരിറ്റി താത്കാലിക ജീവനക്കാര്‍ എന്നിങ്ങനെ 628 ജീവനക്കാരും ഉണ്ടാകും. രണ്ടാംഘട്ടത്തില്‍ 550 ബസുകളും 728 ജീവനക്കാരുമുണ്ടാകും. ശബരിമല സര്‍വീസിനുള്ള എല്ലാ ബസുകള്‍ക്കും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റുണ്ടെന്നും കെഎസ്ആര്‍ടിസി വ്യക്തമാക്കി.
ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത ഒരു ബസുപോലും ശബരിമല സര്‍വീസിന് ഉപയോഗിക്കരുതെന്ന് ജസ്റ്റീസുമാരായ അനില്‍ കെ. നരേന്ദ്രന്, എസ്. മുരളീകൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യാഴാഴ്ച കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.
തിരക്കനുഭവപ്പെടുന്ന സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലടക്കം കച്ചവടക്കാരും മറ്റും തീര്‍ഥാടകരെ ചൂഷണം ചെയ്യുന്ന സാഹചര്യമുണ്ടാകരുതെന്ന് കോടതി പറഞ്ഞു. തീര്‍ഥാടകരുടെ സുരക്ഷ കണക്കിലെടുത്ത് ഗതാഗത മേഖലയിലടക്കം നിരീക്ഷണം ശക്തമാക്കണം.
എലവുങ്കലില്‍ സിസിടിവി കാമറകള്‍ക്കു പുറമെ വാഹനങ്ങളുടെ നമ്പര്‍പ്ലേറ്റ് ഡിറ്റക്ടിംഗ് കാമറകളും സ്ഥാപിച്ചതായി മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.