കേരള സ്കൂള്‍ ശാസ്ത്രോത്സവത്തിനു പതാക ഉയര്‍ന്നു
Saturday, November 16, 2024 1:05 AM IST
ആലപ്പുഴ: 18 വരെ ആലപ്പുഴയില്‍ നടക്കുന്ന സംസ്ഥ്ന സ്കൂള്‍ ശാസ്ത്രോത്സവത്തിന്റെ പ്രധാന വേദിയായ സെന്റ് ജോസഫ്സ് എച്ച്എസ്എസ് അങ്കണത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ. ജീവന് ബാബു പതാക ഉയര്‍ത്തി.
രാവിലെ 10ന് നടന്ന ചടങ്ങില്‍ പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ സി.എ. സന്തോഷ്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഇ.എസ്. ശ്രീലത, ജില്ലാ പഞ്ചായത്തംഗം ആര്. റിയാസ്, വിവിധ കമ്മിറ്റികളുടെ കണ്‍വീനര്‍മാര്‍, ഉദ്യോഗസ്ഥര്‍, അധ്യാപക സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
ക്വിസ് മത്സരം ജേതാക്കൾ
ആലപ്പുഴ: ഹൈസ്കൂള്‍ വിഭാഗം സയന്‍സ് ക്വിസ് മത്സരത്തില്‍ വി.കെ. മിഥുന്‍കൃഷ്ണ ജേതാവായി. 15 പോയിന്റുമായി പാലക്കാട് തൃത്താല കല്ലടത്തൂര്‍ ഗോപാലകൃഷ്ണ ഗോഖലെ എച്ച്എസ്എസിലെ വി.കെ. മിഥുന്‍കൃഷ്ണ ഒന്നാമത് എത്തിയപ്പോള്‍ എറണാകുളം കളമശേരി രാജഗിരി എച്ച്എസ്എസിലെ ജസ്റ്റിന് ജേക്കബ് 14 പോയിന്റുമായി രണ്ടാമതെത്തി.
ഹൈസ്കൂള്‍ ഗണിതശാസ്ത്ര ക്വിസ് മത്സരത്തിൽ എറണാകുളം മട്ടാഞ്ചേരി ടിഡിഎച്ച്എസിലെ 10-ാം ക്ലാസ് വിദ്യാര്‍ഥി കാര്‍ത്തിക് അനില്‍ ഷേണായി ഒന്നാമതെത്തി.
തിരുവനന്തപുരം ജില്ല മുന്നില്‍
ആലപ്പുഴ: സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവത്തിലെ ആദ്യദിനം തിരുവനന്തപുരം ജില്ല മുന്നില്‍. 47 പോയന്റാണ് ഇവരുടെ സമ്പാദ്യം. 42 പോയിന്റുവീതം നേടിയ തൃശൂരും കണ്ണൂരുമാണ് തൊട്ടുപിന്നില്‍. 41 പോയിന്റുമായി പാലക്കാടും കോട്ടയവും ഒപ്പത്തിനൊപ്പമാണ്.
സ്കൂളുകളില്‍ മുന്നില്‍ തിരുവനന്തപുരം മടവൂര്‍ എന്എസ്എസ്എച്ച്എസും വയനാട് നടവയല്‍ സെന്റ് തോമസ് എച്ച്എസുമാണ്-13പോയിന്റ്. എറണാകുളം മട്ടാഞ്ചേരി ടിഡിഎച്ച്എസ്എസിനും തൃശൂര്‍ കൊരട്ടി എംഎഎംഎച്ച്എസിനും കോട്ടയം കോതനല്ലൂര്‍ ഇമ്മാനുവല്‍ എച്ച്എസ്എസിനും 10 പോയിന്റ് വീതമുണ്ട്.