നെടുങ്കണ്ടം കസ്റ്റഡി മരണം: പോലീസ് ഉദ്യോഗസ്ഥരെ ഉപാധികളോടെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ ഉത്തരവ്
Saturday, November 16, 2024 1:05 AM IST
കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി കൊലപാതക്കേസില്‍ പ്രതികളായ എസ്ഐ അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥരെ ഉപാധികളോടെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ ഹൈക്കോടതി ഉത്തരവ്.
പ്രതികളായ എസ്ഐ കെ.എ. സാബു, എഎസ്ഐ സി.ബി. റെജിമോന്, സിപിഒ എസ്. നിയാസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സജീവ് ആന്റണി എന്നിവരെ ഇടുക്കി ജില്ലയില്‍ നിയമനം നല്‍കരുതെന്ന വ്യവസ്ഥയോടെ തിരിച്ചെടുക്കാനാണ് ജസ്റ്റീസുമാരായ മുഹമ്മദ് മുഷ്താഖ്, പി.എം. മനോജ് എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് ഉത്തരവിട്ടത്. സസ്പെന്‍ഷനെതിരേ ഇവര്‍ കോടതിയെ സമീപിക്കുകയായിരുന്നു.
സാമ്പത്തിക തട്ടിപ്പുകേസില്‍ അറസ്റ്റിലായ രാജ്കുമാര് 2019 ജൂണ്‍ 21ന് കസ്റ്റഡി മര്‍ദനത്തെത്തുടര്‍ന്നു മരിച്ച കേസിലാണ് ഹര്‍ജിക്കാര്‍ പ്രതികളായത്. കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു.
2019 ജൂണ്‍ 26 മുതല്‍ ഉദ്യോഗസ്ഥര്‍ സസ്പെന്‍ഷനിലാണ്. ഇക്കാര്യങ്ങള്‍ പരിഗണിച്ചാണു സസ്പെന്ഷന് പിന്‍വലിക്കാന്‍ കോടതി ഉത്തരവിട്ടത്. സസ്പെന്ഷന് പിന്‍വലിക്കണമെന്ന ആവശ്യമുന്നയിച്ച് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചെങ്കിലും ഫലമില്ലാതിരുന്നതിനെത്തുടര്ന്നാണ് ഹര്‍ജിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.