പി.വി. അൻവർ എംഎൽഎയ്ക്കെതിരേ പി. ശശി കോടതിയിൽ
Saturday, November 16, 2024 1:05 AM IST
തലശേരി: മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരേ ഗുരുതരമായ ആരോപണങ്ങൾ ഉയർത്തിയ പി.വി. അൻവർ എംഎൽഎക്കെതിരേ കണ്ണൂരിലെ രണ്ടു കോടതികളിൽ പി. ശശി പരാതി നൽകി.
കണ്ണൂർ ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലും തലശേരി ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലുമാണു പ്രമുഖ ക്രിമിനൽ അഭിഭാഷകൻ കെ. വിശ്വൻ മുഖാന്തരം പി. ശശി പരാതി നൽകിയത്.
ഭാരതീയ ന്യായ സംഹിത 356-ാം വകുപ്പ് പ്രകാരം അൻവറിനെതിരേ ക്രിമിനൽ കേസ് എടുക്കണമെന്നാവശ്യപ്പെട്ടാണു രണ്ടു കോടതികളിലും പി. ശശി ഇന്നലെ പരാതി നൽകിയത്. പി.വി. അൻവർ ഫേസ്ബുക്കിലൂടെയും പാലക്കാട് പത്രസമ്മേളനത്തിലൂടെയും ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളാണു പരാതിക്ക് അടിസ്ഥാനം.
ഫേസ്ബുക്കിലൂടെ നടത്തിയ അധിക്ഷേപത്തിന് തലശേരി ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലും പാലക്കാട് പത്രസമ്മേളനത്തിലൂടെ ഉയർത്തിയ ആരോപണങ്ങൾക്കു കണ്ണൂർ ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലുമാണു പരാതി നൽകിയത്.
മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായിരുന്ന പി.പി. ദിവ്യയുടെ ഭർത്താവ് പി. ശശിയുടെ ബിനാമിയാണെന്നും 15 പെട്രോൾ പമ്പുകൾ ഇവർക്കുണ്ടെന്നതുൾപ്പെടെ നിരവധി ആരോപണങ്ങളാണ് അൻവർ ശശിക്കെതിരേ ഉന്നയിച്ചത്.
ആരോപണങ്ങൾ പിൻവലിച്ച് മാപ്പു പറയണയണമെന്നാവശ്യപ്പെട്ട് പി.ശശി, കെ.വിശ്വൻ മുഖാന്തരം അയച്ച വക്കീൽ നോട്ടീസ് അൻവർ കൈപ്പറ്റിയെങ്കിലും മുറപ്രകാരം കാര്യങ്ങൾ ചെയ്യാത്തതിനെത്തുടർന്നാണു നീതി തേടി ശശി കോടതിയെ സമീപിച്ചിട്ടുള്ളത്.