പട്ടികവിഭാഗം സ്കോളര്‍ഷിപ്പ്: കോടതി വിശദീകരണം തേടി
Saturday, November 16, 2024 1:05 AM IST
കൊച്ചി: പട്ടികവിഭാഗം വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പുകളും ധനസഹായങ്ങളും ലഭ്യമാക്കാത്ത സര്‍ക്കാര്‍ നടപടിക്കെതിരായ ഹര്‍ജിയില്‍ ഹൈക്കോടതി വിശദീകരണം തേടി.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിഷേധാത്മകവും ക്രൂരവുമായ നിലപാട് മൂലം പട്ടികവിഭാഗം വിദ്യാര്‍ഥികള്‍ പഠനം പൂര്‍ത്തിയാക്കാനാകാത്ത അവസ്ഥയിലാണെന്നു ചൂണ്ടിക്കാട്ടി അഡ്വ. സി.വി. ചന്ദ്രദാസ് നല്കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റീസ് നിധിന് ജാംദാര്‍, ജസ്റ്റീസ് എസ്. മനു എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വിശദീകരണം തേടിയത്.
പട്ടികവിഭാഗക്കാരുടെ ഉന്നമനം ലക്ഷ്യമാക്കി അനുവദിച്ച വിദ്യാഭ്യാസ ഗ്രാന്റുകളാണ് തുടര്‍ച്ചയായി മുടങ്ങുന്നതെന്ന് ഹര്‍ജിയില്‍ പറയുന്നു. ഇ-ഗ്രാന്റ്, സ്കോളര്‍ഷിപ്പ്, ട്യൂഷന് ഫീസ്, ഹോസ്റ്റല്‍ ഫീസ് തുടങ്ങി സര്‍ക്കാര്‍ നല്‍കേണ്ട ധനസഹായങ്ങളുടെ കാര്യത്തില്‍ ഉദാസീന നിലപാടാണ് പുലര്‍ത്തുന്നത്.
മൂന്നു കോടിയോളം രൂപയാണ് സഹായധനം ഇനത്തില്‍ പട്ടികവിഭാഗം വിദ്യാര്‍ഥികള്‍ക്ക് കുടിശികയുള്ളതെന്നാണ് പട്ടികവര്‍ഗ വികസന വകുപ്പില്‍നിന്നു വിവരാവകാശ നിയമപ്രകാരം ലഭിച്ച വിവരം. വിദ്യാര്‍ഥികളില്‍ പലരും പഠനം നിർത്തുന്നതിനെക്കുറിച്ച് ആലോചിക്കുകയാണ്.
സ്വാശ്രയ കോളജുകളിലെ പട്ടികവിഭാഗം വിദ്യാര്‍ഥികളാണ് ഏറെ ദുരിതം അനുഭവിക്കുന്നത്. പട്ടികജാതി-വര്‍ഗ വിദ്യാര്‍ഥികളുടെ സംരക്ഷണത്തിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ബാധ്യതയുണ്ട്. അതിനാല്‍, കുടിശികത്തുക പൂര്‍ണമായി വിതരണം ചെയ്യാന്‍ കോടതി ഉത്തരവിടണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.