മുനന്പംകാർക്കൊപ്പം നിൽക്കാത്തത് സർക്കാരും വഖഫ് ബോർഡുമെന്നു വി.ഡി. സതീശൻ
Saturday, November 16, 2024 1:05 AM IST
പാലക്കാട്: മുനന്പത്തെ പാവങ്ങൾക്കൊപ്പം നിൽക്കാത്തതു കേരള സർക്കാരും വഖഫ് ബോർഡും മാത്രമാണെന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ.
സഹോദരമതത്തിൽപ്പെട്ടവർക്ക് ഒരു പ്രശ്നംവന്നപ്പോൾ എല്ലാവരും ഒന്നിച്ചുനിൽക്കുകയാണ്. കേരള സർക്കാരും വഖഫ് ബോർഡുമാണ് ആ പാവങ്ങൾക്കൊപ്പം നിൽക്കാത്തത്.
സിപിഎം ഒരു കള്ളക്കളി കളിക്കുന്നുണ്ട്. അതുകൊണ്ടാണ് തെരഞ്ഞെടുപ്പിന്റെ തലേന്നു വയനാട്ടിലും തൃശൂരിലും വഖഫ് ബോർഡ് നോട്ടീസ് നൽകിയത്. നോട്ടീസ് നൽകിയതിന്റെ പിറ്റേന്നു ബിജെപി നേതാക്കൾ സ്ഥലം സന്ദർശിക്കുന്നു. മനഃപൂർവമായി പ്രകോപനം ഉണ്ടാക്കാനുള്ള സംഘപരിവാർ അജൻഡയ്ക്കു സർക്കാരും വഖഫ് ബോർഡും കുടപിടിച്ചുകൊടുക്കുകയാണ്.
കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ഗോപാലകൃഷ്ണനും ശബരിമലയെ സംഘർഷഭൂമിയാക്കാൻ ശ്രമിച്ചു. നൂറുകണക്കിനു കാലമായുള്ള വാവരുനട പൊളിക്കണമെന്നു ഗോപാലകൃഷ്ണൻ പറഞ്ഞിട്ടും ഒരു കേസ് പോലും പിണറായി സർക്കാർ എടുത്തില്ല.
പിണറായിയെ വിമർശിച്ചാൽ വീടും ഓഫീസും റെയ്ഡ് ചെയ്യുന്നവരാണ് ഇപ്പോൾ കേസെടുക്കാതിരിക്കുന്നത്. ബിജെപി നേതാക്കൾക്കെതിരേ കേസെടുക്കാൻ പിണറായി വിജയനു ധൈര്യമില്ല. ബിജെപിയെ ഭയന്നാണ് പിണറായി കേരളം ഭരിക്കുന്നതെന്നും വി.ഡി. സതീശൻ പറഞ്ഞു.