മരണക്കെണിയൊരുക്കി കൂത്താട്ടുകുളം- പാലാ റോഡിലെ പുതിയ കലുങ്ക്
1581971
Thursday, August 7, 2025 4:52 AM IST
കൂത്താട്ടുകുളം: പാലാ പിഡബ്ല്യുഡി റോഡിൽ മംഗലത്തുതാഴം കവലയ്ക്ക് സമീപത്തെ കലുങ്ക് തകർന്നു. കൂത്താട്ടുകുളം - പാലാ റോഡിന്റെ പുനർനിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി പുതിയതായി നിർമിച്ച കലുങ്കിന്റെ മധ്യഭാഗമാണ് തകർന്നിട്ടുള്ളത്. ഈ ഭാഗത്തെ കോൺക്രീറ്റ് അടർന്ന് കമ്പികൾ മാത്രം അവശേഷിക്കുന്ന നിലയിലാണ്. അപകടാവസ്ഥയിൽ തുടരുന്ന കലുങ്കിലെ കുഴിയിൽ പ്രദേശവാസികളും നഗരസഭ കൗൺസിലറും ചേർന്ന് അപായ സൂചക അടയാളം സ്ഥാപിച്ചു.
കലുങ്കിന്റെ അപകടാവസ്ഥ അറിഞ്ഞ് അനൂപ് ജേക്കബ് എംഎൽഎ സ്ഥലത്ത് എത്തി. പ്രഥമ ദൃഷ്ടിയിൽ നിർമാണത്തിൽ ഉണ്ടായ അപാകത തന്നെയാണെന്നും നിർമാണത്തിൽ അഴിമതി നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. അടിയന്തര പ്രാധാന്യത്തോടെ കലുങ്ക് പൊളിച്ചു പണിയാനുള്ള നടപടികൾ സ്വീകരിക്കാനുള്ള നിർദേശവും എംഎൽഎ ഉദ്യോഗസ്ഥർക്ക് നൽകി.
ഒരു കോടി നാല് ലക്ഷം രൂപ മുടക്കിൽ ബിഎംബിസി നിലവാരത്തിൽ ടാർ ചെയ്ത് റോഡിലെ കലുങ്കാണ് അപകടത്തിൽ ആയത്. എസ്റ്റിമേറ്റിൽ ഈ കലുങ്ക് നിർമാണത്തിനും തുക അനുവദിച്ചിരുന്നു. കലുങ്കിന്റെ നിർമാണ പ്രവർത്തികൾ നടന്നുകൊണ്ടിരുന്നപ്പോൾ നിർമാണത്തിലെ അപാകത ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും നടപടിയുണ്ടായില്ല.
നഗരസഭ കൗൺസിലർമാരായ പ്രിൻസ് പോൾ ജോൺ, ബോബൻ വർഗീസ്, ബേബി കിരാംന്തരം, ജിജോ ടി. ബേബി, സമീപവാസികളായ ജോബി തൊണ്ടിക്കാട്ടിൽ, സുരേഷ് ചേരിക്കവാഴയിൽ, ജോബി തോമസ്, സിപിഐ നേതാവ് എ.കെ. ദേവദാസ് എന്നിവരും എംഎൽഎയ്ക്ക് ഒപ്പം ഉണ്ടായിരുന്നു.
കോൺഗ്രസ് ഇന്നു വഴി തടഞ്ഞ് സമരം നടത്തും
അഴിമതിക്കു കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരേ കർശനമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടു കൂത്താട്ടുകുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്നു മംഗലത്തുതാഴത്ത് വഴി തടയൽ സമരം നടത്തുമെന്നു മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് റെജി ജോൺ, നഗരസഭ കൗൺസിലർമാരായ പ്രിൻസ് പോൾ ജോൺ, കൗൺസിലർ ബോബൻ വർഗീസ് എന്നിവർ അറിയിച്ചു.