ഇരുട്ടി വെളുത്തപ്പോള്‍ കൊച്ചി വെള്ളക്കെട്ടില്‍
1581681
Wednesday, August 6, 2025 4:35 AM IST
കൊച്ചി: ഇന്നലെ പുലര്‍ച്ചെ മണിക്കൂറോ ളം നിന്നുപെയ്ത ശക്തമായ മഴയില്‍ കൊച്ചി നഗരം വെള്ളത്തിലായി. താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. പലയിടങ്ങളിലും ഗതാഗതം തടസപ്പെട്ടു. കിഴക്കന്‍ മേഖലകളില്‍ മരങ്ങള്‍ ഒടിഞ്ഞുവീണ് വൈദ്യുതി കമ്പികള്‍ പൊട്ടി. കുണ്ടുംകുഴിയുമായ പള്ളിമുക്ക്-പുന്നല റോഡില്‍ ആക്സില്‍ ഒടിഞ്ഞു വാഹനം വെള്ളക്കെട്ടില്‍ കുടുങ്ങി.
തീരമേഖലയിൽ കടല്‍കയറ്റവും വെള്ളക്കെട്ടും ജനജീവിതം ദുരിതത്തിലാക്കി. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലും സൗത്ത് റെയില്‍വേ സ്റ്റേഷന്റെ പ്രവേശ കവാടത്തിനു മുന്നിലും വെള്ളക്കെട്ടിൽ യാത്രക്കാര്‍ വലഞ്ഞു. പരമാര റോഡ്, കലാഭവന്‍ റോഡ്, കാരിക്കാമുറി പ്രദേശം, പാലാരിവട്ടം സെന്റ് മാര്ട്ടിന് പള്ളിക്ക് മുന്‍വശം, ഇടപ്പള്ളി ചങ്ങമ്പുഴ പാര്ക്കിന് മുന്‍വശം, സ്റ്റേഡിയം ലിംഗ് റോഡ്, കടവന്ത്ര, ഇടപ്പള്ളി ടോള്‍, കളമശേരി പ്രീമിയര്‍ ഭാഗങ്ങളിലെല്ലാം വെള്ളക്കെട്ട് രൂക്ഷമായിരുന്നു. മഴയുടെ ശക്തി കുറഞ്ഞതോടെ വെള്ളക്കെട്ട് ഒഴിവായി.
വെള്ളക്കെട്ട് ഒഴിവാക്കാൻ ഡീ വാട്ടറിംഗ് പമ്പ്
കൊച്ചി: നഗരത്തിലെ വെള്ളക്കെട്ടിന് പരിഹാരമേകാന്‍ കൂറ്റന്‍ ഡീ വാട്ടറിംഗ് പമ്പുകളുമായി ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി. ഓപ്പറേഷന് ബ്രേക്ക് ത്രൂവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനായി കിര്ലോസ്കര് കമ്പനിയുടെ നാല് പമ്പുകളാണ് 2.17 കോടി രൂപ ചെലവഴിച്ച് ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി വാങ്ങിയത്. ശക്തമായ വെള്ളക്കെട്ട് ഉണ്ടായാല്‍ വെള്ളം പമ്പ് ചെയ്ത് മാറ്റാന്‍ തക്ക ശേഷിയുള്ളതാണ് ഈ പമ്പുകള്‍.
കടവന്ത്ര ഗാന്ധിനഗര്‍ അഗ്നിരക്ഷാ നിലയത്തില്‍ നടന്ന ചടങ്ങില്‍ കൊച്ചി മേയര്‍ എം. അനില്‍കുമാര്‍, ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് എന്നിവര്‍ ചേര്‍ന്ന് അഗ്നിരക്ഷാസേന റീജിയണ്‍ ഫയര്‍ ഓഫീസര്‍ ജെ.എസ.് സുനില്‍ കുമാറിന് പമ്പുകള്‍ കൈമാറി.
തൃപ്പൂണിത്തുറയാകെ മുങ്ങി
തൃപ്പൂണിത്തുറ: ഇന്നലെ പുലര്‍ച്ചെ മുതല്‍ പെയ്ത കനത്ത മഴയില്‍ തൃപ്പൂണിത്തുറയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലായി. കോട്ടയ്ക്കകം-വടക്കേക്കോട്ട റോഡില്‍ സമീപകാലത്തുണ്ടായതില്‍ ഏറ്റവും രൂക്ഷമായ വെള്ളക്കെട്ടായിരുന്നു ഇന്നലത്തേത്.
ബസുകളും മറ്റും കടന്നു പോകുമ്പോള്‍ റോഡിനിരുവശവുമുള്ള വീടുകളിലേക്കും കടകളിലേക്കും വെള്ളം അടിച്ചു കയറി. ഇവിടെ വെള്ളക്കെട്ട് ഒഴിവാക്കാനായി കാനകള്‍ പുതുക്കി നിർമിച്ചെങ്കിലും ഫലം കണ്ടില്ല.
കോട്ടയ്ക്കകത്ത് പൂര്‍ണത്രയീശ ക്ഷേത്രത്തിന് സമീപത്തുള്ള കടകളിലും വെള്ളം കയറി. പുതുശേരി റോഡില്‍ വെള്ളമുയര്‍ന്നതോടെ റോഡിന്റെ തുടക്ക ഭാഗത്ത് തോടിനോട് ചേര്‍ന്നുള്ള രണ്ട് വീടുകളില്‍ വെള്ളം കയറി. അഗ്നിരക്ഷാസേനയെത്തിയാണ് വീട്ടുകാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്.
പുതുശേരി നഗറില്‍ 35 വീടുകളില്‍ വെള്ളം കയറി. ശുചിമുറി മാലിന്യമുള്‍പ്പെടെ ഒഴുകിയെത്തിയതോടെ 15ഓളം വീടുകളില്‍ നിന്ന് ആളുകളെ മാറ്റി. പള്ളിപ്പറമ്പ് കാവ്, വാരിയംപുറം, കോണ്‍വന്റ് റോഡുകളെല്ലാം വെള്ളത്തില്‍ മുങ്ങി. കാനയും റോഡും തിരിച്ചറിയാകാനാകാത്ത വിധമാണ് വെള്ളമുയര്‍ന്നത്. സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡില്‍ വിളക്ക് ജംഗ്ഷനടുത്തും കരിങ്ങാച്ചിറയിലും രൂക്ഷമായ വെള്ളക്കെട്ട് ഉണ്ടായി.
എരൂരിന്റെ താഴ്ന്ന പ്രദേശങ്ങളിലെ റോഡുകളിലും വീടുകളിലും വെള്ളം കയറി. തൃപ്പൂണിത്തുറ-പേട്ട റോഡ്, മരട്-പേട്ട റോഡ്, താമരശേരി റോഡ്, പനക്കല്‍ റോഡ്, കണിയാമ്പുഴ റോഡ് എന്നിവിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായിരുന്നു.
റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നെങ്കിലും വിദ്യാലയങ്ങള്‍ക്ക് അവധിയി നല്കാതിരുന്നതിനാല് വിദ്യാര്‍ഥികള്‍ മുട്ടോളം വെള്ളത്തിലൂടെ നടന്നാണ് പോയത്. പലയിടങ്ങളിലും പുറത്തിറങ്ങാന്‍ പറ്റാത്ത സാഹചര്യമായിരുന്നതിനാല്‍ കുട്ടികള്‍ സ്വയം അവധിയെടുത്തു.
ഓട അടഞ്ഞു; കെഎസ്ആർടിസി ഡിപ്പോ കുളമായി
പിറവം: തോരാമഴ പിറവം കെഎസ്ആർടിസി ഡിപ്പോയെ വെള്ളത്തിലാക്കി. ഓട അടഞ്ഞതാണ് വിനയായത്. സ്റ്റേഷൻ വരാന്തയിലേക്കും സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസ് അടക്കമുള്ള മുറികളിലേക്കും വെള്ളം കയറി.
വെള്ളം ഉയരുന്നതു കണ്ട് ഡിപ്പോ ഓഫീസിന് മുന്നിലുണ്ടായിരുന്ന കെഎസ്ആർടിസി ബസുകൾ മാറ്റി പാർക്ക് ചെയ്തു. ഇതുമൂലം യാത്രാ തടസമൊന്നും ഉണ്ടായില്ലെന്ന് ഡിപ്പോ അധികൃതർ അറിയിച്ചു.
ഡിപ്പോ സ്ഥിതി ചെയ്യുന്നയിടം താഴ്ന്ന ഭാഗമാണ്. മഴവെള്ളം ഒഴുകിപ്പോകാനായി പിൻഭാഗത്ത് കാന നിർമിച്ചിട്ടുണ്ട്. ഈ കാന ചപ്പുചവറുകൾ വന്നടിഞ്ഞ് അടഞ്ഞു പോയതുമൂലം വെള്ളത്തിന്റെ ഒഴുക്കു നിലച്ചു. വൈകുന്നേരത്തോടെയാണ് കാനയുടെ തടസം നീക്കി വെള്ളം ഒഴുക്കിക്കളഞ്ഞത്.