കൊച്ചിയിലെ ചെളി നീക്കം അവതാളത്തിൽ : സിൽട്ട് പുഷർ നഗരസഭയ്ക്ക് ബാധ്യതയെന്ന്
1581689
Wednesday, August 6, 2025 4:44 AM IST
ഫോർട്ടുകൊച്ചി: സിൽട്ട് പുഷർ ചെളിനീക്കം ചെയ്യൽ നഗരസഭയ്ക്ക് വൻ ബാധ്യതയെന്ന് പ്രതിപക്ഷം. നഗരത്തിലെ തോടുകളിലെ ചെളിനീക്കം ചെയ്യാൻ സിഎസ്എംഎൽ പദ്ധതിയിൽ കോടികൾ മുടക്കി വാങ്ങിയ സില്ട്ട് പുഷർ മെഷീൻ ഉപയോഗിച്ച് ഫലപ്രദമായി ചെളി നീക്കം ചെയ്യാൻ കഴിയുന്നില്ലെന്ന് ഉദ്യോഗസ്ഥർ തന്നെ പറയുന്നു.
സില്ട്ട് പുഷർ ഉപയോഗിച്ച് ചെളി നീക്കം ചെയ്യുന്നതിൽ പുരോഗതിയില്ലാത്തതിനാൽ തോടുകളിലെ ചെളിനീക്കം ചെയ്യാൻ ഇപ്പോൾ കരാർ നൽകുകയാണ്. നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിന് സിൽട്ട് പുഷർ യന്ത്രം ഉപയോഗിച്ച് ചെളി നീക്കം ചെയ്യാൻ കഴിയുന്നില്ലെന്ന് മാത്രമല്ല, ഭീമമായ തുക ഇതിന്റെ പ്രവർത്തനത്തിനും പരിപാലനത്തിനുമായി ചെലവഴിക്കേണ്ടിയും വരുന്നു.
ഇതുപയോഗിച്ച് 63 മണിക്കൂർ കൊണ്ട് 502 ക്യൂബിക് മീറ്റർ ചെളി നീക്കം ചെയ്യുന്നതിന് 5,16,273 രൂപയാണ് ബില്ല് നൽകിയത്. സിൽട്ട് പുഷർ ഉപയോഗിച്ച് ഒരു ക്യൂബിക് മീറ്റർ ചെളി നീക്കം ചെയ്യുന്നതിന് 1,016 രൂപയാണ് നൽകേണ്ടി വരുന്നത്. എന്നാൽ നഗരസഭ ടെൻഡർ നടപടികളിലൂടെ ചെളിനീക്കം ചെയ്തതിന് ഒരു ക്യൂബിക് മീറ്ററിന് 247 രൂപ മാത്രമാണ് നൽകുന്നത്. സിൽട്ട് പുഷർ കൊണ്ട് നീക്കം ചെയ്യുന്ന ചെളി ബ്രഹ്മപുരത്ത് എത്തിക്കേണ്ടത് നഗരസഭയുടെ ഉത്തരവാദിത്വം കൂടിയാണ്.
580 മണിക്കൂർ കൊണ്ട് 5,052 ക്യൂബിക് മീറ്റർ ചെളി മാത്രമാണ് നീക്കം ചെയ്തിട്ടുള്ളത്. മണിക്കൂറിൽ ഏറ്റവും കുറഞ്ഞത് 23 ക്യൂബിക് മീറ്റർ ചെളി എങ്കിലും നീക്കം ചെയ്യണമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ മണിക്കൂറിൽ എട്ട് ക്യൂബിക് മീറ്റർ ചെളി മാത്രമാണ് സിൽട്ട് പുഷർ ഉപയോഗിച്ച് നീക്കം ചെയ്തിട്ടുള്ളത്.
ചെളി കോരി പണം പാഴാക്കുന്നുവെന്ന് ആക്ഷേപം നിലനിൽക്കുമ്പോഴും അതിനെയെല്ലാം വെല്ലുന്ന രീതിയിൽ നഗരസഭയുടെ പണം പാഴാക്കുന്ന തരത്തിലാണ് സിൽട് പുഷറിന്റെ ഉപയോഗ രീതി. കോടികൾ മുടക്കി വാങ്ങിയ മെഷീൻ നഗരസഭയ്ക്ക് ധനനഷ്ടം ഇല്ലാതെ ഉപയോഗിക്കുന്ന രീതിയിൽ കരാർ ഉണ്ടാക്കണം.
അല്ലെങ്കിൽ വരും കൗൺസിലുകൾക്ക് ഇതു വലിയ ബാധ്യതയായി തീരുമെന്ന് പ്രതിപക്ഷ നേതാവ് അഡ്വ. ആന്റണി കുരീത്തറയും പാർലമെന്ററി പാർട്ടി സെക്രട്ടറി എം.ജി. അരിസ്റ്റോറിലും പറഞ്ഞു.