താന്തോണിത്തുരുത്തിനു ചുറ്റിലും വെള്ളം; പക്ഷേ കുടിവെള്ളത്തിനായി നെട്ടോട്ടം
1581691
Wednesday, August 6, 2025 4:44 AM IST
കുടിവെള്ളം മുടങ്ങിയിട്ട് രണ്ടുമാസം
കൊച്ചി: നാലു വശവും വെള്ളത്താല്‍ ചുറ്റപ്പെട്ടതാണെങ്കിലും താന്തോണിത്തുരുത്ത് നിവാസികള്‍ നേരിട്ടുന്ന വലിയ പ്രതിസന്ധികളിലൊന്നാണ് കുടിവെള്ള പ്രശ്നം. വാട്ടര്‍ അഥോറിറ്റിയുടെ കുടിവെള്ളത്തെ മാത്രം ആശ്രയിക്കുന്ന തുരുത്ത് നിവാസികള്‍ക്ക് കൊച്ചി കോര്‍പറേഷന്റെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പടുത്തി അഞ്ച് വര്‍ഷം മുന്‍പ് വാട്ടര്‍ കണക്ഷന് ലഭിച്ചെങ്കിലും കഴിഞ്ഞ രണ്ടു മാസത്തിലേറെയായി ഈ പൈപ്പുകളില്‍ നിന്ന് ഒരിറ്റ് വെള്ളം പോലും കിട്ടുന്നില്ല.
പരാതികള്‍ നിരന്തരം വാക്കാലും നിവേദനമായും നല്‍കിയെങ്കിലും ഒരു ഫലവും ഉണ്ടായില്ല. ഒടുവില്‍ തുരുത്തിലെ 45 ഓളം വരുന്ന കുടുംബങ്ങള്‍ക്ക് വാട്ടര്‍ അഥോറിറ്റി ഓഫീസ് ഉപരോധിക്കേണ്ടിവന്നു.
തമ്മനം പമ്പ് ഹൗസില്‍ നിന്നുള്ള വെള്ളമാണ് കായലിനടിയിലൂടെ സ്ഥാപിച്ച പൈപ്പുകള്‍ വഴി തുരുത്ത് നിവാസികളിലെത്തുന്നത്. രണ്ട് മാസമായി കുടിവെള്ളം കിട്ടാക്കനിയായതോടെ പെരുംമഴയില്‍ പോലും വഞ്ചിയില്‍ മറുകരയിലെത്തി വെള്ളം ശേഖരിക്കേണ്ട ദുരിതത്തിലാണ് ഇവര്‍. കരയിലൂടെ സ്ഥാപിച്ച പിവിസി പൈപ്പ് പൊട്ടിയോ അടഞ്ഞോ തടസം ഉണ്ടായതാകാമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
എന്നാല്‍ പച്ചാളത്ത് താത്കാലിക പമ്പ്സെറ്റ് സ്ഥാപിച്ച് പമ്പ് ചെയ്യുമ്പോള്‍ വെള്ളം ലഭിക്കുന്നുണ്ട്. നേരിട്ടുള്ള പമ്പിംഗിലാണ് പ്രശ്നം. അതു കണ്ടെത്താന്‍ വാട്ടര്‍ അഥോറിറ്റിക്ക് കഴിയുന്നുമില്ല. കുടിവെള്ള പ്രശ്നത്തിന് പരിഹാരം ആവശ്യപ്പെട്ട് ഇന്നലെ ദ്വീപിലെ സ്ത്രീകളടക്കം പള്ളിമുക്ക് വാട്ടര്‍ അഥോറിറ്റി ഓഫീസിലെത്തി പ്രതിഷേധിച്ചതോടെ വേഗം പരിഹാരം ഉണ്ടാക്കാമെന്ന ഉറപ്പ് നല്‍കിയിരിക്കുകയാണ് ഉദ്യോഗസ്ഥര്‍.
താത്കാലിക പരിഹാരമായി ഇന്നലെ ടാങ്കറില്‍ വെള്ളം എത്തിച്ചു. മുന്ന് ദിവസത്തിനുള്ളില്‍ പ്രശ്നം പരിഹരിക്കാമെന്നാണ് ഉറപ്പ്. അതുവരെ താത്കാലികാശ്വാസമായി ടാങ്കറില്‍ വെള്ളമെത്തിക്കാന്‍ ഡിവിഷന് കൗണ്‍സിലറോട് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.