ജില്ലാ സബ് ജൂണിയര്‍ ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പ് സെന്റ് തെരേസാസും രാജഗിരിയും ചാമ്പ്യന്മാര്
1581952
Thursday, August 7, 2025 4:27 AM IST
കൊച്ചി: എറണാകുളം ജില്ലാ ബാസ്കറ്റ്ബോള്‍ അസോസിയേഷന് കൂനമാവിലെ ചാവറ ദര്ശന് സിഎംഐ പബ്ലിക് സ്കൂളില്‍ സംഘടിപ്പിച്ച എറണാകുളം ജില്ലാ സബ് ജൂണിയര്‍ ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കളമശേരി രാജഗിരി സ്കൂളും, പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ എറണാകുളം സെന്റ് തെരേസാസ് സ്കൂളും ചാമ്പ്യന്മാരായി.
തേവര എസ്എച്ചിനെ 49-12ന് പരാജയപ്പെടുത്തിയാണ് രാജഗിരി ജേതാക്കളായത്. ആതിഥേയരായ കൂനമ്മാവ് ചാവറ ദര്ശന് സിഎംഐ പബ്ലിക് സ്കൂളിനെ 19-2നാണ് ഫൈനലില്‍ സെന്റ് തെരേസാസ് പരാജയപ്പെടുത്തിയത്.
ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മികച്ച കളിക്കാരനുള്ള ട്രോഫി രാജഗിരിയിലെ ഏഥാന്‍ ജോസഫിന് ജൂണിയര്‍ ഇന്റര്‍നാഷണല്‍ ബാസ്കറ്റ്ബോള്‍ താരം ഷിനുമോന്‍ അഗസ്റ്റിന് സമ്മാനിച്ചു. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ എറണാകുളം സെന്റ് തെരേസസിലെ ദിയ രാധാകൃഷ്ണന് മികച്ച താരമായി. അഡ്വ. കെ.എ. സലിം ട്രോഫി സമ്മാനിച്ചു. സമാപന ചടങ്ങില്‍ വോളിബോള്‍ താരം ടോം ജോസഫ് ട്രോഫികളും മെഡലും സമ്മാനിച്ചു.
ഇഡിബിഎ. പ്രസിഡന്റ് ശിഹാബ് നീറുങ്കല്‍ അധ്യക്ഷത വഹിച്ചു എറണാകുളം ജില്ലാ ബാസകറ്റ് ബോള്‍ അസോസിയേഷന് സെക്രട്ടറി ജെയ്സണ്‍ പീറ്റര്‍, ചാവറ ദര്ശന് സിഎംഐ പബ്ലിക് സ്കൂളിന്റെ മാനേജരും പ്രിന്‍സിപ്പലുമായ ഫാ. മാര്ട്ടിന് മുണ്ടാടന്‍, വൈസ് പ്രിന്‍സിപ്പല്‍ ഫാ. മെജിറ്റ് വട്ടോലി, അഡ്മിനിസ്ട്രേറ്റര്‍ ഫാ. ജോബി കോഴിക്കോട്ട്, ഇഡിബിഎ വൈസ് പ്രസിഡന്റ് പി.ബി അനീഷ്, ഇഡിബിഎ ടെക്ക്നിക്കല്‍ കമ്മറ്റി ചെയര്മാന് ജീവന് രാജ് എന്നിവര്‍ പ്രസംഗിച്ചു.
28 മുതല്‍ ആലപ്പുഴ ജ്യോതിനികേതന്‍ സ്കൂളില്‍ നടക്കുന്ന 50ാമത് കേരള സംസ്ഥാന സബ് ജൂണിയര്‍ ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പിനു മുന്നോടിയായി നടത്തിയ ചാമ്പ്യന്‍ഷിപ്പില്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും 13 ടീമുകള്‍ പങ്കെടുത്തു.