വെള്ളക്കെട്ട്: ഗൂഗിൾ മാപ്പിട്ട് പോയ കാർ കാനയിൽ വീണു
1581679
Wednesday, August 6, 2025 4:35 AM IST
തൃപ്പൂണിത്തുറ: കനത്ത മഴയ്ക്കിടെ പേട്ടയിൽ യൂബർ ടാക്സി കാര്‍ കാനയിൽ വീണു. ഗൂഗിൾ മാപ്പിട്ട് യാത്രക്കാരെ കയറ്റാൻ വരുന്നതിനിടെ വഴി തെറ്റി കാർ തിരിക്കുന്നതിനിടെയാണ് റോഡിനോട് ചേര്‍ന്നുള്ള കാനയിലേക്ക് വീണത്.
പേട്ട താമരശേരി റോഡിൽ ഇന്നലെ പുലർച്ചെ 5.45ഓടെയായിരുന്നു അപകടം. പുലർച്ചെ മുതൽ പെയ്ത ശക്തമായ മഴയിൽ കാനയും റോഡും തിരിച്ചറിയാൻ കഴിയാത്ത വിധം ഇവിടെ വെള്ളം കയറിയിരുന്നു. അപകട സമയം ഡ്രൈവര്‍ മാത്രമാണ് കാറിലുണ്ടായിരുന്നത്.
വഴിയാണെന്ന് തെറ്റിദ്ധരിച്ച് കാര്‍ തിരിച്ചപ്പോൾ കാനയിൽ വീഴുകയായിരുന്നു. ഉടൻ ഡോറിന്റെ ഗ്ലാസ് താഴ്ന്ന് കിടന്ന വിടവിലൂടെ കാറിനുള്ളിൽ നിന്ന് ഡ്രൈവർ പുറത്തിറങ്ങി. പിന്നീട് നാട്ടുകാരുടെ ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ രാവിലെ 10ഓടെയാണ് റിക്കവറി വാഹനം ഉപയോഗിച്ച് കാർ പുറത്തെടുത്തത്.
ഇതിന് മുമ്പും ഇവിടെ അപകടമുണ്ടായിട്ടുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു. രണ്ട് തവണ ബൈക്കും ഒരു തവണ ഓട്ടോറിക്ഷയും ട്രാവലറും കാനയിൽ വീണിട്ടുണ്ട്. മരട് നഗരസഭയും കൊച്ചി കോർപറേഷനും അതിർത്തി പങ്കിടുന്ന തോടാണ് ഇവിടം.
തോടും റോഡും തമ്മിൽ വേര്‍തിരിച്ചുള്ള സുരക്ഷാ സംവിധാനങ്ങളോ സ്ലാബിട്ട് മൂടുകയോ ചെയ്യാത്തതാണ് അപകടങ്ങൾക്ക് കാരണമാകുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു.