മരണമടഞ്ഞവർക്ക് പെൻഷൻ : ചൂർണിക്കര പഞ്ചായത്ത് തുക തിരിച്ചുപിടിച്ചു
1581953
Thursday, August 7, 2025 4:42 AM IST
ആലുവ: മരണമടഞ്ഞവർക്ക് മാസങ്ങളോളം നൽകിയ സാമൂഹ്യ സുരക്ഷാ പെൻഷൻ തുക പഞ്ചായത്തുകൾ ബന്ധുക്കളിൽനിന്നു തിരിച്ചുപിടിച്ചു തുടങ്ങി. ചൂർണിക്കര പഞ്ചായത്തിൽ 11 പേർക്കായി അഞ്ച് മാസം വരെ 1600 രൂപ വീതം അനുവദിച്ചത് തിരിച്ചുപിടിച്ചു.
ചൂർണ്ണിക്കര സ്വദേശി കെ.ടി. രാഹുലിനു ലഭിച്ച വിവരാവകാശ രേഖയിലാണ് ചൂർണിക്കര പഞ്ചായത്ത് സെക്രട്ടറി ബിനി ഐപ്പ് ഈ വിവരം അറിയിച്ചത്. വാർത്തകൾ വന്നതോടെ ജില്ലാ കളക്ടർ എല്ലാ പഞ്ചായത്തുകൾക്കും അധിക തുക തിരിച്ചുപിടിക്കാൻ നിർദ്ദേശം നൽകിയിരുന്നു. ഡയറക്റ്റ് ബെനഫിറ്റ് ട്രാൻസ്ഫർ (ഡിബിടി) എന്ന സെല്ലിലേക്കാണ് തുക മാറ്റുന്നത്. കേരള ബാങ്കിന് കീഴിലുള്ള സോഷ്യൽ സെക്യൂരിറ്റി ഫണ്ട് എന്ന അക്കൗണ്ടിലേക്ക് തുക നിക്ഷേപിക്കും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഓഡിറ്റിംഗ് വിഭാഗമാണ് 2023- 24 സാമ്പത്തിക വർഷത്തിൽ ആലുവ താലൂക്കിലെ അഞ്ച് പഞ്ചായത്തുകളിൽ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയത്. ചൂർണിക്കര, കീഴ്മാട്, ശ്രീമൂലനഗരം, പാറക്കടവ്, ചെങ്ങമനാട് ഗ്രാമപഞ്ചായത്തുകളിലാണ് മരിച്ചവർക്ക് മാസങ്ങളോളം പെൻഷൻ നൽകിയത്. മറ്റ് പഞ്ചായത്തുകളും തുക ഉടൻ കൈമാറും. ഓഡിറ്റ് റിപ്പോർട്ട് വിവരങ്ങൾ 'ദീപിക' യിൽ വന്ന അടിസ്ഥാനത്തിൽ മരണശേഷവും പെൻഷൻ തുടരുന്നുണ്ടോ എന്ന വിവരാവകാശ പ്രവർത്തകരുടെ ചോദ്യത്തിന് അറിയില്ലായെന്ന മറുപടിയാണ് പല പഞ്ചായത്തുകളും നൽകിയിരുന്നത്.
എന്നാൽ ജില്ലാ കളക്ടർ നിർദേശം നൽകിയതോടെ തുക അവകാശികളിൽ നിന്ന് തിരിച്ചുപിടിക്കാനുള്ള നടപടികൾ പഞ്ചായത്തുകൾ ആരംഭിക്കുകയായിരുന്നു.