ശനിദശ മാറാതെ മൂവാറ്റുപുഴ ഇഇസി മാര്‍ക്കറ്റ്
1581968
Thursday, August 7, 2025 4:52 AM IST
മൂവാറ്റുപുഴ: പുരോഗതി ലക്ഷ്യംവച്ച് പുതിയ കമ്പനിക്കു കീഴിയില്‍ കൊണ്ടുവന്നിട്ടും മൂവാറ്റുപുഴ ഇഇസി മാര്‍ക്കറ്റ് മാറ്റമില്ലാതെ തുടരുന്നു. മൂന്നു പതിറ്റാണ്ട് മുമ്പ് കര്‍ഷകരുടെ ഉന്നമനത്തിനായി കൊണ്ടുവന്ന ഇഇസി മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനമാണ് പഴയതുപോലെ തുടരുന്നത്. കര്‍ഷകരുടെ ഉന്നമനത്തിനായി മാര്‍ക്കറ്റിനെ കരകയറ്റാന്‍ അഗ്രോ ബിസിനസ് കമ്പനിയുടെ കീഴിലാക്കുകയായിരുന്നു.
മാര്‍ക്കറ്റിന്റെ ആറ് ഏക്കര്‍ ഭൂമിയും കെട്ടിടങ്ങളും മറ്റു സംവിധാനങ്ങളും രണ്ട് വര്‍ഷം മുമ്പാണ് അഗ്രോ ബിസിനസ് കമ്പനിയായ കാബ്കോയുടെ ഉടമസ്ഥതയിലേക്കു മാറ്റിയത്. ഇതോടെ കര്‍ഷകര്‍ക്ക് ഗുണകരമായ മാറ്റങ്ങള്‍ ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ പിന്നീടും മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ ഒന്നും നടന്നില്ല. കാബ്കോ സാങ്കേതിക കുരുക്കില്‍പ്പെട്ടതോടെ ഇഇസി മാര്‍ക്കറ്റിന്റെ വികസനം മുരടിക്കുകയും ചെയ്തു.
കാര്‍ഷിക ഉത്പ്പന്നങ്ങളുടെ മൂല്യവര്‍ദ്ധനയ്ക്കും സംസ്കരണത്തിനും ഊന്നല്‍ നല്‍കുന്നതിനായി അഗ്രി പാര്‍ക്കുകളും ഫ്രൂട്ട് പാര്‍ക്കുകളും സ്ഥാപിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമാണ് കാബ്കോ രൂപവത്ക്കരിച്ചത്. എന്നാല്‍ ഇപ്പോള്‍ മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം താളം തെറ്റിയിരിക്കുകയാണെന്ന് പരക്കെ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. കെട്ടിടങ്ങള്‍ നാശത്തിന്റെ വക്കിലുമാണ്. മൂവാറ്റുപുഴയിലെ മാര്‍ക്കറ്റിന് പുറമെ സംസ്ഥാനത്തെ മറ്റ് അഞ്ച് ഇഇസി മാര്‍ക്കറ്റുകളും കാബ്കോയുടെ കീഴിലേക്ക് മാറിയിരിന്നു.
കാര്‍ഷിക മേഖലയുടെ ഉന്നമനത്തിനായി 1995ല്‍ സ്ഥാപിച്ചതാണ് കാര്‍ഷിക മാര്‍ക്കറ്റ്. ആഴ്ചയിലൊരിക്കല്‍ നടക്കുന്ന സ്വതന്ത്ര കാര്‍ഷിക വിപണിയുടെ പ്രവര്‍ത്തനങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ മറ്റൊന്നും കാര്യമായി നടക്കുന്നില്ല. ചൊവ്വാഴ്ചതോറും നടക്കുന്ന വിപണിയില്‍ കുറച്ചു കര്‍ഷകര്‍ മാത്രമാണ് ഉത്പന്നങ്ങളുമായി എത്തുന്നത്. ഉത്പന്നങ്ങള്‍ വാങ്ങാന്‍ വ്യാപാരികള്‍ എത്താത്തതിനാല്‍ അര്‍ഹമായ വില ലഭിക്കുന്നില്ലെന്ന പരാതിയും വ്യാപകമാണ്. 30 ലക്ഷത്തോളം രൂപ ചെലവഴിച്ചു നിര്‍മാണം പൂര്‍ത്തിയാക്കിയ വെയര്‍ഹൗസ് കെട്ടിടം വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പ്രവര്‍ത്തനമാരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇഇസി മാര്‍ക്കറ്റില്‍ ഒട്ടേറെ കെട്ടിടങ്ങള്‍ ഉപയോഗിക്കാനാകാതെ കിടക്കുമ്പോഴാണ് ലക്ഷങ്ങള്‍ ചെലവഴിച്ചു വെയര്‍ഹൗസ് കെട്ടിടം നിര്‍മിച്ചത്.
കോടികള്‍ ചെലവഴിച്ചു സ്ഥാപിച്ച മാര്‍ക്കറ്റിലെ കൂറ്റന്‍ ശീതീകരണ സംവിധാനങ്ങള്‍ ആർക്കും പ്രയോജനപ്പെടാതെ നശിക്കുകയാണ്. അഞ്ച് കൂറ്റന്‍ ശീതീകരണ സംവിധാനങ്ങളില്‍ ഒന്നു പോലും ഇപ്പോള്‍ പ്രവര്ത്തിക്കുന്നില്ലെന്നാണറിയുന്നത്. കര്‍ഷകരുടെ ഉത്പ്പന്നങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കുന്നതിനായിരുന്നു ശീതീകരണ സംവിധാനം ഒരുക്കിയത്.
സ്മാര്‍ട് മാര്‍ക്കറ്റ് ആക്കാനുള്ള പദ്ധതിയും എങ്ങും എത്തിയില്ല. കര്‍ഷകര്‍ക്ക് ഏറെ ഗുണകരമാകുന്ന ഇഇസി മാര്‍ക്കറ്റിന്റെ വിപുലീകരണത്തിന് അധികൃതര്‍ വേണ്ട നടപടി സ്വീകരിക്കണമെന്നാണ് ആവശ്യമുയര്‍ന്നിരിക്കുന്നത്.