കൂനമ്മാവ് ചാവറ സ്പെഷല്‍ സ്കൂളില്‍ ചില്‍ഡ്രന്‍സ് വില്ലേജ്
1581684
Wednesday, August 6, 2025 4:35 AM IST
വരാപ്പുഴ: സിഎംസി വിമല പ്രോവിന്സിന്റെ നേതൃത്വത്തിലുള്ള കൂനമ്മാവ് ചാവറ സ്പെഷല്‍ സ്കൂളില്‍ ചില്‍ഡ്രന്‍സ് വില്ലേജ് ആരംഭിക്കുന്നു. ചാവറ സ്പെഷല്‍ സ്കൂള്‍, പ്രാര്‍ഥന ഫൗണ്ടേഷന്, ചിറ്റിലപ്പിള്ളി ഫൗണ്ടേഷന് എന്നിവയുടെ സഹകരണത്തോടെയാണിത്.
12 വയസു വരെയുള്ള കുട്ടികൾക്ക് ആധുനിക സൗകര്യങ്ങളോടെ ക്രമീകരിച്ചിട്ടുള്ള വിവിധ തെറാപ്പികളിലൂടെ പരിശീലനം നല്‍കും. ബുദ്ധി, ചലന, കാഴ്ച, ശ്രവണ പരിമിതികളെ ലഘൂകരിക്കുന്നതിനുള്ള ഫിസിയോ തെറാപ്പി, സ്പീച്ച് തെറാപ്പി, ഒക്യുപ്പേഷണല്‍ തെറാപ്പി, ബിഹേവിയര്‍ തെറാപ്പി തുടങ്ങിയ സേവനങ്ങള്‍ ആണ് നല്‍കുന്നത്.
ചെറുപ്പത്തിലെ തന്നെ ഭിന്നശേഷിക്കാരായ കുട്ടികളുടെ പരിമിതികള്‍ കണ്ടെത്തി പരിശീലനത്തിലൂടെ ലഘൂകരിക്കാനാണു ചില്‍ഡ്രന്‍സ് വില്ലേജ് ലക്ഷ്യമിടുന്നതെന്നു ചാവറ പ്രിന്‍സിപ്പല്‍ ഫാ.ജോബി കോഴിക്കോട് പറഞ്ഞു. ചില്‍ഡ്രന്‍സ് വില്ലേജിന്റെ ഉദ്ഘാടനം നാളെ വൈകുന്നേരം നാലിനു ഹൈക്കോടതി ജഡ്ജി ദേവന് രാമചന്ദ്രന് നിര്‍വഹിക്കും. പ്രതിപക്ഷനേതാവ് വി.ഡി. സതീശന് അധ്യക്ഷത വഹിക്കും.
1991ലാണ് ചാവറ സ്പെഷല്‍ സ്കൂള്‍ ആരംഭിച്ചത്. ചാവറ വൊക്കേഷണല്‍ ട്രെയ്നിംഗ് സെന്റര്‍, ചാവറ ഭവന് ബോര്‍ഡിംഗ് എന്നിവിടങ്ങളിലായി മുന്നൂറോളം ഭിന്നശേഷിക്കാര്‍ ഇവിടെ പരിശീലനം നേടുന്നുണ്ട്.
പെണ്‍കുട്ടികള്‍ക്കായി ചാവറഭവന്‍ ബോര്‍ഡിംഗ് സ്കൂളും ഉണ്ടെന്ന് സിസ്റ്റര്‍ ജില്‍സി, സിസ്റ്റര്‍ ജെസ്ലിന്, സിസ്റ്റര്‍ ജിത, പ്രാര്‍ഥന ഫൗണ്ടേഷന് കോ-ഓർഡിനേറ്റര്‍ ജീജ കുര്യന്, മേഘ യു.ബോള്‍ഡിന് എന്നിവര്‍ അറിയിച്ചു.