എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍
1581951
Thursday, August 7, 2025 4:27 AM IST
കൊച്ചി: വില്പനയ്ക്കായി എത്തിച്ച കാൽകിലോ എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. എറണാകുളം ഐജിഎം പബ്ലിക് സ്കൂളിനു സമീപം കണ്ണാമ്പള്ളി ആല്‍ഫ്രിന്‍ കെ. സണ്ണി(27)യെയാണ് നാര്‍ക്കോട്ടിക് സെല്‍ എസി കെ.ബി. അബ്ദുൾ സലാമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കൽനിന്ന് 277. 21 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
അല്ഫ്രിനും സുഹൃത്ത് എളമക്കര സ്വദേശി സച്ചിനും ചേര്‍ന്ന് ബംഗളൂരുവില്‍ നിന്ന് വന്‍ തോതില്‍ എംഡിഎംഎ കൊച്ചിയിലേക്ക് എത്തിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ നാളുകളായി നാര്‍ക്കോട്ടിക് സെല്ലിന്റെ നിരീക്ഷണത്തിലായിരുന്നു. ചൊവ്വാഴ്ച രാത്രി ഇയാളുടെ വീടിനു സമീപത്തുനിന്നാണ് ആല്ഫ്രിനെ പിടികൂടിയത്.
അവിടെ പാര്‍ക്ക് ചെയ്തിരുന്ന ഇയാളുടെ സഹോദരിയുടെ ഉടമസ്ഥതയിലുള്ള വാഹനത്തിന്റെ പുറകിലെ ഡോറിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് എംഡിഎംഎ കണ്ടെത്തിയത്. കൂട്ടാളി സച്ചിനെ പിടികൂടുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചു. പ്രതിയെ പാലാരിവട്ടം പോലീസിനു കൈമാറി.