കുട്ടമ്പുഴയിൽ ഊരുകൂട്ട ജില്ലാതല സംഗമം
1581704
Wednesday, August 6, 2025 5:15 AM IST
കോതമംഗലം: പട്ടികവർഗ വികസന വകുപ്പിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഊരുകൂട്ട ജില്ലാതല പ്രതിനിധി സംഗമം കുട്ടമ്പുഴയിൽ നടത്തി. കുട്ടമ്പുഴ പഞ്ചായത്ത് ടൗൺ ഹാളിൽ സംഘടിപ്പിച്ച ജില്ലാതല സംഗമത്തിന്റെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ അധ്യക്ഷത വഹിച്ചു. മൂവാറ്റുപുഴ ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർ കെ.ജി. മനോജ്, പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ. ഗോപി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൽമ പരീത്, പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻമാരായ കെ.എ. സിബി, മിനി മനോഹരൻ തുടങ്ങിയവർ പങ്കെടുത്തു.
സംഗമത്തോടനുബന്ധിച്ച് പട്ടിക വർഗ വികസനം-ഇന്നലെ ഇന്ന് നാളെ എന്ന വിഷയത്തിൽ സെമിനാർ നടന്നു. കുടുംബശ്രീ മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ പൊന്നി കണ്ണൻ, അടിമാലി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർ ജൂനിയർ സൂപ്രണ്ട് പി. രാജീവ് എന്നിവർ ക്ലാസുകൾ നയിച്ചു.
പട്ടികവർഗ വികസന വകുപ്പിന്റെ സുവർണ ജൂബിലിയുടെ ഭാഗമായി ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളാണ് സംസ്ഥാനത്ത് സംഘടിപ്പിക്കുവാൻ തീരുമാനിച്ചിട്ടുള്ളത്. തദേശീയ ജനതയുടെ അന്തർദേശീയ ദിനമായ ഒൻപതിന് സുവർണ ജൂബിലി ആഘോഷങ്ങൾക്ക് സംസ്ഥാനത്ത് തുടക്കമാകും.