പെരുമഴയിലും അവധിയില്ല കളക്ടര്‍ക്ക് ട്രോള്‍ മഴ
1581680
Wednesday, August 6, 2025 4:35 AM IST
കൊച്ചി: ജില്ലയില്‍ ഇന്നലെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചെങ്കിലും സ്കൂളുകള്‍ക്ക് അവധി നല്‍കാത്തതിനെ തുടര്‍ന്ന് എറണാകുളം ജില്ലാ കളക്ടറുടെ ഫേസ്ബുക്ക് പേജില്‍ ട്രോള്‍ പെരുമഴ. ജില്ലാ കളക്ടറുടെ എഫ്ബി പേജില്‍ മഴ അവധി ആവശ്യപ്പെട്ട് നിരവധി വിദ്യാര്‍ഥികളും രക്ഷിതാക്കളുമാണ് കമന്റിട്ടത്. വിഷയത്തിന്റെ ഗൗരവം ചൂണ്ടിക്കാട്ടുന്നതാണ് പല രക്ഷിതാക്കളുടെയും കമന്റ്.
കനത്ത മഴയായതിനാല്‍ ഇന്ന് കുട്ടികളെ സ്കൂളിലേക്ക് അയക്കുന്നില്ല. വിദ്യാര്‍ഥികളുടെ സുരക്ഷ ഭരണസമിതികളുടെ ഉത്തരവാദിത്വമാണ്. അത് ഉചിതമായി ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു-എന്നാണ് ഒരു രക്ഷിതാവിന്റെ കമന്റ്. എറണാകുളം മൊത്തം കുളമാണ്. ഞാന്‍ എന്റെ മോനെ ഇന്നു സ്കൂളില്‍ വിട്ടില്ല. കുട്ടിയെ വച്ച് റിസ്ക് എടുക്കാന്‍ ഒരു അമ്മയായ എനിക്ക് വയ്യ എന്നാണ് മറ്റൊരു കമന്റ്.
അതേസമയം, 2022 ഓഗസ്റ്റ് നാലിലെ അവധി പ്രഖ്യാപനത്തിന്റെ പോസ്റ്റ് ജില്ലാ കളക്ടറുടെ പേജില്‍ നിന്ന് ആരോ കുത്തിപ്പൊക്കി വാട്ട്സ്ആപ്പ് ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്തതും പലരിലും ആശയക്കുഴപ്പത്തിന് ഇടയാക്കി.