കളമശേരിയിൽ പോഷക സമൃദ്ധം പ്രഭാതം പദ്ധതിക്കു തുടക്കം
1581690
Wednesday, August 6, 2025 4:44 AM IST
കളമശേരി: സ്കൂൾ വിദ്യാർഥികൾക്ക് പ്രഭാത ഭക്ഷണം നൽകുന്ന സംസ്ഥാനത്തെ ആദ്യ പദ്ധതിയായ കളമശേരി മണ്ഡലം "പോഷക സമൃദ്ധം പ്രഭാതം' പദ്ധതിയുടെ നാലാം വർഷത്തെ വിതരണം ആരംഭിച്ചു.
വ്യവസായ മന്ത്രി പി. രാജീവിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന സ്കൂൾ വിദ്യാർഥികൾക്കുള്ള പ്രഭാത ഭക്ഷണ പരിപാടിയാണ് പോഷക സമൃദ്ധം പ്രഭാതം പദ്ധതി. മണ്ഡലത്തിലെ എല്ലാ സർക്കാർ-എയ്ഡഡ് പ്രൈമറി സ്കൂളുകളിലുമാണ് വിദ്യാർഥികൾക്ക് പ്രഭാത ഭക്ഷണം നൽകുന്നത്.
പരിപാടിയുടെ ഉദ്ഘാടനം കളമശേരി എച്ച്എംടി കോളനി എൽപി സ്കൂളിൽ മന്ത്രി പി. രാജീവ് നിർവഹിച്ചു. മണ്ഡലത്തിലെ എല്ലാ സർക്കാർ-എയ്ഡഡ് സ്കൂളുകളിലേയും വിദ്യാർഥികൾക്ക് ശുദ്ധജലം നൽകുന്നതിന് മൂന്ന് കോടി രൂപ ചെലവഴിച്ച് റിവേഴ്സ് ഓസ്മോസിസ് പ്ളാന്റുകൾ സ്ഥാപിച്ചതായി പി.രാജീവ് പറഞ്ഞു.
നിയോജകമണ്ഡലത്തിലെ 39 സർക്കാർ-എയ്ഡഡ് സ്കൂളുകളിലെ എൽപി, യുപി വിദ്യാർഥികൾക്കാണ് സൗജന്യമായി പ്രഭാതഭക്ഷണം ഒരുക്കുന്നത്. ഓരോ ദിവസവും എട്ടായിരത്തോളം കുട്ടികൾക്കാണ് പ്രഭാത ഭക്ഷണം നൽകുന്നത്. ബിപിസിഎൽ കൊച്ചി റിഫൈനറിയുടെ പിന്തുണയോടെയാണ് പ്രഭാത ഭക്ഷണ പദ്ധതി നടപ്പാക്കുന്നത്.
നഗരസഭാ ചെയർപേഴ്സൺ സീമാ കണ്ണൻ അധ്യക്ഷയായി. ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ്, ബിപിസിഎൽ കൊച്ചി റിഫൈനറി എക്സിക്യൂട്ടീവ് ഡയറക്ടർ എം. ശങ്കർ, ഡിപിസി അംഗം ജമാൽ മണക്കാടൻ, കെ.കെ. ശശി, റാണി രാജേഷ്, റഷീദ് അയ്യമ്പ്രത്ത്, കെ.എ. അൻവർ തുടങ്ങിയവർ സംസാരിച്ചു.