അമ്മയുടെ പേരിൽ ഒരു മരം; പദ്ധതിക്ക് ഏഴക്കരനാട് സ്കൂളിൽ തുടക്കം
1581706
Wednesday, August 6, 2025 5:15 AM IST
പിറവം: അമ്മയുടെ പേരിൽ ഒരു മരം പദ്ധതിക്ക് മണീട് ഏഴക്കരനാട് ഗവൺമെന്റ് യുപി സ്കൂളിൽ തുടക്കമായി. വിദ്യാർഥികളിലും യുവജനങ്ങളിലും പ്രകൃതി സംരക്ഷണ ബോധവത്ക്കരണത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.
മേരാ യുവ ഭാരത് ജില്ലാ ഘടകത്തിന്റെയും, ഏഴക്കരനാട് സൂര്യ ക്ലബിന്റെയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. സ്കൂൾ വളപ്പിൽ മരം നടുകയും, പരിപാലന ചുമതല വിദ്യാർഥികൾ വഹിക്കുകയും ചെയ്യുന്നതാണ് പദ്ധതി. സ്കൂൾ അവധി സമയത്ത് മരങ്ങളുടെ മേൽനോട്ടം ക്ലബ് അംഗങ്ങൾ വഹിക്കും.
റംമ്പൂട്ടാൻ, പേര, മാവ് തുടങ്ങിയവയാണ് നട്ടിരിക്കുന്നത്. മരങ്ങൾ മൃഗങ്ങളും മറ്റും നശിപ്പിക്കുന്നത് ഒഴിവാക്കുന്നതിനായി സംരക്ഷണവേലിയും ചുറ്റും നിർമിച്ചിട്ടുണ്ട്. പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് ഭരണസമിതി അംഗം രഞ്ജി സുരേഷ് ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപകൻ ബാബു കുര്യാക്കോസ് അധ്യക്ഷത വഹിച്ചു.
മേരാ യുവ ഭാരത് ജില്ലാ ഓഫീസർ വിവേക് ശശിധരൻ, പിടിഎ പ്രസിഡന്റ് ജോസ് മാത്യു, സൂര്യ ക്ലബ് അംഗങ്ങളായ പ്രദീപ് നാരായണൻ, ബേസിൽ ബിജു എന്നിവർ പ്രസംഗിച്ചു.