ദുർഘട വീഥികൾ; ദുരിത യാത്ര
1581949
Thursday, August 7, 2025 4:27 AM IST
കൊച്ചി:കുഴികളും വെള്ളക്കെട്ടും ഗതാഗതക്കുരുക്കും-ജനങ്ങളുടെ യാത്രാദുരിതം ഇരട്ടിയാക്കി ജില്ലയിലെ റോഡുകള്‍. മഴ കനത്തതോടെ എല്ലാ മേഖലകളിലെയും റോഡുകള്‍ സഞ്ചാരയോഗ്യമല്ലാത്ത അവസ്ഥയിലെത്തി. യാത്രികരുടെ നടുവൊടിക്കുന്ന വലിയ കുഴികളുള്പ്പെടെ പാടെ തകര്‍ന്ന നിലയിലാണ് എല്ലാ റോഡുകളും. ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനമുണ്ടായിട്ടും കൊച്ചി നഗരത്തിലേതടക്കം പ്രധാന റോഡുകളും ഇടറോഡുകളും കുഴികളാല്‍ നിറഞ്ഞിരിക്കുകയാണ്.
കൂടുതലും ശോച്യാവസ്ഥയിലായി ഹൈക്കോടതി പരാമര്‍ശിച്ച കലൂര്‍-കടവന്ത്ര റോഡ്, സ്റ്റേഡിയം ലിങ്ക് റോഡ്, തമ്മനം-പുല്ലേപ്പടി റോഡ് എന്നിവിടങ്ങളിലൂടെയുള്ള യാത്ര ഏറെ ദുസ്സഹമാണ്. ഇതു കൂടാതെ കടവന്ത്ര-ചെലവന്നൂര്‍ റോഡ്, അരൂര്‍-ഫോര്‍ട്ടുകൊച്ചി റോഡ്, കലൂര്‍-കടവന്ത്ര റോഡ് എന്നിവയെല്ലാം തകര്‍ന്ന നിലയിലാണ്. റോഡുകളുടെ മോശം അവസ്ഥ ഗതാഗതക്കുരുക്കിനും കാരണമാകുന്നു. ശക്തമായ മഴ പെയ്താല്‍ വെള്ളക്കെട്ടും രൂക്ഷമാണ്. ഇരുചക്രവാഹന യാത്രികര്‍ക്ക് ഈ കുഴികളില്‍ വീണ് പരിക്കേല്‍ക്കുന്നതും പതിവാണ്.
എറണാകുളം അംബേദ്കര്‍ സ്റ്റേഡിയത്തിന് മുന്‍വശത്തെ വലിയ കുഴികള്‍ മൂലം ഇവിടെ മഴയത്തും തിരക്കേറിയ സമയങ്ങളിലും വാഹനങ്ങള്‍ക്ക് സുഗമമായി കടന്നു പോകാന്‍ പറ്റാത്ത അവസ്ഥയാണ്. കെഎസ്ആര്‍ടിസി ഭാഗത്ത് നിന്നും ചിറ്റൂര്‍ റോഡ്, പുല്ലേപ്പടി ഭാഗങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങള്‍ ഈ ജംഗ്ഷനിലെ കുഴികളിലൂടെ കടന്നു പോകാന്‍ ഏറെ സമയമെടുക്കുന്നു. ഈ ഭാഗത്ത് രാത്രി വെളിച്ചമില്ലാത്തതിനാല്‍ ഇരുചക്രവാഹന യാത്രികര്‍ കുഴികളില്‍ വീഴുന്നതും പതിവാണ്.
ബാനര്‍ജി റോഡിലെ ഏതാനും ഭാഗങ്ങള്‍, ഗോശ്രീ ഒന്നാം പാലം ആരംഭിക്കുന്ന ഭാഗം, എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാൻഡിന് മുന്‍വശം, പാലാരിവട്ടം പുതിയറോഡ് ജംഗ്ഷന്, ഗാന്ധിനഗര്‍, കുണ്ടന്നൂര്‍ ജംഗ്ഷന്, തേവര-കുണ്ടന്നൂര്‍ പാലം എന്നിവിടങ്ങളിലെല്ലാം സ്ഥിതി വ്യത്യസ്തമല്ല. ഗോശ്രീ സമാന്തര പാലം ഈമാസം 26ന് പൂര്‍ത്തീകരിക്കുമെന്നാണ് അധികൃതര്‍ നല്‍കിയിരിക്കുന്ന ഉറപ്പ്. പാലത്തിലെ പണികള്‍ ദ്രുതഗതിയില്‍ നടക്കുന്നുണ്ട്. എന്നാല്‍ ഇടയ്ക്കിടെയുള്ള മഴയാണ് ചെറിയ തടസം.അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാകുന്നതു വരെ രണ്ടാംപാലത്തിലെ ബ്ലോക്കും യാത്രാ ദുരിതവും തുടരും. ഓണക്കാലമായാല്‍ തിരക്ക് പതിന്മടങ്ങാകും. നഗരത്തിനു പുറത്തുള്ള പ്രദേശങ്ങളിലെയും റോഡുകളുടെ അവസ്ഥ പരിതാപകരമാണ്.
തൃപ്പൂണിത്തുറയിൽ ചതിക്കുഴികള്‍
പാടെ തകര്‍ന്ന് കുണ്ടും കുഴിയുമായി കിടക്കുകയാണ് തൃപ്പൂണിത്തുറയിലെ റോഡുകള്‍. റോഡിന് നടുവില്‍ തന്നെ വലിയ കുഴികളാണ്. വാഹനങ്ങള്‍ മാറ്റിക്കൊണ്ടുപോകാന്‍ പറ്റാത്ത വിധം റോഡിന്റെ ഇരുഭാഗങ്ങളും പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലും. റോഡുകളുടെ ശോച്യാവസ്ഥ മൂലം മഴയുള്ള സമയങ്ങളില്‍ ഇരുചക്ര വാഹനയാത്രക്കാര്‍ നിയന്ത്രണം തെറ്റി വീഴുന്നതും പതിവുകാഴ്ച.
തൃപ്പൂണിത്തുറയില്‍ നിന്നും സീ പോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡിലേക്ക് പോകുന്നതിനുള്ള പ്രധാന പാലമായ എസ്എന്‍ ജംഗ്ഷന് മേല്‍പ്പാലത്തില്‍ നിറയെ കുഴികളാണ്. സ്പാനുകളോടു ചേര്‍ന്നുള്ള ജോയിന്റുകളുടെ ഭാഗങ്ങളിലാണ് കുഴികള്‍ കൂടുതൽ. വാഹനങ്ങള്‍ നിരങ്ങി നീങ്ങുന്നതിനാല്‍ തിരക്കുള്ള സമയങ്ങളില്‍ പാലത്തില്‍ നീണ്ടനിരയാണ്. എസ്എന്‍ ജംഗ്ഷന് മേല്‍പ്പാലത്തിന് അരികിലൂടെയുളള ആസാദ് റോഡും തകര്‍ന്ന നിലയിലാണ്.
അപകടം പതിയിരിക്കുന്ന ആലുവ
ആലുവയിലെ റോഡുകൾ നിറയെ അപകടക്കുഴികളാണ്. ആലുവ-മൂന്നാര്‍ റോഡ്, കെഎസ്ആര്‍ടിസി, സ്വകാര്യ ബസ് റൂട്ടുകള്‍ എന്നിവിടങ്ങളിലെല്ലാം വലിയ കുഴികളാണ്. ഗതാഗതക്കുരുക്കിന് കാരണമാകുന്നു എന്ന് മാത്രമല്ല കാലവര്‍ഷം തുടരുന്നതോടെ ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍ പെടുന്നതും പതിവായി.
കുഴികള്‍ ഒഴിവാക്കാന്‍ വാഹനങ്ങള്‍ വെട്ടിക്കുന്നതും കുപ്പിക്കഴുത്തു പോലെയുളള സീനത്ത് ജംഗ്ഷനില്‍ അപകട സാധ്യത വര്‍ധിപ്പിക്കുന്നു. ബിഎംബിസി നിലവാരത്തില്‍ ടാറിംഗ് നടത്തുന്നതിന് അഞ്ചു കോടി രൂപയുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടും നിര്‍മാണം നടക്കുന്നില്ലെന്നാണ് പരാതി. കാലാവര്‍ഷം കഴിഞ്ഞാല്‍ ടാറിംഗ് നടത്താമെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്.
കെഎസ്ആര്‍ടിസി പെരുമ്പാവൂര്‍ റൂട്ടില്‍ തോട്ടുമുഖത്താണ് കൂടുതല്‍ ഗതാഗതക്കുരുക്ക്. ഇവിടെ പലയിടത്തും കോണ്‍ക്രീറ്റ്, ടൈല്‍ തുടങ്ങിയവ പരീക്ഷിച്ചെങ്കിലും ആഴ്ചകളുടെ ആയുസ് മാത്രമേ ഉണ്ടായുള്ളൂ. സീനത്ത് ജംഗ്ഷനിലെ കുഴികള്‍ മണ്ണിട്ട് നികത്താറുണ്ടെങ്കിലും ഇതേ അവസ്ഥയാണെന്ന് നാട്ടുകാര്‍ പറയുന്നു.
മൂന്നാര്‍ റോഡിലൂടെ കണ്ടെയ്നര്‍ ലോറികളും നിരന്തരം പോകുന്നതാണ് റോഡ് അതിവേഗം തകരാന്‍ കാരണം. മഴവെള്ളം സുഗമമായി ഒഴുകിപ്പോകാന്‍ വേണ്ട സംവിധാനവും ഇല്ല. അടിയന്തരമായി നിലവാരമുള്ള രീതിയില്‍ ടാര്‍ ചെയ്യണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.
ശാപമോക്ഷമില്ലാതെ പെരുന്പാവൂർ
പ്രദേശവാസികളുടെ വ്യാപക പ്രതിഷേധമുണ്ടായിട്ടും പെരുന്പാവൂരിലെ റോഡുകള്‍ക്ക് ശാപമോക്ഷമില്ല.പെരുമ്പാവൂരിന്റെ പരിസര പ്രദേശങ്ങളായ മുടക്കുഴ, ഒക്കല്‍, കൂവപ്പടി, വെങ്ങോള, അശമന്നൂര്‍ പഞ്ചായത്തുകളിലെ പല റോഡുകളും തകര്‍ന്ന് സഞ്ചാരം ദുഷ്കരമായ അവസ്ഥയിലാണ്. പൂപ്പാനി കോടനാട് റോഡില്‍ അയ്മുറി കവല പോസ്റ്റോഫീസിന് സമീപം ടാറിംഗ് കഴിഞ്ഞയിടത്ത് വീണ്ടും കുഴികള്‍ രൂപപ്പെട്ടു. ഓള്‍ഡ് വല്ലം റോഡ് തകര്‍ന്ന് തരിപ്പണമായി.
പ്രദേശവാസികളും കോണ്‍ഗ്രസ് കമ്മിറ്റിയും ചേര്‍ന്ന് പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. മഴ ശക്തമായതും അറ്റകുറ്റപ്പണികള്‍ നടത്താത്തതുമാണ് റോഡുകളെ മോശമാക്കിയതെന്നാണ്ആക്ഷേപം. പൊതുമരാമത്ത് വകുപ്പിനെതിരെ വ്യാപകമായ പരാതികളാണ് ഉയര്‍ന്നിട്ടുള്ളത്. മന്ത്രിയുടെ പാഴ്വാക്കുകള്‍ മാത്രമാണ് കേള്‍ക്കാനുള്ളതെന്നും ഉദ്യോഗസ്ഥര്‍ക്ക് കെടുകാര്യസ്ഥതയെന്നും പരാതിയുണ്ട്. മഴ മാറിനില്‍ക്കുന്ന സാഹചര്യത്തില്‍ അടിയന്തര നടപടികള്‍ വേണമെന്നാണ് പൊതുജനാവശ്യം.
പാരയായി കാനപണി
കാന നിര്‍മാണത്തിന്റെ പേരില്‍ മാസങ്ങളായി പൊളിച്ചിട്ടിരിക്കുകയാണ് അങ്കമാലി കിഴക്കേപ്പള്ളി വാപ്പാലശേരി റോഡ്. എയര്‍പോര്‍ട്ടിലേക്ക് ഏറ്റവും കുറഞ്ഞ ദൂരത്തില്‍ എത്താവുന്ന ഒരു റോഡാണിത്. റോഡിന്റെ ഈ അവസ്ഥ കാരണം റൂട്ടിലോടുന്ന സ്കൂള്‍ ബസുകളുടെ കാര്യവും ഏറെ ബുദ്ധിമുട്ടിലാണ്. കാനനിര്‍മാണം റോഡിന്റെ നടുവിലൂടെയാണ്. ഭാരവാഹനങ്ങള്‍ ധാരാളമായി ഓടുന്ന വഴിയായതിനാല്‍ നിർമാണം എന്താകുമെന്നതും കണ്ടറിയണം.
ഉദ്ഘാടനം നടന്ന് ഏഴാംദിനം തകർന്നു
റോഡ് നിര്‍മാണത്തിലെ ക്രമക്കേട് മൂലം കാലങ്ങളായി പൊളിഞ്ഞു കിടക്കുകയാണ് കൂത്താട്ടുകുളം പാലാ റോഡിലെ രാമപുരം കവല മുതല്‍ മംഗലത്തുതാഴം വരെയുള്ള ഭാഗം. കാല്‍നട യാത്രയ്ക്ക് പോലും കഴിയാത്ത സ്ഥിതിയാണ്. റോഡ് നിര്‍മാണത്തിന്റെ പല ഘട്ടങ്ങളിലും പോരായ്മകള്‍ ചൂണ്ടിക്കാണിച്ച് കൂത്താട്ടുകുളത്തെ കോണ്‍ഗ്രസ് നേതൃത്വം രംഗത്തു വന്നിരുന്നു. പലപ്പോഴും നഗരസഭയിലെ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞു.
നിര്‍മാണം പൂര്‍ത്തീകരിച്ച് ഉദ്ഘാടനം നടത്തി ഏഴാം ദിവസം തകര്‍ന്ന റോഡിലെ ക്രമക്കേടുകള്‍ കണ്ടുപിടിക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭ കൗണ്‍സിലര്‍ ബോബന് വര്‍ഗീസ് വിജിലന്‍സില്‍ പരാതി നല്‍കിയിരുന്നു. പരാതികളും പ്രക്ഷോഭങ്ങളും തുടരുന്നതല്ലാതെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
വഴിയേത്, കുഴിയേത് ?
കഴിഞ്ഞ നാലു വര്‍ഷമായി കുണ്ടും കുഴിയുമായി തകര്‍ന്നു കിടക്കുകയാണ് കിഴക്കമ്പലം-പോഞ്ഞാശേരി പിഡബ്ല്യുഡി റോഡ്. റോഡിലെ ഏകദേശം മൂന്നര കിലോമീറ്റര്‍ വലിയ കുഴികളാണ്. കൂടാതെ കെട്ടിക്കിടക്കുന്ന മഴവെള്ളവും. പണി ചെയ്യാതെയും പണിയാന്‍ വരുന്നവര്‍ക്ക് പണി കൊടുത്തും രാഷ്ട്രീയ തര്‍ക്കങ്ങള്‍ മുറുകുന്ന പോഞ്ഞാശേരി റോഡിൽ വഴിയേത് കുഴിയേതെന്ന് അറിയാതെ വഴി യാത്രക്കാരും ബുദ്ധിമുട്ട് അനുഭവിക്കുന്നു. കാക്കനാടുമായി ബന്ധിപ്പിക്കുന്ന പഴങ്ങനാട്- കപ്പേളപ്പടി-വട്ടോലിക്കര-എ പി വര്‍ക്കി റോഡും സഞ്ചാരയോഗ്യമല്ലാത്ത അവസ്ഥയിലാണ്.
പൂര്‍ണ തകര്‍ച്ചയിൽ എംസി റോഡും എൻഎച്ചും
മൂവാറ്റുപുഴയില്‍ നഗരത്തിലൂടെ കടന്നുപോകുന്ന എംസി റോഡും ദേശീയപാതയും പൂര്‍ണമായും തകര്‍ന്ന് സഞ്ചാരയോഗ്യമല്ലാതായി. കാല്‍നടയാത്ര പോലും ഇവിടെ അസാധ്യം.
വെള്ളൂര്‍ക്കുന്നം, എവറസ്റ്റ് കവല മാര്‍ക്കറ്റ്, കിഴക്കേക്കര അടൂപറമ്പ്, വാഴക്കുളം കല്ലൂര്‍ക്കാട്, കീച്ചേരിപ്പടി വണ്‍വേ ജംഗ്ഷന്, അമ്പലംപടി റാക്കാട്, ഈസ്റ്റ് മാറാടി പെരുവംമുഴി, കച്ചേരിത്താഴം കാവുംപടി, തൃക്കളത്തൂര്‍ കാവുംപടി ചാരപ്പാട്ട്, ആനിക്കാട് ഏനാനല്ലൂര്‍, കടാതി കാരനാട്ട് കാവുംപടി, കടാതി ശക്തിപുരം, അമ്പലംപടി വീട്ടൂര്‍, കല്ലൂര്‍ക്കാട് പേരമംഗലം കലൂര്‍ തുടങ്ങി നിരവധി റോഡുകളും തകര്‍ന്ന അവസ്ഥയിലാണ്.
മൂവാറ്റുപുഴ നഗരവികസനം നടക്കുന്നതിനാല്‍ ഏറെ പണിപ്പെട്ടാണ് യാത്രക്കാര്‍ നഗരത്തിലൂടെ കടന്നുപോകുന്നത്. റോഡ് വികസനത്തിന്റെ ഭാഗമായി കച്ചേരിത്താഴം മുതല്‍ പിഒ ജംഗ്ഷന് വരെ എംസി റോഡ് പൊളിച്ചിട്ടിരിക്കുന്നു. കച്ചേരിത്താഴം പാലത്തിലും ലതാ പാലത്തിലും കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്.
കുഴികളില്‍ വീണ് ഇരുചക്രവാഹന യാത്രികര്‍ക്ക് പരിക്കേല്‍ക്കുന്നതും വാഹനങ്ങള്‍ കുഴിയില്‍ ചാടുമ്പോള്‍ ചെളിവെള്ളം ദേഹത്തേക്ക് തെറിക്കുന്നതും ഇവിടെ പതിവു കാഴ്ചയായി.
തകർന്നടിഞ്ഞ് എടവനക്കാട് റോഡ്
വൈപ്പിനിലെ എടവനക്കാടിനു ശാപമോക്ഷമില്ലാത്ത ഒന്നാണ് തീരദേശ റോഡ്. 20 കിലോമീറ്റര്‍ വരുന്ന തീരദേശ റോഡില്‍ എടവനക്കാട് ഭാഗത്ത് രണ്ടു കിലോമീറ്ററോളം റോഡ് കാണാനേയില്ല. അത്രമേല്‍ തകര്‍ന്നടിഞ്ഞു കിടക്കുകയാണ്. അത്യാവശ്യകാരങ്ങള്ക്ക് ഇവിടെ എത്തിച്ചേരാന്‍ ദുരിതമേറെയാണ്.
ഒരു രോഗിയെ അടിയന്തരമായി ആശുപത്രി എത്തിക്കേണ്ടി വന്നാല്‍ തലയ്ക്ക് ചുമന്നു കൊണ്ടുപോകേണ്ട അവസ്ഥയാണ്. രണ്ടുപതിറ്റാണ്ടായി അനുഭവിക്കുന്ന ദുരിതമാണിത്.
തീരദേശ റോഡ് മുനമ്പം മുതല്‍ തെക്കോട്ട് എടവനക്കാട് ചാത്തങ്ങാട് ബീച്ച് വരെ ഈയടുത്ത് വീതികുട്ടി പുനര്‍നിര്‍മിച്ചിരുന്നു. എന്നാല്‍ പതിവായി കടല്‍ കയറുന്ന സ്ഥലം എന്നുപറഞ്ഞ് ഇവിടെ നിന്നും തെക്കോട്ട് അണിയില്‍ ബീച്ച് വരെയുള്ള രണ്ടുകിലോമീറ്റര്‍ ഭാഗം പുനര്‍നിര്‍മിക്കാന്‍ കരാറുകാരന് കൂട്ടാക്കുന്നില്ലെന്നാണ് അറിവ്.