നെടുമ്പാശേരി സഹ. ബാങ്ക് പ്രസിഡന്റ് അവിശ്വാസത്തിൽ വീണു
1581685
Wednesday, August 6, 2025 4:35 AM IST
നെടുമ്പാശേരി : നെടുമ്പാശേരി സഹകരണ ബാങ്ക് പ്രസിഡന്റ് അവിശ്വാസ പ്രമേയത്തിലൂടെ പുറത്തായി. 13 അംഗ ഭരണ സമിതിയിൽ പ്രസിഡൻ്റ് പി.പി. ഐസക്കിനെതിരായ അവിശ്വാസ പ്രമേയത്തെ ഒൻപത് അംഗങ്ങളാണ് അനുകൂലിച്ചത്.
പ്രമേയത്തെ എതിർക്കാൻ ഡയറക്ടർ ബോർഡ് അംഗങ്ങളിൽ ഒരാൾ പോലും യോഗത്തിനെത്തിയില്ല. ഡയറക്ടർ ബോർഡിലെ എല്ലാ അംഗങ്ങളും കോൺഗ്രസിൽ നിന്നാണ്. വിഭാഗീയതയെ തുടർന്നാണ് പ്രസിഡന്റിനെ അവിശ്വാസത്തിലൂടെ പുറത്താക്കിയത്. പ്രശ്നം പരിഹരിക്കാൻ ഡിസിസി, ബ്ലോക്ക്, മണ്ഡലം നേതൃത്വങ്ങൾ ഇടപെട്ട് നിരവധി ശ്രമങ്ങൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
ഭരണസമിതിയുടെ കാലാവധി അവസാനിക്കാൻ രണ്ട് വർഷം കൂടി അവശേഷിക്കുമ്പോഴാണ് പ്രസിഡന്റ് പുറത്താകുന്നത്. ഭരണസമിതി തെരഞ്ഞെടുപ്പിന് ശേഷം ആദ്യ രണ്ട് വർഷം പ്രസിഡന്റായിരുന്ന സി.വൈ. ശാബോർ കോൺഗ്രസിലെ ധാരണയുടെ അടിസ്ഥാനത്തിൽ രാജിവച്ചതിനെ തുടർന്ന് ഒരു വർഷം മുൻപാണ് പി.പി. ഐസക്ക് പ്രസിഡന്റായത്.
കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കളുടെ ഗ്രൂപ്പ് താൽപര്യങ്ങളാണ് തന്നെ പുറത്താക്കാൻ കാരണമെന്ന് പി.പി. ഐസക് വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി. ഡയറക്ടർ ബോർഡ് അംഗങ്ങളെ യോജിപ്പിച്ച് മുന്നോട്ട് നയിക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് ബാങ്ക് പ്രസിഡന്റിനോട് രാജി വെയ്ക്കാൻ പാർട്ടി ആവശ്യപ്പെടുകയായിരുന്നെന്ന് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.എം. കൃഷ്ണകുമാർ പറഞ്ഞു.