അൻസിൽ കൊലക്കേസ് പ്രതിയെ വീണ്ടും റിമാൻഡ് ചെയ്തു തെളിവെടുപ്പ് പൂർത്തിയാക്കി
1581967
Thursday, August 7, 2025 4:52 AM IST
കോതമംഗലം: കോതമംഗലം അൻസിൽ കൊലക്കേസ് പ്രതി അഥീനയെ തെളിവെടുപ്പും ചോദ്യം ചെയ്യലും പൂര്‍ത്തിയാക്കി വീണ്ടും റിമാൻഡ് ചെയ്തു. രണ്ട് ദിവസങ്ങളിലായാണ് പോലീസ് തെളിവെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കിയത്.
ഇന്നലെ മാലിപ്പാറയിലെ അഥീനയുടെ വീട്ടിലായിരുന്നു തെളിവെടുപ്പ്. ഉച്ചയോടെ പ്രതിയുമായി വീട്ടിലെത്തി അര മണിക്കൂര്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കി പോലീസ് മടങ്ങി. ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുന്നതിനായി ഫോറന്‍സിക് സംഘവും സ്ഥലത്തെത്തിയിരുന്നു.
വീട്ടിലെ സിസിടിവിയുടെ ഡിവിആര്‍ കണ്ടെടുക്കാന്‍ പോലീസിന് കഴിഞ്ഞില്ല. ഡിവിആര്‍ നശിപ്പിച്ചതായാണ് പോലീസ് സംശയിക്കുന്നത്. എനര്‍ജി ഡ്രിങ്കില്‍ കളനാശിനി കലര്‍ത്തിയാണ് അന്സിലിന് നല്‍കിയതെന്നാണ് പോലീസ് നിഗമനം.
വീടിന്റെ പരിസരത്ത് നിന്ന് എനര്‍ജി ഡ്രിങ്ക് ബോട്ടിലിന്റെ അവശിഷ്ടം പോലീസ് കണ്ടെടുത്തിരുന്നു. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അന്വേഷണത്തെ ബാധിക്കുന്നതിനാല്‍ അന്വേഷണ സംഘം വെളിപ്പെടുത്തുന്നില്ല.