മുതിര്‍ന്നവര്‍ക്കും പ്രതിരോധ വാക്സിനുകള്‍ അനിവാര്യം: ഐഎംഎ
1581958
Thursday, August 7, 2025 4:42 AM IST
കൊച്ചി: പകര്‍ച്ചവ്യാധികള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കുട്ടികള്‍ക്ക് പുറമേ മുതിര്‍ന്നവരും പ്രതിരോധകുത്തിവയ്പ്പുകള്‍ എടുക്കേണ്ടത് അനിവാര്യമെന്ന് ഐഎംഎ കൊച്ചി പ്രസിഡന്റ് ഡോ. ജേക്കബ് ഏബ്രഹാം പത്രസമ്മേളനത്തിൽ പറഞ്ഞു.
പകര്‍ച്ചവ്യാധികളുടെ വ്യാപനം ആരോഗ്യമേഖലയ്ക്ക് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. പ്രതിരോധ കുത്തിവയ്പുകളിലൂടെ ഇത് പരിധിവരെ തടഞ്ഞുനിര്‍ത്താന്‍ സാധിക്കും. പ്രതിരോധ കുത്തിവയ്പുകള്‍ നല്‍കുന്നത് സര്‍ക്കാരിന്റെ പദ്ധതിയില്‍ വരണം. എങ്കില്‍ മാത്രമെ വാക്സിനുകളുടെ വില കുറയുകയുള്ളൂ. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇടപെടണം. ഇന്‍ഫ്ളുവന്‍സ, മഞ്ഞപ്പിത്തം, ചിക്കന്‍പോക്സ്, ഷിംഗിള്‍സ്, ബാക്ടീരിയല്‍ ന്യൂമോണിയ എന്നിവയ്ക്കെതിരെയുള്ള വാക്സിനുകള്‍ ഫലപ്രദമാണ്.
ഹെപ്പറ്റൈറ്റിസ് എ ഈ വര്‍ഷം ഇതുവരെ കേരളത്തില്‍ 7,326 പേര്‍ക്ക് ബാധിച്ചുവെന്നാണ് വ്യക്തമാകുന്നത്. ഇതില്‍ 49 പേര് മരിച്ചതായിട്ടാണ് ഒദ്യോഗിക കണക്കുകള്‍. എലിപ്പനി, ഡെങ്കിപ്പനി എന്നിവയ്ക്കെതിരെ നിലവില്‍ വാക്സിനുകളില്ല. എലിപ്പനിക്കെതിരെ പ്രതിരോധ ഗുളിക ഉണ്ട്. ഡെങ്കിപ്പനിക്കെതിരെയുള്ള വാക്സിൻ ട്രയല്‍ ഘട്ടത്തിലാണെന്നാണ് അറിയാന്‍ കഞ്ഞിട്ടുള്ളതെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.
ഐഎംഎ സെക്രട്ടറി ഡോ. സച്ചിന് സുരേഷ്, ട്രഷറര്‍ ഡോ. ബെന്‍സീര്‍ ഹുസൈന്, സയന്റിഫിക് ചെയര്മാന് ഡോ. രാജീവ് ജയദേവന് തുടങ്ങിയവർ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.