ആശങ്കയൊഴിഞ്ഞു; ഉത്തരാഖണ്ഡിലേക്കു പോയ തൃപ്പൂണിത്തുറ സ്വദേശികൾ സുരക്ഷിതർ
1581963
Thursday, August 7, 2025 4:52 AM IST
തൃപ്പൂണിത്തുറ: ഉത്തരാഖണ്ഡിലേക്ക് വിനോദയാത്ര പോയവരിൽ കൊച്ചിയിൽനിന്ന് ടൂർ പാക്കേജിലുണ്ടായിരുന്ന തൃപ്പൂണിത്തുറ പള്ളിപ്പറമ്പുകാവ് ദേവിനഗറിൽ ശ്രീനാരായണീയത്തിൽ നാരായണൻ നായർ, ശ്രീദേവി പിള്ള എന്നിവർ സുരക്ഷിതരാണെന്ന് വിവരം ലഭിച്ചു. ഉത്തരാഖണ്ഡിലുണ്ടായ മേഘവിസ്ഫോടനത്തെ തുടർന്നാണ് ടൂർ പാക്കേജിൽ ഉൾപ്പെട്ടിരുന്ന മലയാളി കുടുംബങ്ങളുടെ ബന്ധുക്കൾ ആശങ്കയിലായത്.
28 മലയാളികളായിരുന്നു ടൂറിലുണ്ടായിരുന്നത്. ഇതിൽ 20 മുംബൈ മലയാളികളും, എട്ടുപേർ കേരളത്തിൽ നിന്നുള്ളവരുമായിരുന്നു. അപകട വാർത്തയറിഞ്ഞതിനെ തുടർന്ന് തൃപ്പൂണിത്തുറയിൽ നിന്നും ടൂർ പോയവരുടെ ബന്ധുക്കൾ ഇവരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിയാതെ വന്നതോടെയാണ് ആശങ്കയേറിയത്.
ബന്ധുക്കളുടെ ഒരു ദിവസത്തെ ആശങ്കയ്ക്കു വിരാമമിട്ടാണ് ഇവരുടെ മകൻ ശ്രീരാമിന്റെ വിളിയെത്തിയത്. മാതാപിതാക്കൾ സുരക്ഷിതരാണെന്നുള്ള വിവരം ആർമി ഉദ്യോഗസ്ഥർ അറിയിച്ചതായും അവരെ ആർമി സംഘം സുരക്ഷിത സ്ഥാനത്തേക്ക് നീക്കിയെന്നുമാണ് അറിയാൻ കഴിഞ്ഞതെന്നായിരുന്നു വിവരം.
വാർത്താ വിനിമയ സംവിധാനങ്ങൾ തകരാറിലായതുകൊണ്ടാണ് മാതാപിതാക്കളെ ബന്ധപ്പെടാൻ കഴിയാതെ വന്നതെന്നും അവരെ അവിടെനിന്നു മാറ്റാൻ രണ്ടു ദിവസമെടുക്കുമെന്ന് അറിയിച്ചതായും പറഞ്ഞു.
രണ്ട് ദിവസം മുൻപ് അവിടെ മണ്ണിടിച്ചിലുണ്ടായതിന്റെ വീഡിയോ അവർ അയച്ചു കൊടുത്തിരുന്നു. ഇവർ ഉണ്ടായിരുന്ന സ്ഥലത്തുനിന്നും രണ്ടു കിലോമീറ്റർ ദൂരെയാണ് മണ്ണിടിച്ചിലുണ്ടായതെന്നാണ് അന്ന് പറഞ്ഞതെന്നും മകൻ പറഞ്ഞു.