മോർണിംഗ് സ്റ്റാർ ഹോം സയൻസ് കോളജ് ഇനി ഹരിത കലാലയം
1513196
Wednesday, February 12, 2025 3:41 AM IST
നെടുമ്പാശേരി: മാലിന്യമുക്തം നവ കേരളം ജനകീയ കാമ്പയിൻ പ്രവർത്തനങ്ങളുടെ ഭാഗമായി നെടുമ്പാശേരി പഞ്ചായത്തിലെ മോർണിംഗ് സ്റ്റാർ ഹോം സയൻസ് കോളജിനെ ഹരിത കലാലയമായി പ്രഖ്യാപിച്ചു.
പാറക്കടവ് ബ്ലോക്ക് പരിധിയിലെ ആദ്യ ഹരിത കലാലയമാണിത്. കോളജ് പ്രിൻസിപ്പൽ സിസ്റ്റർ ഡോ. ഷെമി ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നെടുമ്പാശേരി പഞ്ചായത്ത് പ്രസിഡന്റ് ഹരിത കലാലയ പ്രഖ്യാപനവും, സർട്ടിഫിക്കറ്റ് വിതരണവും നടത്തി.
ഹരിതകേരളം മിഷൻ എറണാകുളം ജില്ലാ കോ ഓർഡിനേറ്റർ എസ്. രഞ്ജിനി മുഖ്യപ്രഭാഷണം നടത്തി. യോഗത്തിൽ ഡോ.നവ്യ ആന്റണി, ലീന കെ. ജോസഫ്, കെ.കെ. വിജയപ്രകാശ്, കെ.എൽ. അരുൺ എന്നിവർ സംസാരിച്ചു.
ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ഹരിത കലാലയ പരിശോധനയും തുടർ പ്രവർത്തനങ്ങളും നടക്കുന്നത്. കാമ്പസിൽ അടിസ്ഥാന സൗകര്യങ്ങളുടെ വിലയിരുത്തൽ, ശാസ്ത്രീയ മാലിന്യ സംസ്കരണ സംവിധാനങ്ങൾ,എല്ലാ പരിപാടികളിലും ഹരിത ചട്ട പാലനം,
പരിസ്ഥിതി ജല സംരക്ഷണ പ്രവർത്തനങ്ങൾ, ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങൾ, ജൈവ വൈവിധ്യം നിലനിർത്തൽ, പൊതു ശുചിത്വ നിലവാരം, മറ്റു മാതൃകാ പ്രവർത്തനങ്ങൾ, ഇവയുടെ അടിസ്ഥാനത്തിലാണ് ഗ്രേഡിംഗ് നൽകി കോളജിന് ഹരിത കലാലയ പദവി ലഭിച്ചത്. കോളജിന് എ പ്ലസ് ഗ്രേഡ് ലഭിച്ചു.