പെരുന്പാവൂരിൽ ഹെറോയിനുമായി ആസാം സ്വദേശികൾ പിടിയിൽ
1513171
Wednesday, February 12, 2025 3:19 AM IST
പെരുമ്പാവൂർ: 19.6 ഗ്രാം ഹെറോയിനുമായി ആസാം സ്വദേശികളായ രണ്ടു പേരെ പെരുന്പാവൂർ പോലീസും എക്സൈസും ചേർന്ന് പിടികൂടി. നാഗോൺ സ്വദേശി അബു ഷരീഫ് (27), മധുപൂർ സ്വദേശി നാസ്മുൾ അലി (21) എന്നിവരാണ് അറസ്റ്റിലായത്. മൂന്നുലക്ഷത്തോളം രൂപയുടെ മയക്കുമരുന്നാണ് പിടികൂടിയത്.
പെരുമ്പാവൂർ ടൗണിൽ നിന്ന് അബു ഷരീഫിനെ 9.6 ഗ്രാം ഹെറോയിനുമായാണ് എക്സൈസ് സംഘം പിടികൂടിയത്. ഇയാളുടെ സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. പെരുമ്പാവൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ കെ. വിനോദിന്റെ നേതൃത്വത്തിൽ അസി. എക്സൈസ് ഇൻസ്പെക്ടർ സാബു വർഗീസ്, പ്രിവന്റീവ് ഓഫീസർ ജസ്റ്റിൻ ചർച്ചിൽ, വിസിഇഒ ശ്രീലക്ഷ്മി വിമൽ, ഡ്രൈവർ ബിജു പോൾ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
എഎസ്പിയുടെ പ്രത്യേക അന്വേഷണസംഘവും പെരുമ്പാവൂർ പോലീസും ചേർന്ന് പോഞ്ഞാശേരിയിൽ നിന്നാണ് നാസ്മുൾ അലിയെ പിടികൂടിയത്. കഴിഞ്ഞ രാത്രി ഒമ്പതരയോടെ ലഹരിമരുന്ന് വില്പനയ്ക്കായി നിൽക്കുമ്പോഴാണ് പ്രതി പോലീസിന്റെ വലയിൽ കുടുങ്ങിയത്. 10 ഗ്രാമോളം ഹെറോയിൻ ഇയാളുടെ പക്കൽനിന്ന് പിടിച്ചെടുത്തു.
പോലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പിന്തുടർന്നാണ് പിടികൂടിയത്. ആസാമിൽ നിന്ന് ട്രെയിൻ മാർഗം എത്തിക്കുന്ന ഹെറോയിൻ ചെറിയ ബോട്ടിലുകളിലാക്കി 700 രൂപ നിരക്കിലാണ് വില്പന നടത്തിയിരുന്നത്. ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിലാണ് വില്പന നടത്തിയിരുന്നതെന്ന് പ്രതി പോലീസിനോടു പറഞ്ഞു.
പെരുമ്പാവൂർ എഎസ്പി ശക്തി സിംഗ് ആര്യ, ഇൻസ്പെക്ടർ ടി.എം.സൂഫി, എസ്ഐമാരായ റിൻസ് എം. തോമസ്, പി.എം. റാസിഖ്, വി.എസ്. അരുൺ, എ എസ്ഐ പി.എ. അബ്ദുൽ മനാഫ്, എസ്സിപിഒമാരായ ടി.എ. അഫ്സൽ, വർഗീസ് ടി. വേണാട്ട്, ബെന്നി ഐസക്, മുഹമ്മദ് ഷാൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.