തീരദേശ പരിപാലന നിയമലംഘനം : അനധികൃത നിർമാണങ്ങൾ പൊളിച്ചുനീക്കാൻ നോട്ടീസ്
1513184
Wednesday, February 12, 2025 3:34 AM IST
കരുമാലൂർ: ആലുവ -പറവൂർ കെഎസ്ആർടിസി റോഡിൽ ആനച്ചാലിന് സമീപം തീരദേശ പരിപാലന നിയമം ലംഘിച്ച് ആനച്ചാൽ പുഴയോരത്തു നടന്ന അനധികൃത നിർമാണ പ്രവർത്തനങ്ങൾ പൊളിച്ചു നീക്കാൻ കരുമാലൂർ പഞ്ചായത്ത് നോട്ടീസ് നൽകി.
പഞ്ചായത്ത് സെക്രട്ടറി ടി.കെ. സജീവ്, പ്രസിഡന്റ് സബിത നാസർ എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തി അനധികൃതമാണെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണു പൊളിച്ചു നീക്കാൻ നോട്ടീസ് നൽകിയത്.
15 ദിവസത്തിനകം പൊളിച്ചു നീക്കാൻ ആവശ്യപ്പെട്ടു സ്ഥലമുടമയ്ക്കും സ്ഥലം വാടകയ്ക്ക് എടുത്തയാൾക്കും നോട്ടീസ് കൈമാറി. കേരളീയ പരിസ്ഥിതി സംരക്ഷണസമിതി സെക്രട്ടറി ബി.വി. രവീന്ദ്രൻ മുഖ്യമന്ത്രിക്കും ജില്ലാ കളക്ടർക്കും ഉൾപ്പെടെ പരാതി നൽകിയതോടെയാണു പഞ്ചായത്ത് നടപടി സ്വീകരിച്ചത്.
കരുമാലൂർ പഞ്ചായത്ത് 19-ാം വാർഡ് പരിധിയിൽ വരുന്ന ഒരേക്കറോളം വരുന്ന പുഴയോടു ചേർന്നുള്ള നിലം മണ്ണിട്ടു നികത്തിയാണു അനധികൃത നിർമാണമെന്ന് കണ്ടെത്തിയതിനെതുടർന്ന് മാസങ്ങൾക്കു മുൻപു റവന്യൂ അധികൃതർ സ്റ്റേപ് മെമ്മോ നൽകിയിരുന്നു. കൂടാതെ വ്യവസായ വകുപ്പ് സ്ഥാപനത്തിന്റെ എംഎസ്എംഇ ലൈസൻസ് റദ്ദാക്കുകയും ചെയ്തിരുന്നു.
നോട്ടീസിൽ പറഞ്ഞ ദിവസത്തിനകം കൈയേറ്റം ഒഴിഞ്ഞില്ലെങ്കിൽ കൈയേറി കെട്ടിയ ഹോട്ടലും പാർക്കും ഉൾപ്പെടെയുള്ള അനധികൃത നിർമാണങ്ങൾ പഞ്ചായത്ത് പൊളിച്ചു മാറ്റി ചെലവായ തുക സ്ഥലമുടമയിൽ നിന്ന് ഈടാക്കുമെന്ന് അറിയിച്ചിട്ടുണ്ട്.