ഗതാഗത നിയമലംഘനം : 36 ടൂറിസ്റ്റ് ബസുകൾക്കെതിരെ നടപടി; 2.46 ലക്ഷം പിഴയിട്ടു
1513176
Wednesday, February 12, 2025 3:19 AM IST
കാക്കനാട്: ജില്ലയിൽ ഗതാഗത നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് 36 ടൂറിസ്റ്റ് ബസുകൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം കേസ് രജിസ്റ്റർ ചെയ്തു. 2.46 ലക്ഷം രൂപ പിഴയിനത്തിൽ ഈടാക്കുകയും ചെയ്തു. എൻഫോഴ്സ്മെന്റ് ആർടിഒ കെ.മനോജിന്റെ നേതൃത്വത്തിൽ അഞ്ച് സ്ക്വാഡുകളായാണ് ജില്ലയിൽ പരിശോധന നടത്തിയത്.
നിയമവിരുദ്ധമായ ലൈറ്റുകളും മ്യൂസിക് സിസ്റ്റം ലേസർ ലൈറ്റ്, എയർഹോൺ, ഡീജെ സൗണ്ട് സിസ്റ്റം രൂപമാറ്റങ്ങൾ തുടങ്ങിയവയാണ് ടൂറിസ്റ്റ് ബസുകളുടെ നിയമ ലംഘനങ്ങൾ. ഭൂരിഭാഗം ബസുകളിലും ഘടിപ്പിച്ചിരിക്കുന്ന എയർഹോൺ ഉൾപ്പെടെയുള്ള അനധികൃത ഫിറ്റിംഗ്സുകൾ അഴിച്ചുമാറ്റിക്കുകയും ചെയ്തു.
പിടികൂടിയ ടൂറിസ്റ്റ് ബസുകളിൽ ഇതര സംസ്ഥാനങ്ങളിലെ വാഹനങ്ങളും ഉൾപ്പെടും. മറ്റുള്ള അപാകതകൾ പരിഹരിച്ച് വാഹനങ്ങൾ ആർടി ഓഫീസുകളിൽ ഹാജരാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. പരിശോധന തുടരുമെന്നും കെ.മനോജ് പറഞ്ഞു.