10 കെഎസ്ആർടിസി ബസുകൾക്ക് നഗരത്തിലേക്ക് പെർമിറ്റെന്ന് ഫ്രാഗ്
1513190
Wednesday, February 12, 2025 3:41 AM IST
വൈപ്പിന്‍ : ഗോശ്രീ ബസുകളുടെ നഗര പ്രവേശനത്തിന്റെ ഭാഗമായി 10 കെഎസ്ആർടിസി ബസുകൾക്ക് കൂടി പെർമിറ്റ് അനുവദിക്കുമെന്ന് ഗതാഗത മന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ ഉറപ്പു നൽകിയതായി ഫെഡറേഷൻ ഓഫ് റെസിഡന്റ്സ് അസോസിയേഷൻസ് അപക്സ് കൗൺസിൽ ഇൻ ഗോശ്രീ ഐലന്റ്സ്( ഫ്രാഗ്) ഭാരവാഹികൾ അറിയിച്ചു.
നിലവിൽ പെർമിറ്റ് അനുവദിച്ചിട്ടുള്ള സ്വകാര്യ ബസുകൾക്ക് പുറമെയാണിത്. പെർമിറ്റ് അനുവദിച്ചതിൽ എതാനും സ്വകാര്യ ബസുകൾ സർവീസ് ആരംഭിച്ചിട്ടുണ്ടെങ്കിലും ബാക്കിയുള്ളവയും ഉടൻ സർവീസ് തുടങ്ങും. നടപടിക്രമങ്ങൾ അന്തിമ ഘട്ടത്തിലാണെന്ന് ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചു.
അതേസമയം കുഴുപ്പിള്ളി, പള്ളിപ്പുറം പഞ്ചായത്തുകളിലെ ജനങ്ങള്‍ക്കുകൂടി നഗരപ്രവേശത്തിന്റെ പ്രയോജനം ലഭിക്കുന്ന തരത്തിൽ നിയമ ഭേദഗതി വരുത്തുന്നത് വരെ പ്രക്ഷോഭം തുടരാനാണ് ഫ്രാഗ് നിർവാഹക സമിതിയുടെ തീരുമാനം. പ്രസിഡന്റ് വി.പി. സാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി അനില്‍ പ്ലാവിയന്‍സ് പ്രസംഗിച്ചു.