ഞങ്ങളോട് ഈ ചതി വേണ്ടായിരുന്നു...! പാതിവില തട്ടിപ്പിൽ പണം നഷ്ടമായവരിലേറെയും സാധാരണക്കാരായ സ്ത്രീകൾ
1513170
Wednesday, February 12, 2025 3:19 AM IST
കൊച്ചി: പാതിവിലയിൽ സ്കൂട്ടർ, ലാപ്ടോപ്പ്, സ്മാർട്ട് ഫോൺ, ഗൃഹോപകരണങ്ങൾ.... ആകർഷകമായിരുന്നു വാഗ്ദാനങ്ങളെല്ലാം. ഈ വാഗ്ദാനങ്ങൾ നടത്തിയവരും അതിനായി പണം വാങ്ങിയവരും സമൂഹത്തിൽ വിശ്വസിക്കാവുന്നവർ..., ജനപ്രതിനിധികൾ ഉൾപ്പെടെ പ്രമുഖരുടെ സാന്നിധ്യത്തിൽ വിതരണ ചടങ്ങുകൾ... !
മുഴുവൻ തുകയ്ക്കു സ്കൂട്ടർ വാങ്ങാൻ കഴിയാത്തവരും, ഉള്ള തൊഴിലിനും വരുമാനത്തിനും ഒരു വണ്ടിയുണ്ടെങ്കിൽ കൂടുതൽ പ്രയോജനകരമാകുമെന്നും കരുതിയ സാധാരണക്കാരായ സ്ത്രീകളാണു പാതിവില തട്ടിപ്പിൽ ഇരകളായതിലേറെയും. പാതിവിലയിൽ സ്കൂട്ടറും മറ്റും കിട്ടുമെന്നറിഞ്ഞപ്പോൾ വായ്പ വാങ്ങിയും ആഭരണം പണയം വച്ചുമൊക്കെ തുക കണ്ടെത്തി കൊടുത്തു. പദ്ധതി തട്ടിപ്പാണെന്നു കരുതാൻ ഇവർക്കു യാതൊരു കാരണങ്ങളുമുണ്ടായിരുന്നില്ല; സംശയിക്കാനും...!
അനന്തു കൃഷ്ണനെന്ന സൂത്രശാലിയായ തട്ടിപ്പുകാരൻ പിടിയിലായപ്പോഴും, തങ്ങളുടെ പണം സുരക്ഷിതമാണെന്നും സ്കൂട്ടർ ഉടൻ കിട്ടുമെന്നും കരുതിയവർ... പ്രാദേശികമായി അറിയപ്പെടുന്ന പ്രമുഖർ നയിക്കുന്ന ട്രസ്റ്റിലേക്കാണു പണമടച്ചതെങ്കിലും അതെല്ലാം പോയത് അനന്തുവിന്റെ വലിയ പോക്കറ്റിലേക്കായിരുന്നുവെന്നു മനസിലാക്കിയപ്പോഴേക്കും സമയം ഏറെ വൈകിയിരുന്നു.
ഇന്ന്, പണം വാങ്ങിയ ട്രസ്റ്റിന്റെ ഭാരവാഹികൾ കൈമലർത്തുന്നു. പണം നഷ്ടമായവർ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു നിയമപോരാട്ടം ആരംഭിച്ചിട്ടുണ്ട്. അപ്പോഴും തങ്ങളുടെ പണം എന്നു തിരിച്ചുകിട്ടുമെന്ന് ഇവർക്കറിയില്ല.
ജില്ലയിൽ പാതിവില തട്ടിപ്പിന് ഇരകളായവർ ആയിരക്കണക്കിനാണ്. നൂറുകണക്കിനു പരാതികൾ വിവിധ സ്റ്റേഷനുകളിലുണ്ട്. ആക്ഷൻ കൗൺസിലുകളുടെ പരാതികൾ വേറെ.ഇടനിലക്കാരുടെ പേരിൽ വ്യാപക കേസുകൾ. പണം നഷ്ടമാകുമെന്നു ഭയന്നു പരാതി നൽകാൻ മടിച്ചിരിക്കുന്നവർ ഈ കണക്കുകൾക്കും മേലെയാണെന്നു പോലീസ് പറയുന്നു.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത ട്രസ്റ്റുകളും സൊസൈറ്റികളും വഴി പാതിവില സ്കൂട്ടറിനു പണം നൽകിയവർക്കു പറയാനുള്ളതും സങ്കടങ്ങളുടെ കഥകളാണ്. ആവലാതികൾക്കൊടുവിൽ തങ്ങളെ കബളിപ്പിച്ചവരോട് അവരിതുകൂടി പറയും; "ഞങ്ങളോട് ഈ ചതി വേണ്ടായിരുന്നു...!'
തട്ടിപ്പുകാർക്കെന്ത് തൊഴിലാളിക്കണ്ണീർ ?
വാഴക്കുളം: പാതിവില തട്ടിപ്പിൽ തട്ടിച്ചിതറിയത് അന്നന്നത്തെ അന്നത്തിനായി കൂലിപ്പണി ചെയ്യുന്നവരുടെ മോഹങ്ങളുമാണ്. പൈനാപ്പിൾ കൃഷിയിടത്തിലെ തൊഴിലാളിയായ മടക്കത്താനം പറമ്പുംകാലായിൽ ബിനിലിന്റെ കുടുംബത്തിനും നഷ്ടമായി 60000 രൂപ!
ഇരുചക്രവാഹനം എന്നത് സ്വപ്നം മാത്രമായി അവശേഷിക്കുമ്പോഴാണ് പാതിവിലയ്ക്ക് സ്കൂട്ടർ പദ്ധതി ബിനിൽ കേൾക്കുന്നത്. ഭാര്യയുടെ പേരിൽ പണമടച്ചു. വാഴക്കുളത്തെ ഒരു സഹകരണ ബാങ്കിൽ നിന്ന് തരപ്പെടുത്തിയ വായ്പത്തുകയാണ് സ്കൂട്ടറിന്റെ ഗുണഭോക്തൃവിഹിതമായി അടച്ചത്. അന്നു മുതൽ ബാങ്കിൽ പലിശ ബാധ്യതയുമായി.
സ്കൂൾ വിദ്യാർഥികളായ രണ്ടു മക്കളുമുൾപ്പെട്ട കുടുംബത്തിന്റെ ദൈനംദിനാവശ്യങ്ങൾക്കായി ബിനിലിന്റെ വരുമാനം മാത്രമായിരുന്നു ആശ്രയം. പദ്ധതിയുടെ ഭാവി അവതാളത്തിലായതോടെ വായ്പയെടുത്ത തുകയും പലിശയും അടച്ചു തീർക്കേണ്ട ബാധ്യതയിലാണു താനെന്നു ബിനിൽ പറഞ്ഞു.
അമ്മയുടെ വള പണയം വച്ചു കൊടുത്ത 60,000 !
കൊച്ചി: പറവൂർ നന്ത്യാട്ടുകുന്നം സ്വദേശിനി ധനലക്ഷ്മിക്ക് ഭർത്താവ് അരുണിന്റെ ചെറിയ ബിസിനസിൽ സഹായിയായി പോകാൻ ഒരു സ്കൂട്ടർ അത്യാവശ്യമായിരുന്നു. പാതിവിലയ്ക്കു സ്കൂട്ടർ കിട്ടുമെന്നറിഞ്ഞപ്പോൾ വാങ്ങാമെന്നു തീരുമാനിച്ചെങ്കിലും 60000 രൂപ കൊടുക്കാൻ ഉണ്ടായിരുന്നില്ല.
ഒടുവിലാണു തന്റെ സ്വർണവള പണയം വച്ചു സ്കൂട്ടറിനു പണം കൊടുക്കാൻ ധനലക്ഷ്മിയുടെ അമ്മ സമ്മതിച്ചത്. സൊസൈറ്റിയിൽ വള പണയം വച്ചു. 2000 രൂപ സർവീസ് ചാർജും ചേർത്ത് 62000 രൂപ പറവൂരിലെ ജെഎസ്എസ് ട്രസ്റ്റിന്റെ ചുമതലക്കാരിയായ സ്ത്രീയുടെ അക്കൗണ്ടിലേക്ക് നൽകി.
2024 ഏപ്രിലിലാണ് ധനലക്ഷ്മി പണം നൽകിയത്. നൂറു ദിവസത്തിനുള്ളിൽ വാഹനം കിട്ടുമെന്നായിരുന്നു അറിയിപ്പ്. പിന്നീട് പല തീയതികൾ ട്രസ്റ്റിൽ നിന്നു പറഞ്ഞെങ്കിലും അപ്പോഴൊന്നും വണ്ടി കിട്ടിയില്ല. അനന്തുവിന്റെ അറസ്റ്റ് വാർത്ത പുറത്തുവന്നയുടൻ ഞാനും സുഹൃത്തുക്കളും ചേർന്നു ട്രസ്റ്റിന്റെ ഓഫീസിലെത്തി.
അതുവരെ തങ്ങളോടു വലിയ സ്നേഹത്തോടും കരുതലോടും കൂടി ഇടപെട്ടിരുന്നവരുടെ തുടർന്നുള്ള പ്രതികരണം സങ്കടപ്പെടുത്തുന്നതായിരുന്നു. പോലീസിൽ പരാതി നൽകി നിയമനടപടികളിൽ പ്രതീക്ഷയർപ്പിച്ചു മുന്നോട്ടുപോവുകയാണ്. ധനലക്ഷ്മി പറഞ്ഞു.
മാഡത്തെ ഞങ്ങൾ വിശ്വസിച്ചു..!
ജെഎസ്എസ് ട്രസ്റ്റിലെ മേരി മാഡത്തെ വിശ്വസിച്ചാണു ഞാൻ പണം കൊടുത്തത്. പക്ഷേ ഇപ്പോൾ... !!സർവീസ് സഹകരണ ബാങ്കിൽ സ്ത്രീകൾക്കുള്ള ഗൃഹലക്ഷ്മി വായ്പാ പദ്ധതിയിൽ നിന്നു നിന്നു വായ്പയെടുത്തു സ്കൂട്ടറിനു പണം കൊടുത്തു വെട്ടിലായ പ്രീത മനോജിന്റെ ആവലാതിയാണിത്.
സൊസൈറ്റിയിൽ നിന്നു കടമെടുത്ത 50000 രൂപയും കൈയിലുണ്ടായിരുന്ന ബാക്കി തുകയും ചേർത്താണ് സ്കൂട്ടറിനായി പണമടച്ചത്. പിഎസ്സി പരിശീലനത്തിനു പോകുന്ന എനിക്ക് ഒരു വണ്ടി ആവശ്യമായിരുന്നു. മകനെ കലാ പരിശീലന കേന്ദ്രത്തിലെത്തിക്കാനും വണ്ടി വേണമായിരുന്നു.
ഒരു വർഷത്തോളമാകുന്നു വായ്പയെടുത്തിട്ട്. അതിലെ 26000 രൂപയോളം തിരിച്ചടച്ചു. ഇപ്പോഴും വണ്ടിയുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല. - പ്രീത പറയുന്നു. പാതിവിലയ്ക്കു സ്കൂട്ടർ നൽകുമെന്നു വാഗ്ദാനം ചെയ്തു പണം സമാഹരിച്ച പറവൂരിലെ ജെഎസ്എസ് ട്രസ്റ്റിന്റെ ഭാരവാഹികൾക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
സ്വപ്നം സഫലമാക്കാൻ കമ്മൽ വിറ്റ കനകം
വിധവയായ കനകം സ്വന്തം കമ്മൽ വിറ്റാണ് ഇരുചക്ര വാഹനം വാങ്ങാൻ 62000 രൂപ പറവൂരിലെ ജനസേവ സമിതി (ജെഎസ്എസ്) ഓഫീസിലടച്ചത്. തയ്യലിനൊപ്പം ചെറിയ രീതിയിൽ തുടങ്ങിയ തുണിക്കച്ചവടം മെച്ചപ്പെടുത്തുന്നതിന് കനകത്തിന് ഇരുചക്രവാഹനം ആവശ്യമായിരുന്നു.
മകന് ആറു വയസുള്ളപ്പോൾ ഭർത്താവ് മരിച്ചു. അന്നു മുതൽ സ്വന്തമായി തയ്ച്ച് കിട്ടുന്ന ചെറിയ തുക കൊണ്ടാണ് കുടുബം കഴിഞ്ഞിരുന്നത്. തയ്യൽ കൂടാതെ മൊത്ത കച്ചവട സ്ഥലത്തു നിന്നും എടുക്കുന്ന തുണിത്തരങ്ങൾ വീടുകളിലെത്തിച്ചു വില്പന നടത്തുന്നുണ്ടായിരുന്നു. ഇരുചക്രവാഹന ലൈസൻസുള്ള ഈ 61 കാരിക്ക് സ്വന്തമായി ഒരു വാഹനം കാലങ്ങളായുള്ള ആഗ്രഹമാണ്. വലിയ തുക ഒന്നിച്ചെടുക്കാൻ ഇല്ലാത്തതിനാൽ ആഗ്രഹം മനസിലൊളിപ്പിച്ചു.
പകുതിവിലയ്ക്ക് വാഹനമെന്ന വാഗ്ദാനം അറിഞ്ഞപ്പോൾ ഉണ്ടായിരുന്ന കമ്മൽ വിറ്റ് പണം നൽകി. കഴിഞ്ഞ ഓഗസ്റ്റ് മുതൽ കനകം കാത്തിരിക്കുന്നു; സ്കൂട്ടറിനായി!
സധൈര്യം പ്രമീള
മൂവാറ്റുപുഴ : ‘ആത്മഹത്യ ചെയ്യുമെന്ന് അനന്തു കൃഷ്ണന് ഭീഷണിപ്പെടുത്തിയെങ്കിലും നിര്‍ധന കുടുംബങ്ങളിലെ വീട്ടമ്മമാര്‍ ഇനിയും അയാളുടെ കെണിയില്പ്പെടുമെന്നു ഉറപ്പായതിനാലാണു പോലീസിനു പരാതി നല്‍കിയത്. പരാതിയില്‍ ഉറച്ചു നില്ക്കാന് തയാറായതിനാലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്'.
പാതിവില തട്ടിപ്പ് നേരത്തെ തിരിച്ചറിഞ്ഞ് മൂവാറ്റുപുഴ പോലീസില്‍ ആദ്യം പരാതി നല്കിയ പ്രമീള ഗിരീഷ് കുമാറിന്റെ വാക്കുകളാണിത്. മൂവാറ്റുപുഴ സീഡ് സൊസൈറ്റിയിലെ ട്രഷററും മുന്‍ നഗരസഭാംഗവുമായിരുന്ന പ്രമീളയാണ് അനന്തുവിന്റെ ആത്മഹത്യാ ഭീഷണിയെ ഭയക്കാതെ അയാളുടെ തട്ടിപ്പിനെതിരെ മൂവാറ്റുപുഴയില്‍ നിന്ന് പോരാട്ടം നയിച്ച സംഘത്തിലെ പ്രധാനി.
പണം നല്‍കിയവര്‍ക്കെല്ലാം വാഹനങ്ങള്‍ നല്കാന് കഴിയുമെന്നും എന്നാല്‍ പോലീസിനു പരാതി നല്കിയാല് ആത്മഹത്യ ചെയ്യേണ്ടി വരുമെന്നും അനന്തു കൃഷ്ണന് പ്രമീളയെ അറിയിച്ചിരുന്നു. കഴിഞ്ഞ ജനുവരി 16ന് രാത്രിയാണ് അനന്തുകൃഷ്ണന് പ്രമീളയ്ക്ക് ആത്മഹത്യാഭീഷണി മുഴക്കി ഫോണ്‍ സന്ദേശം അയച്ചത്. പരാതിയുമായി മുന്നോട്ടു പോയാല്‍ തൂങ്ങി മരിക്കും എന്നായിരുന്നു ഫോണ്‍ സന്ദേശം.
സ്ത്രീകള്‍ക്ക് ലാപ്ടോപ്പും ഇരുചക്രവാഹനങ്ങളും പകുതി വിലയ്ക്കു നല്‍കുമെന്ന് വിശ്വസിപ്പിച്ച് രണ്ട് വര്‍ഷം മുമ്പാണ് അനന്തു പ്രമീളയെ സമീപിച്ചത്. 2023 ജൂലൈ 19 ന് മൂവാറ്റുപുഴ കേന്ദ്രീകരിച്ച് രൂപീകരിച്ച സീഡ് സൊസൈറ്റിയുടെ ട്രഷററായി ചുമതലയേല്‍ക്കുകയായിരുന്നു.
ആദ്യമൊക്കെ നിശ്ചിത ഇടവേളകളില്‍ വാഹനം ലഭിച്ചെങ്കിലും പിന്നീട് കിട്ടാതായി.
പണം നല്കിയവരില് നിന്നു സമ്മര്‍ദം മുറുകിയതോടെ, വാഹനമില്ലെങ്കിൽ പണം തിരികെ നല്‍കണം എന്നാവശ്യപ്പെട്ട് പ്രമീള അനന്തുവിനെ സമീപിച്ചു. ഇത് അവഗണിച്ചതോടെയാണു പരാതി നല്കിയതും അനന്തുവിനെ അറസ്റ്റ് ചെയ്തതും.
കിട്ടാത്ത വണ്ടിക്ക് ഇൻഷ്വറൻസിനും പണം കൊടുത്തു!
ജെഎസ്എസ് ട്രസ്റ്റിനു ടൂവീലറിനു 62,000 രൂപ കൊടുത്തതിനു പുറമേ, ചിലർ വണ്ടി വരും മുന്‍പേ ഇൻഷ്വറൻസ് തുകയിനത്തിലും തുക നൽകി. കൊടുങ്ങല്ലൂർ മേഖലയിൽ നിന്നു പണമടച്ചവരാണ് വണ്ടി കിട്ടും മുന്‍പേ ഇൻഷ്വറൻസ് ഇനത്തിൽ 5000 രൂപ കൂടി നൽകിയത്.
പറവൂരിൽ 62000 രൂപ പോയതിന്റെ സങ്കടം പറഞ്ഞിരിക്കുന്നവർക്കിടയിലേക്കാണ് തങ്ങൾക്കു 67000 പോയതിന്റെ വിശേഷവുമായി ഇവരെത്തുന്നത്.
റിപ്പോർട്ടുകൾ: സിജോ പൈനാടത്ത്, രാജേഷ് രണ്ടാർ, ജോയൽ നെല്ലിക്കുന്നേൽ, വർഗീസ് മാണിയാറ