റബർ കർഷകരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു: മാർ ജോസഫ് പാംപ്ലാനി
1481810
Sunday, November 24, 2024 7:53 AM IST
കരുണാപുരം: റബർ കർഷകരുടെ ന്യായമായ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടുവെന്ന് തലശേരി അതിരൂപത ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി. റബർ കർഷകർക്കായി ദീപിക സംഘടിപ്പിച്ച സെമിനാർ കരുണാപുരം സെന്റ് ജൂഡ്സ് പാരിഷ് ഹാളിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ആർച്ച്ബിഷപ്.
ടയർ ലോബികളുമായി ഒത്തുകളിച്ച് റബർ കർഷകരെ ഈ ഗതികേടിൽ എത്തിച്ചത് ഭരണകൂട ശക്തികളാണ്. സാധാരണ കർഷകരുടെ റബർ ഏറ്റെടുത്ത് ലഭ്യത വർധിപ്പിക്കുന്നതിന് പകരം നഷ്ടം സഹിച്ചും റബർ ഇറക്കുമതി ചെയ്ത് കർഷകരുടെ സ്വപ്നങ്ങൾ തകർക്കുന്നത് സർക്കാരിന്റെ ഉന്നത തലത്തിലുള്ള ഉദ്യോഗസ്ഥരാണെന്ന് ആർച്ച്ബിഷപ് പറഞ്ഞു.
വൻകിട ലോബികളുടെ 14 ലക്ഷം കോടി എഴുതിത്തള്ളാൻ തയാറായ കേന്ദ്രസർക്കാർ റബർ കർഷകർക്ക് വേണ്ടി 2000 കോടി നീക്കിവച്ചാൽ തീരുന്നതേയുള്ളൂ റബർ കർഷകരുടെ പ്രശ്നങ്ങൾ. റബർ കർഷകരെ സഹായിക്കാൻ സർക്കാർ അടിയന്തരമായി ഇടപെട്ട് സബ്സിഡി തുക 300 രൂപയായി വർധിപ്പിക്കുകയും ടാപ്പിംഗ് ഉൾപ്പെടെയുള്ള റബറുമായി ബന്ധപ്പെട്ട ജോലികൾ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും റബർ കർഷകർക്ക് വേണ്ടി കേരളത്തിൽ തന്നെ കർഷകരെ ഉൾപ്പെടുത്തി ബോർഡുകൾ സ്ഥാപിക്കണമെന്നും ആർച്ച്ബിഷപ് ആവശ്യപ്പെട്ടു.
വായാട്ടുപറമ്പ്, ആലക്കോട്, മേരിഗിരി, ചെമ്പന്തൊട്ടി ഫൊറോനകളുടെയും കത്തോലിക്ക കോൺഗ്രസ്, ഇൻഫാം, ആർപിഎസ് തുടങ്ങിയ സംഘടനകളുടെയും സഹകരണത്തോടെ നടത്തിയ സെമിനാറിൽ നൂറുകണക്കിന് കർഷകർ പങ്കെടുത്തു. വായാട്ടുപറന്പ് ഫൊറോന വികാരി റവ. ഡോ. തോമസ് തെങ്ങുംപള്ളിൽ അധ്യക്ഷത വഹിച്ചു. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ റവ.ഡോ. ഫിലിപ്പ് കവിയിൽ മുഖ്യപ്രഭാഷണം നടത്തി. ദീപിക കണ്ണൂർ യൂണിറ്റ് റസിഡന്റ് മാനേജർ ഫാ. ജോബിൻ വലിയപറന്പിൽ ആമുഖപ്രസംഗം നടത്തി.
ഇൻഫാം ജില്ലാ പ്രസിഡന്റ് സ്കറിയ നെല്ലംകുഴി, എകെസിസി അതിരൂപത പ്രസിഡന്റ് ഫിലിപ്പ് വെളിയത്ത്, ജയ്സൺ അട്ടാറിമാക്കൽ, ഫാ. ജോയി മഠത്തിമ്യാലിൽ എന്നിവർ പങ്കെടുത്തു. സീറോ മലബാർ സഭ വക്താവും തിരുവന്പാടി അൽഫോൻസ കോളജ് പ്രിൻസിപ്പലുമായ ഡോ. ചാക്കോ കാളംപറന്പിൽ ക്ലാസ് നയിച്ചു.
തുടർന്നു നടന്ന റബർ കർഷക സംവാദത്തിൽ ദീപിക ചീഫ് ന്യൂസ് എഡിറ്റർ സി.കെ. കുര്യാച്ചൻ മോഡറേറ്ററായി. ചടങ്ങിൽ ജെ.ജെ. പവർ ടൂൾസ് മാനേജിംഗ് ഡയറക്ടർ ജിമ്മി ജോസിനെ ആദരിച്ചു.
സംഘാടക സമിതി ചെയർമാൻ ഫാ. ജോസഫ് ഒറ്റപ്ലാക്കൽ സ്വാഗതവും ദീപിക കണ്ണൂർ യൂണിറ്റ് സീനിയർ സർക്കുലേഷൻ മാനേജർ ജോർജ് തയ്യിൽ നന്ദിയും പറഞ്ഞു.
സണ്ണി പുല്ലുവേലിൽ, ആന്റോ കാരിമറ്റം, സാബു കൊച്ചുകുന്നേൽ, വക്കച്ചൻ കുഴിമറ്റം, ജോജി പുളിച്ചമാക്കൽ, ഷിജു തേമാൻകുഴി, അരുൺ ചിറ്റിലപ്പള്ളി, ജേക്കബ് വളയത്ത്, ജോഷി പൂങ്കുടി, ജോസ് തെക്കുംപറന്പിൽ, ജോസ് തോണിക്കൽ, ദീപിക ഏരിയ മാനേജർമാരായ ബിനോയ് മഞ്ഞളാങ്കൽ, സുനിൽ കെ. പീറ്റർ, സെബാസ്റ്റ്യൻ തോമസ്, മനു ഫ്രാൻസിസ് എന്നിവർ നേതൃത്വം നൽകി.
റബർ ബോർഡിന്റേത് കർഷകരെ സഹായിക്കുന്ന നിലപാടല്ല: ഡോ. ചാക്കോ കാളംപറമ്പിൽ
തളിപ്പറമ്പ്: റബർ കർഷകരെ സഹായിക്കുന്നതിന് പകരം റബറിന്റെ ലഭ്യത ഉറപ്പുവരുത്താൻ വേണ്ടി കൂടുതൽ റബർ ഏറ്റവും കുറഞ്ഞ വിലയ്ക്ക് മാർക്കറ്റിൽ ലഭ്യമാക്കുന്ന സ്ഥാപനമായി റബർ ബോർഡ് മാറിയെന്ന് സീറോ മലബാർ സഭ വക്താവും തിരുവമ്പാടി അൽഫോൻസാ കോളജ് പ്രിൻസിപ്പലുമായ ഡോ. ചാക്കോ കാളംപറമ്പിൽ. റബർ കർഷകർക്കായി ദീപിക സംഘടിപ്പിച്ച സെമിനാറിൽ ക്ലാസ് നയിക്കുകയായിരുന്നു അദ്ദേഹം.
വൻകിട ടയർ ലോബികൾക്ക് വേണ്ടിയാണ് റബർ ബോർഡ് നിലകൊള്ളുന്നത്. ആസിയാൻ കരാർ മൂലം മറ്റു രാജ്യങ്ങളിൽ നിന്ന് റബർ ഇറക്കുമതി ചെയ്തതാണ് റബർമേഖലയ്ക്ക് കടുത്ത പ്രതിസന്ധി സൃഷ്ടിച്ചത്. കർഷകരെ സംരക്ഷിക്കാൻ കർഷകർ തന്നെയുള്ളൂ എന്ന സത്യം കർഷകർ തിരിച്ചറിയണമെന്നും വോട്ട് ബാങ്ക് രാഷ്ട്രീയം കർഷകർ ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.