സർവേയ്ക്കിടെ സംഘർഷം: കൗൺസിലർ ഉൾപ്പെടെ മൂന്നു പേർക്കു പരിക്ക്
1481415
Saturday, November 23, 2024 6:53 AM IST
കണ്ണൂർ: തോട് നികത്തി സ്ഥലം കൈയേറിയെന്ന പരാതിയെത്തുടർന്ന് നടത്തിയ സർവേയിൽ കോർപറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഉൾപ്പടെ പരിക്ക്. സംഘർഷത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. കോർപറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. രാഗേഷ്, ലീഗ് നേതാക്കളായ ടി.പി. വാസിൽ, കെ.വി. ശിഹാബ് എന്നിവർക്കാണ് പരിക്കേറ്റത്.
പടന്നത്തോട് മാത്താണ്ടിക്കാവിന് സമീപം തോട് നികത്തി സ്ഥലം കൈയേറിയെന്ന പി.കെ. രാഗേഷിന്റെ പരാതിയെത്തുടര്‍ന്നാണ് സര്‍വേ നടത്തിയത്. ഇതിനിടയിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. രാഗേഷിന്റെ അനുഭാവികളും ലീഗ് പ്രവർത്തകരും ചേരിതിരിഞ്ഞ് സംഘര്‍ഷമുണ്ടാകുകയായിരുന്നു. പി.കെ. രാഗേഷിന്റെ തലയ്ക്കാണ് പരിക്കേറ്റത്. തഹസില്‍ദാറുടെ നേതൃത്വത്തില്‍ ഇന്നലെ രാവിലെയാണ് സ്ഥലത്ത് സർവേക്കായി ഉദ്യോഗസ്ഥർ എത്തിയത്. ഇതിനിടെയാണ് ലീഗ് പ്രവര്‍ത്തകരും പി.കെ. രാഗേഷ് അനുകൂലികളും തമ്മില്‍ സംഘര്‍ഷമുണ്ടായത്.
ഇവിടെ തോടില്ലെന്നും സ്വകാര്യ വ്യക്തി റോഡ് നിര്‍മാണത്തിനായി വിട്ടുനല്‍കിയ സ്ഥലമാണെന്നും ഇവിടെ റോഡാണ് നിര്‍മിക്കേണ്ടതെന്നും കെ.പി. റാഷിദിന്റെ നേതൃത്വത്തില്‍ ലീഗ് പ്രവര്‍ത്തകരും ഇവിടെ തോടാണുള്ളതെന്നും അത് കൈയേറിയിരിക്കുകയാണെന്നും പി.കെ. രാഗേഷും ചൂണ്ടിക്കാണിച്ചതോടെയാണ് ഇരുവിഭാഗങ്ങളും തമ്മില്‍ സംഘര്‍ഷമുണ്ടായത്.
കല്ലുകൊണ്ട് തലയ്ക്ക് അടിയേറ്റ പി.കെ. രാഗേഷ് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. കെ.പി. റാഷിദിന്റെ നേതൃത്വത്തില്‍ മർദിച്ചുവെന്നാണ് രാഗേഷിന്റെ പരാതി. എന്നാല്‍, പി.കെ. രാഗേഷ് കല്ലുകൊണ്ട് ആക്രമിച്ചുവെന്ന് ആരോപിച്ച് ടി.പി. വാസിലും കെ.വി. ശിഹാബും പരാതി നല്കി.
കണ്ണൂര്‍ ടൗണ്‍ പോലിസ് രണ്ടു പരാതികളിലും കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സ്ഥലത്തെ സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. പടന്നത്തോട് മാത്താണ്ടിക്കാവിന് തോട് കൈയേറ്റമുണ്ടെന്ന് നേരത്തെ പി.കെ. രാഗേഷ് പരാതി നല്‍കിയിരുന്നു. ഡപ്യൂട്ടി മേയര്‍ പി. ഇന്ദിരയടക്കം കോര്പറേഷന് അധികൃതരും സ്ഥലത്തെത്തിയിരുന്നു.